

സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് ചീഫ് എക്സിക്യൂട്ടീവ് കാവ്യാ മാരനും വിവാഹിതരാകുന്നതായി റിപ്പോർട്ട്. നവംബർ 10ന് ഗ്രീസിൽ വച്ച് ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, അനിരുദ്ധോ കാവ്യാ മാരനോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കാവ്യയും അനിരുദ്ധും പ്രണയത്തിലാണെന്ന തരത്തിൽ നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അനിരുദ്ധിന്റെ അമ്മാവനും മുതിർന്ന നടനുമായ വൈ.ജി. മഹേന്ദ്രൻ ഒരു അഭിമുഖത്തിനിടെ നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ ഈ അഭ്യൂഹങ്ങൾ ബലപ്പെടാൻ ഇടയാക്കിയത്. അനിരുദ്ധ് വിവാഹിതനാകാൻ പോകുകയാണെന്ന് പറഞ്ഞ മഹേന്ദ്രൻ എന്നാൽ വധു കാവ്യയാണെന്ന് പറഞ്ഞിരുന്നില്ല.
ഇതാദ്യമായല്ല അനിരുദ്ധും കാവ്യയും വിവാഹിതരാകുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ വരുന്നത്. 2025ലും സമാനമായ രീതിയിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇരുവരും ഒരു വർഷത്തിൽ ഏറെയായി ഡേറ്റിങ്ങിലാണെന്നും ഉടൻ കല്യാണമുണ്ടാകുമെന്നുമാണ് റെഡ്ഡിറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചത്. എന്നാൽ, വിവാഹ അഭ്യൂഹങ്ങളെ അനിരുദ്ധ് ഒറ്റ എക്സ് പോസ്റ്റിലൂടെ തള്ളക്കളഞ്ഞു. 'ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം' എന്നാണ് സംഗീത സംവിധായകൻ എക്സിൽ കുറിച്ചത്.
ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തിൽ 2012ൽ റിലീസായ 'ത്രീ' എന്ന ചിത്രത്തിലൂടെയാണ് അനിരുദ്ധ് രവിചന്ദർ എന്ന സംഗീത സംവിധായകന്റെ അരങ്ങേറ്റം. ഈ സിനിമയിലെ എല്ലാ ഗാനങ്ങളും ചാർട്ട്ബസ്റ്ററുകളായിരുന്നു. അതിൽ തന്നെ 'കോലാവരി' എന്ന ഗാനം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് അനിരുദ്ധിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അരുൺ മാതേശ്വരൻ ഒരുക്കിയ 'ഡിസി' ആണ് അനിരുദ്ധിന്റെ സംഗീതത്തിൽ ഇറങ്ങിയ ഏറ്റവും പുതിയ ചിത്രം.
സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെ മകളാണ് കാവ്യാ മാരൻ. സൺ ടിവി നെറ്റ്‌വർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഉടമയുമാണ്.