ഇതാണ് സിങ്കം കംബാക്ക്! മൂന്ന് ദിവസം കൊണ്ട് കളക്ഷനിൽ 'കറുപ്പി'ന് പിന്നിലായി കങ്കുവയും റെട്രോയും

സൂര്യ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് 'കറുപ്പ്'
'കറുപ്പ്' സിനിമ
'കറുപ്പ്' VS 'റെട്രോ' ഗ്രോസ് കളക്ഷൻ
Published on
Updated on

കങ്കുവയുടേയും റെട്രോയുടേയും വൻ പരാജയങ്ങൾക്ക് ശേഷം ബോക്സോഫീസിൽ സിങ്കം സ്റ്റൈലിൽ തിരിച്ചുവരവ് നടത്തി സൂര്യയുടെ കറുപ്പ്. ആർ.ജെ. ബാലാജി സൂര്യ ഫാൻസിന് വേണ്ടി ഒരുക്കിയ ഈ ആക്ഷൻ എൻ്റർ ടെയ്നർ തമിഴ് സിനിമയിൽ കറുപ്പ് സാമി എന്ന ദൈവമായാണ് നടിപ്പിൻ നായകൻ അവതരിച്ചിരിക്കുന്നത്. ആദ്യ മൂന്ന് ദിവസം കൊണ്ട് ചിത്രം 81.65 കോടി രൂപ ഗ്രോസ് കളക്ഷൻ നേടിക്കഴിഞ്ഞു. ഇതിൽ 50.60 കോടി രൂപയും തമിഴ്നാട്ടിൽ നിന്നാണ് സിനിമ തൂക്കിയത്.

വെള്ളിയാഴ്ച തീയേറ്ററിലെത്തിയ സിനിമ ആദ്യ ദിനം ഗ്ലോബൽ ബോക്സ് ഓഫീസിൽ നിന്ന് 24.15 കോടി രൂപ നേടിയപ്പോൾ, കറുപ്പിന് രണ്ടാം ദിനം കളക്ഷനിൽ 58 ശതമാനത്തിൻ്റെ വർധനയുണ്ടായി. 2026ൽ തമിഴിൽ ഉയർന്ന കളക്ഷൻ വാരിയ ചിത്രങ്ങളിൽ അഞ്ചാമതാണ് കറുപ്പ് ഇപ്പോഴുള്ളത്. ശനിയാഴ്ച ഇന്ത്യൻ ബോക്സോഫീസിൽ നിന്ന് മാത്രം 39.65 കോടിയാണ് ചിത്രം തൂക്കിയത്.

'കറുപ്പ്' സിനിമ
"28 വർഷമായി എന്നെ ഹീറോയാക്കി നിലനിർത്തുന്നത് ഈ സ്നേഹമാണ്"; 'കറുപ്പ്' ഓഡിയോ ലോഞ്ചിൽ സൂര്യ

ഞായറാഴ്ചത്തെ കൂടി കളക്ഷൻ റിപ്പോർട്ടുകൾ വരാനിരിക്കെ ആദ്യ രണ്ട് ദിവസത്തെ സൂര്യ സിനിമയുടെ ആഗോള കളക്ഷൻ 78 കോടി രൂപയാണെന്ന് ട്രേഡ് ട്രാക്കർ ജെറിൻ ജോർജ് കുട്ടി എക്സിൽ കുറിച്ചു. ശനി, ഞായർ ദിവസങ്ങളിൽ ഇന്ത്യൻ ബോക്സോഫീസിൽ കറുപ്പ് സാമിയുടെ വിളയാട്ടം തുടരുകയാണെന്നാണ് റിപ്പോർട്ട്.

സൂര്യ ചിത്രം കങ്കുവയുടെ ആകെ കളക്ഷനായ 36.80 കോടി രൂപയുടെ ലൈഫ് ടൈം ആഗോള കളക്ഷൻ കറുപ്പ് വെറും രണ്ട് ദിവസം മറികടന്നുവെന്നും ജെറിൻ ജോർജ് കുട്ടി ചൂണ്ടിക്കാട്ടുന്നു. 'റെട്രോ' എന്ന മുൻ സൂര്യ ചിത്രത്തിൻ്റെ 73.76 കോടിയുടെ ഫൈനൽ കളക്ഷൻ, 'കറുപ്പ്' മറികടന്നത് വെറും മൂന്ന് ദിവസം കൊണ്ടാണ്. നാലാം ദിവസമായ തിങ്കളാഴ്ചത്തേക്ക് 5.85 കോടി രൂപയുടെ അഡ്വാൻസ് ബുക്കിങ്ങും ഇതിനോടകം നടന്നിട്ടുണ്ട്. വീക്കെൻഡിന് ശേഷമുള്ള പ്രവൃത്തി ദിനത്തിന് പോലും സൂര്യയുടെ കംബാക്ക് സിനിമയുടെ ആവേശം കെടുത്താനായിട്ടില്ല.

'കറുപ്പ്' സിനിമ
'കറുപ്പ്' ഉത്തരേന്ത്യയിൽ അനധികൃതമായി പ്രദർശിപ്പിച്ചു; നോട്ടീസ് അയച്ച് നിർമാതാക്കൾ

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് 'കറുപ്പ്'. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലാണ് 'കറുപ്പി'ൽ എത്തിയത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭയങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സൂര്യ–തൃഷ കൂട്ടുകെട്ടിന്റെ മാജിക് വീണ്ടും വലിയ സ്ക്രീനിൽ കാണാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ എസ്.ആർ. പ്രകാശ് ബാബുവും എസ്.ആർ. പ്രഭുവും ചേർന്നാണ് 'കറുപ്പ്' നിർമിച്ചിരിക്കുന്നത്. ഐഎംപി ഫിലിംസാണ് 'കറുപ്പ്' കേരളത്തിലെ തിയേറ്ററുകളിൽ എത്തിച്ചത്.

News Malayalam 24x7
newsmalayalam.com