ഫിലിം കോൺക്ലേവിന് ഇന്ന് തുടക്കം Source: News Malayalam 24x7
MOVIES

സിനിമാ നയരൂപീകരണത്തിനായുള്ള ഫിലിം കോൺക്ലേവിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സിനിമ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായുള്ള ഫിലിം കോൺക്ലേവ്‌ ഇന്നും നാളെയുമായി തിരുവനന്തപുരത്ത് നടക്കും.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സിനിമ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായുള്ള ഫിലിം കോൺക്ലേവ്‌ ഇന്നും നാളെയുമായി തിരുവനന്തപുരത്ത് നടക്കും. നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ ഇന്ന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ്‌ ഉദ്ഘാടനം ചെയ്യും. സിനിമാ മേഖലയിൽ സമീപകാലത്തുണ്ടായ വിവാദങ്ങളടക്കം കോൺക്ലേവിൽ ചർച്ചയാകും.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു സിനിമ കോണ്‍ക്ലേവ് സംഘടിപ്പിക്കണമെന്നത്. പിന്നാലെ സർക്കാർ സിനിമാ നയരൂപീകരണത്തിനുള്ള ശ്രമം തുടങ്ങി. ഷാജി എൻ. കരുണിനെ അധ്യക്ഷനാക്കി നയരൂപീകരണ സമിതി രൂപീകരിച്ചു. സിനിമാ നയത്തിന്റെ കരട് റിപ്പോർട്ട് തയ്യാറാക്കിയതിന് പിന്നാലെ ആയിരുന്നു ഷാജി എൻ. കരുണിന്റെ നിര്യാണം. ഇന്ന് തുടങ്ങുന്ന സിനിമാ കോൺക്ലേവിൽ ഈ റിപ്പോർട്ട് അവതരിപ്പിക്കും. വിശദമായ ചർച്ചകൾക്ക് ശേഷമാകും നയരൂപീകരണം.

കോണ്‍ക്ലേവില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങളുടേയും മറ്റും അടിസ്ഥാനത്തില്‍ ആറ് മാസത്തിനകം സിനിമാ നയം പ്രഖ്യാപിക്കുകയാണ് സർക്കാർ ലക്ഷ്യം. കോൺക്ലേവിന്റെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥികളായി മോഹൻലാലും സുഹാസിനിയും മണിരത്‌നവുമെത്തും. രാജ്യാന്തര സിനിമാ പ്രൊഫെഷണലുകൾ ഉൾപ്പെടെ പങ്കെടുക്കുന്ന ചടങ്ങിൽ റസൂൽ പൂക്കുട്ടി, വെട്രിമാരൻ, പത്മപ്രിയ, നിഖില വിമൽ തുടങ്ങിയവരും കേന്ദ്ര, സംസ്ഥാന മന്ത്രിമാരും ഭാഗമാകും. ചലച്ചിത്രമേഖലയുടെ വിവിധവശങ്ങൾ സമഗ്രമായി ചർച്ച ചെയ്യുന്ന കോൺക്ലേവിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഒൻപത് വിഷയങ്ങളിൽ ചർച്ചകൾ ഉണ്ടാകും. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നടക്കുന്ന യോഗത്തിൽ വിമർശനങ്ങൾ ഉണ്ടാകും എന്നുറപ്പ്.

SCROLL FOR NEXT