25 വര്‍ഷം പഴക്കമുള്ള ഹോളിവുഡ് ഹൊറര്‍ ഫ്രാഞ്ചൈസായ ഫൈനല്‍ ഡെസ്റ്റിനേഷന്‍റെ ആറാം ഭാഗമായ 'ബ്ലഡ്‌ലൈന്‍' മെയ് മാസത്തിലാണ് തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. ആറാം ഭാഗം ബോക്‌സ് ഓഫീസില്‍ ആദ്യവാരം 51 മില്യണ്‍ ഡോളര്‍ നേടിയിരുന്നു. ആഗോള തലത്തില്‍ ചിത്രം 286 മില്യണ്‍ ഡോളറും നേടി. ആറാം ഭാഗത്തിന്റെ വിജയത്തിന് ശേഷം ചിത്രത്തിന് ഏഴാം ഭാഗം ഒരുങ്ങുന്നു എന്ന വാര്‍ത്തകളാണിപ്പോള്‍ പുറത്തുവരുന്നത്.
ആറാം ഭാഗത്തിന്റെ സഹ എഴുത്തുകാരിയായ ലോറി ഇവാന്‍സ് ടെയ്‌ലര്‍ ഏഴാം ഭാഗം എഴുതാന്‍ ആരംഭിക്കുകയാണെന്നാണ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2011ലാണ് ഫൈനല്‍ ഡെസ്റ്റിനേഷന്റെ അഞ്ചാം ഭാഗം റിലീസ് ചെയ്തത്. അതിന് 14 വര്‍ഷത്തിന് ശേഷം ഗാരി ബുസിക്കുമായി ചേര്‍ന്നാണ് ലോറി ഇവാന്‍സ് ടെയ്‌ലര്‍ ആറാം ഭാഗത്തിന്റെ തിരക്കഥ എഴുതിയത്.
2024ല്‍ പുറത്തിറങ്ങിയ സൈക്കോളജിക്കല്‍ ത്രില്ലറായ ''സെല്ലര്‍ ഡോര്‍'', 2022-ല്‍ പുറത്തിറങ്ങിയ ''ബെഡ് റെസ്റ്റ്'' എന്നീ സൂപ്പര്‍നാച്ചുറല്‍ ത്രില്ലറുകള്‍ക്കും ടെയ്ലര്‍ പ്രശസ്തയാണ്. മെലിസ ബറേര അഭിനയിച്ച ഈ സൂപ്പര്‍നാച്ചുറല്‍ ത്രില്ലറിലൂടെയാണ് ടെയ്ലര്‍ ആദ്യമായി സംവിധാന രംഗത്തേക്ക് കടന്നുവന്നത്.
അതേസമയം മെയ് 15ന് തിയേറ്ററിലെത്തിയ ചിത്രം ഓഗസ്റ്റ് ഒന്നുമുതല്‍ എച്ച്ബിഒ മാക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. സാക്ക് ലിപോവ്‌സ്‌കിയും ആദം സ്റ്റെയ്‌നും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്. കൈറ്റ്‌ലിന്‍ സാന്താ ജുവാന, ടിയോ ബ്രിയോണ്‍സ്, ഓവന്‍ പാട്രിക് ജോയ്‌നര്‍, റിച്ചാര്‍ഡ് ഹാര്‍മണ്‍, അന്ന ലോര്‍, റിയ കിഹ്ല്‌സ്റ്റെഡ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.