ഫിലിം ചേംബർ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിച്ച് നിർമാതാവ് സജി നന്ത്യാട്ട്. ഫിലിം ചേംബർ പ്രസിഡന്റ്, എക്സിക്യൂട്ടിവ് സ്ഥാനങ്ങളിലേക്കുള്ള പത്രികയാണ് സജി നന്ത്യാട്ട് പിൻവലിച്ചത്. അനിൽ തോമസ്, ശശി അയ്യഞ്ചിറ എന്നിവർക്ക് എതിരെ ആയിരുന്നു സജി നന്ത്യാട്ടിന്റെ മത്സരം.
നേരത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സജി നന്ത്യാട്ട് അയോഗ്യനാണെന്ന് കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ആണ് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനം സജി നന്ത്യാട്ട് രാജിവെച്ചത്. എന്നാൽ വോട്ടർപട്ടികയിൽ പേരുള്ളതിനാൽ മത്സരരംഗത്ത് നിലയുറപ്പിക്കുകയായിരുന്നു. ഫിലിം ചേംബര്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് രാജി വെച്ചതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട് സജി നന്ത്യാട്ട്, സംഘടനയില്‍ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇത് താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാതിരിക്കാനാണെന്നും പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ഫിലിം ചേംബര്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നിര്‍മാതാവ് സാന്ദ്ര തോമസ് സമര്‍പ്പിച്ച പത്രിക സ്വീകരിച്ചിരുന്നു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും സാന്ദ്ര പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അത് പിന്‍വലിക്കുകയായിരുന്നു. പത്രിക സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞു.