ഇലോൺ മസ്ക്, 'സിറ്റിസൺ വിജിലാന്റെ' പോസ്റ്റർ 
MOVIES

കുടിയേറ്റ വിരുദ്ധ സിനിമയ്ക്ക് പ്രദർശനാനുമതി നൽകാതെ ജർമനി; എക്സിൽ സൗജന്യമായി പങ്കുവച്ച് ഇലോൺ മസ്ക്

കുടിയേറ്റ വിരുദ്ധത ചൂണ്ടിക്കാട്ടി ജർമനി പ്രദർശനാനുമതി നിഷേധിച്ചതോടെയാണ് ചിത്രം ആഗോളതലത്തിൽ ചർച്ചാവിഷയമായത്

Author : ന്യൂസ് ഡെസ്ക്

ജർമൻ സംവിധായകൻ ഉവേ ബോൾ തിരക്കഥയെഴുതി സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം 'സിറ്റിസൺ വിജിലാന്റെ' വിവാദങ്ങളുടെ കേന്ദ്രമാകുകയാണ്. കുടിയേറ്റക്കാർക്കെതിരെയുള്ള അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ജർമനി പ്രദർശനാനുമതി നിഷേധിച്ചതോടെയാണ് ചിത്രം ആഗോളതലത്തിൽ ചർച്ചാവിഷയമായത്. ഇത് കെട്ടടങ്ങും മുൻപ്, തന്റെ എക്സ് അക്കൗണ്ടിലൂടെ ഈ സിനിമ ശതകോടീശ്വരൻ ഇലോൺ മസ്ക് സൗജന്യമായി പങ്കുവച്ചതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. മസ്കിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകളുടെ തുടർച്ചയായാണ് വിമർശകർ ഇതിനെ കാണുന്നത്.

എന്താണ് 'സിറ്റിസൺ വിജിലാന്റെ'?

ഹാംബർഗിൽ നടന്ന കുപ്രസിദ്ധമായ ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ഉവേ ബോൾ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 2014ൽ ഹാംബർഗിൽ വച്ച് ഒരു കൂട്ടം കൗമാരക്കാർ 14 വയസുള്ള ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തതും മരണാസന്നയായ അവളെ ഉപേക്ഷിച്ചു കടന്നുകളഞ്ഞതും ലോക മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. എന്നാൽ, ഈ ക്രൂരകൃത്യം ചെയ്ത പ്രതികളെ കോടതി വെറുതെ വിടുകയാണ് ഉണ്ടായത്. സിനിമയിൽ പ്രതിപാദിക്കുന്ന വിഷയങ്ങളിൽ ഇത് മാത്രമാണ് വസ്തുതയുമായി ചേർന്നുനിൽക്കുന്ന ഏക കാര്യമെന്നും മറ്റുള്ളവ തീവ്ര വലതുപക്ഷ ചിന്താഗതിയാണെന്നുമാണ് പ്രധാന വിമർശനം.

അതിക്രമങ്ങൾ കാട്ടുന്ന കുറ്റവാളികളെ ലക്ഷ്യമിട്ട് യൂറോപ്പിലുടനീളം നിയമം കൈയിലെടുക്കുന്ന ഒരു വിജിലാന്റെയിലൂടെയാണ് ചിത്രം കഥ പറയുന്നത്. എന്നാൽ, നായകന്റെ 'നീതി നിർവഹണ'ത്തിൽ ശിക്ഷിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും കുടിയേറ്റക്കാരും അഭയാർഥികളുമാണ്. ഇതാണ്, കുടിയേറ്റ വിരുദ്ധരുടെ പ്രൊപ്പഗാണ്ടയായി വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

'സോഷ്യൽ നെറ്റ്‌വർക്ക്', 'കോൾ മി ബൈ യുവർ നെയിം' എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച ആർമി ഹാമ്മർ ആണ് വിജിലാന്റെയായി എത്തുന്നത്. 2021ൽ ലൈംഗികാരോപണങ്ങളെ തുടർന്ന് കരിയർ തകർന്ന ആർമി തന്റെ ശക്തമായ തിരിച്ചുവരവായിട്ടാണ് ഈ ചിത്രത്തെ കണ്ടിരുന്നത്. എന്നാൽ, അമിതമായ അക്രമരംഗങ്ങളും കുടിയേറ്റ വിരുദ്ധ സന്ദേശങ്ങളും കാരണം ജർമൻ സെൻസർ ബോർഡ് ഈ ചിത്രത്തിന് റേറ്റിങ് നൽകാൻ വിസമ്മതിക്കുകയും രാജ്യത്ത് നിരോധിക്കുകയും ചെയ്തത് സിനിമയുടെ യൂറോപ്യൻ റിലീസിനെ പ്രതിസന്ധിയിലാക്കി. ഇവിടെയാണ് ഇലോൺ മസ്കിന്റെ ഇടപെടൽ സിനിമയ്ക്ക് രക്ഷയായത്.

മസ്കിന്റെ പോസ്റ്റിൽ ഹിറ്റ് ചാർട്ടിൽ കയറിയ വിജിലാന്റെ

ജൂൺ 19നാണ് 'സിറ്റിസൺ വിജലാന്റെ' അമേരിക്കയിലും കാനഡയിലും റിലീസ് ചെയ്തത്. ആപ്പിൾ ടിവി, ആമസോൺ പ്രൈം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ റെന്റ് ഓപ്ഷനിലും ചിത്രം ലഭ്യമാക്കിയിരുന്നു. ഇതുകൂടാതെ, സംവിധായകൻ ഉവേ ബോൾ തന്റെ എക്സ് അക്കൗണ്ടിലൂടെ ചിത്രം 48 മണിക്കൂർ നേരത്തേക്ക് സൗജന്യമായി കാണാനും അവസരം ഒരുക്കി. സെൻസർഷിപ്പിനെ മറികടക്കുകയും ആഗോളതലത്തിൽ സിനിമ എത്തിക്കുകയുമായിരുന്നു ലക്ഷ്യം. ഈ മാർക്കറ്റിങ് തന്ത്രം ഫലിച്ചു.

240 മില്യൺ ഫോളോവേഴ്സ് ഉള്ള തന്റെ അക്കൗണ്ടിലൂടെ എക്സ് ഉടമ ഇലോൺ മസ്ക് ചിത്രം ഷെയർ ചെയ്തതോടെ 'സിറ്റിസൺ വിജിലാന്റെ' ഗ്ലോബൽ സെൻസേഷനായി. 'മസ്ക് ഷെയർ ചെയ്ത ചിത്രം' എന്ന ടാഗ്‌ലൈനും കുടിയേറ്റ വിരുദ്ധരുടെ പരോക്ഷ ആശിർവാദവും വിവാദങ്ങളും കൂടിയായപ്പോൾ ചിത്രത്തിന് കാണികൾ കൂടി. ആപ്പിൾ ടിവി, ആമസോൺ പ്രൈം എന്നിവയുടെ ട്രെൻഡിങ് ലിസ്റ്റിൽ അതിവേഗമാണ് സിനിമ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നത്.

സിനിമ പങ്കുവച്ചതിന് പുറമേ, നിരവധി അഭിനന്ദന പോസ്റ്റുകളും മസ്ക് എക്സിൽ പങ്കുവച്ചിട്ടുണ്ട്. 'ചിത്രത്തിന്റെ രണ്ടാം ഭാഗം ഇതിലും മികച്ചതായിരിക്കും', 'ഇതാണ് ജനങ്ങൾ കാണേണ്ടത്' എന്നിങ്ങനെപോകുന്നു എക്സ് ഉടമയുടെ പോസ്റ്റുകൾ. ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വർഷം പുറത്തിറക്കുമെന്നാണ് സംവിധായകൻ വ്യക്തമാക്കിയിരിക്കുന്നത്.

SCROLL FOR NEXT