ബോക്സ് ഓഫീസിൽ ഗംഭീര കളക്ഷൻ സ്വന്തമാക്കി ഇമ്രാൻ ഹാഷ്മി ചിത്രം 'ആവാരാപൻ 2'. നിതിൻ കാക്കർ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് അഞ്ചാം ദിനം 100 കോടി നെറ്റ് കളക്ഷനാണ് ഇന്ത്യയിൽ നിന്ന് സ്വന്തമാക്കിയത്. ഇമ്രാൻ ഹാഷ്മിയുടെ ആദ്യ സോളോ 100 കോടി ചിത്രമാണിത്.
ബോക്സ് ഓഫീസ് കളക്ഷൻ ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, അഞ്ചാം ദിനം 11,060 ഷോകളിൽ നിന്ന് 9.75 കോടി രൂപ നെറ്റ് കളക്ഷനാണ് 'ആവാരാപൻ 2' നേടിയത്. ഇതോടെ സിനിമയുടെ ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ 120.33 കോടി രൂപയും നെറ്റ് കളക്ഷൻ 100.75 കോടിയുമായി. 23.80 കോടി രൂപയാണ് സിനിമയുടെ ഇതുവരെയുള്ള ഓവർസീസ് ഗ്രോസ്. ആകെ ആഗോള ഗ്രോസ് കളക്ഷൻ 144.13 കോടി രൂപയാണ്.
2007ൽ റിലീസ് ചെയ്ത മോഹിത് സൂരി ചിത്രം 'ആവാരാപന്റെ' തുടർച്ചയാണ് ഈ ചിത്രം. റിലീസ് ദിനത്തിൽ തന്നെ 'ആവാരാപ'ന്റെ ലൈഫ് ടൈം കളക്ഷൻ സീക്വൽ മറികടന്നിരുന്നു. കൂടാതെ, ഇമ്രാൻ ഹാഷ്മിയുടെ സോളോ ഹിറ്റുകളായ ഹഖ് (20 കോടി), റാസ് 2 (25.50 കോടി), എക് തി ദായൻ (26 കോടി), ജന്നത് (30) എന്നീ സിനിമകളുടെ കളക്ഷനും 'ആവാരാപൻ 2' മറികടന്നു കഴിഞ്ഞു.
ഇമ്രാൻ ഹാഷ്മി ശിവം പണ്ഡിറ്റ് എന്ന കഥാപാത്രമായി തിരിച്ചെത്തുന്ന ചിത്രത്തിൽ ദിഷ പഠാണി, ഷബാന ആസ്മി, സുവിന്ദർ വിക്കി, വിജയന്ത് കോഹ്ലി, അനിരുദ്ധ് റാവൽ, അതുൽ കുമാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിശേഷ് ഫിലിംസിന്റെ ബാനറിൽ വിശേഷ് ഭട്ടാണ് സിനിമയുടെ നിർമാണം.
സണ്ണി ഡിയോൾ- രാജ്കുമാർ സന്തോഷി ചിത്രം 'ബട്‌വാര 1947'നുമായി ക്ലാഷ് റിലീസായി ഓഗസ്റ്റ് 14നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. 43.29 കോടി രൂപയാണ് സണ്ണി ഡിയോൾ ചിത്രത്തിന്റെ ഇതുവരെയുള്ള വേൾഡ് വൈഡ് ഗ്രോസ്. നെറ്റ് കളക്ഷൻ - 30.75 കോടി രൂപ.