ഫഹദ് ഫാസിൽ - പ്രേം കുമാർ ചിത്രം  
MOVIES

ആക്ഷൻ ത്രില്ലറുമായി 'മെയ്യഴഗൻ' സംവിധായകൻ; ഫഹദ് ഫാസിൽ - പ്രേം കുമാർ ചിത്രം പ്രഖ്യാപിച്ചു

ഗോവിന്ദ് വസന്ത ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: ‘96’, ‘മെയ്യഴഗൻ’ എന്നീ ഹൃദയസ്പർശിയായ ചിത്രങ്ങൾക്കു ശേഷം സംവിധായകൻ സി. പ്രേം കുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൽ ഫഹദ് ഫാസിലും ശിവദയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. താൽക്കാലികമായി ‘പ്രൊഡക്ഷൻ നമ്പർ 32’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നു. ചിത്രം ത്രില്ലർ ഴോണറിലാണ് ഒരുങ്ങുന്നത് എന്ന് സംവിധായകൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

സി. പ്രേം കുമാറിന്റെ സ്ഥിരം സഹപ്രവർത്തകനായ ഹിറ്റ് മേക്കർ ഗോവിന്ദ് വസന്ത വീണ്ടും സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ഇഷാരി കെ. ഗണേഷ് അവതരിപ്പിക്കുന്നു. വേൽസ് ഫിലിം ഇന്റർനാഷണലും മൺസൂൺ മൂവീസും ചേർന്നാണ് ചിത്രത്തിന്റ നിർമാണം നിർവഹിക്കുന്നത്.

വടിവേലുവിനൊപ്പം ‘മാരീസൻ’ എന്ന ചിത്രത്തിൽ അവസാനമായി അഭിനയിച്ച ഫഹദ് ഫാസിലിന്റെ ആദ്യത്തെ തമിഴ് സോളോ ലീഡ് ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രത്തെ കുറിച്ച് മുൻപ് സംസാരിക്കുമ്പോൾ സംവിധായകൻ സി. പ്രേം കുമാർ പറഞ്ഞത് ഇങ്ങനെ: “ഫഹദ് ഫാസിലിനൊപ്പമുള്ള എന്റെ പുതിയ ചിത്രം ഞാൻ ഇതുവരെ ചെയ്ത സിനിമകളിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കും. എന്നാൽ ‘96’ നും ‘മെയ്യഴഗ’നും പ്രേക്ഷകർക്ക് നൽകിയ വികാരാത്മകമായ അനുഭവം ഈ ചിത്രത്തിലും ഉണ്ടാകും. കഴിഞ്ഞ നാല് വർഷമായി മനസിൽ കൊണ്ടുനടക്കുന്ന ഒരു ആക്ഷൻ ത്രില്ലർ കഥയാണ് ഇത്. പലരും ഇത്തരമൊരു ഴോണറിലേക്ക് പോകരുതെന്ന് ഉപദേശിച്ചെങ്കിലും അതാണ് എന്നെ കൂടുതൽ ആവേശത്തിലാക്കിയത്. കഥയുടെ ആദ്യ 45 മിനിറ്റ് മാത്രം ഫഹദ് സാറിനോട് പറഞ്ഞപ്പോൾ തന്നെ അദ്ദേഹം അതിയായ ആവേശം പ്രകടിപ്പിച്ചു. അതാണ് ഈ ചിത്രം മുന്നോട്ട് കൊണ്ടുപോകാൻ എനിക്ക് ആത്മവിശ്വാസം നൽകിയത്. ഇത് ഒരു ഡയറക്ട് തമിഴ് സിനിമയായിരിക്കും.”

ഫഹദ് ഫാസിൽ - പ്രേം കുമാർ ചിത്രം

ചിത്രത്തിൽ ചേതൻ, ഹരീഷ് ഉത്തമൻ, കരുണാകരൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.'മെയ്യഴഗൻ’ സിനിമയുടെ ഛായാഗ്രാഹകനായ മഹേന്ദ്രൻ ജയരാജു ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് ആർ. ഗോവിന്ദരാജാണ് നിർവഹിക്കുന്നത്. മഹേഷ് നാരായണന്റെ 'പേട്രിയറ്റ്' എന്ന ചിത്രത്തിൽ നേരത്തെ ഒരുമിച്ച് അഭിനയിച്ചിരുന്നെങ്കിലും, ഫഹദ് ഫാസിലും ശിവദയും ആദ്യമായി ഒരു സിനിമയിൽ നായകനും നായികയും ആയി ഒന്നിക്കുന്ന ചിത്രമാണിത്. പിആർഒ: പ്രതീഷ് ശേഖർ.

SCROLL FOR NEXT