അക്ഷയ് കുമാറിന്റെ 'കേസരി ചാപ്റ്റര്‍ 2'നെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ബംഗാള്‍ പൊലീസ്. ചിത്രം ചരിത്രത്തെയും ബംഗാള്‍ സ്വാതന്ത്ര്യ സമര സേനാനികളെയും അവഹേളിക്കുന്നു എന്നാരോപിച്ച്, രണജിത്ത് ബിശ്വാസ് എന്നയാള്‍ നല്‍കിയ പരാതിയിയിലാണ് ബിധാന്‍ നഗര്‍ സൗത്ത് പൊലീസിന്റെ നടപടി. ചിത്രം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ബംഗാളിന്റെ സംഭാവനകളെ വളച്ചൊടിച്ചൊടിക്കുന്നതാണെന്ന് ആരോപിച്ച് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും നേരത്തെ രംഗത്തെത്തിയിരുന്നു.
ബംഗാളിലെ പ്രധാന സ്വാതന്ത്ര്യ സമര സേനാനികളായ ഖുദിറാം ബോസ്, ബരീന്ദ്ര കുമാര്‍ ഘോഷ് എന്നിവരെ ചിത്രത്തില്‍ തെറ്റായി ചിത്രീകരിച്ചുവെന്നതാണ് വിവാദത്തിന് കാരണമായത്. ചിത്രത്തില്‍ ഖുദിറാം ബോസിനെ ഖുദിറാം സിംഗ് എന്നും ബരീന്ദ്ര കുമാര്‍ ഘോഷിനെ അമൃത്സറിലെ ബരേന്ദ്ര കുമാറായുമാണ് അവതരിപ്പിച്ചിരിക്കുന്നതെന്നാണ് ടിഎംസി പറയുന്നത്.
"ചരിത്രത്തെ മനപൂര്‍വ്വം വളച്ചൊടിച്ചു" എന്നും "ബംഗാളിനെ അപമാനിച്ചു" എന്നുമാണ് മുതിര്‍ന്ന ടിഎംസി നേതാക്കളായ കുനാല്‍ ഘോഷും അരൂപ് ചക്രവര്‍ത്തിയും സംഭവത്തെ വിശേഷിപ്പിച്ചത്. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
"ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ബംഗാളി വിപ്ലവകാരികളുടെ പേരുകള്‍ വളച്ചൊടിക്കുകയായിരുന്നു. ഇത് വെറുമൊരു തെറ്റല്ല. സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ ബംഗാളിന്റെ പങ്ക് ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ്. അത്തരമൊരു ചിത്രത്തിന് എങ്ങനെയാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്?", എന്നാണ് കുനാല്‍ ഘോഷ് പറഞ്ഞത്.
സിനിമയുടെ പേര് പരാമര്‍ശിക്കാതെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബംഗാളിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ സംഭാവനകളെ ബിജെപിയുമായി സഹകരിച്ച് തകര്‍ക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്ന് പറഞ്ഞ് വിമര്‍ശിക്കുകയും ചെയ്തു. "സ്വാതന്ത്ര്യസമരത്തില്‍ ബംഗാളി വിപ്ലവകാരികള്‍ വഹിച്ച പങ്കിനെ ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിനെ ഞങ്ങള്‍ അപലപിക്കുന്നു. ബിജെപി ബംഗാളിനെയും നമ്മുടെ സാംസ്‌കാരിക പൈതൃകത്തെയും ലക്ഷ്യം വച്ചാണ് പ്രവര്‍ത്തിക്കുന്നത്", എന്നാണ് മമത ബാനര്‍ജി പറഞ്ഞത്.
ബംഗാളിന്റെ ചരിത്രത്തെയും സാംസ്‌കാരിക സ്വത്വത്തെയും ഇകഴ്ത്തി കാണിക്കാന്‍ ബിജെപി സര്‍ക്കാര്‍ ആവര്‍ത്തിച്ച് ശ്രമിച്ചുവെന്നും ടിഎംസി ആരോപിച്ചു. "ഇത് സംഭവിക്കുന്നത് ആദ്യമായല്ല. ബംഗളിന്റെ പൈതൃകവും അന്തസും ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ പലപ്പോഴും കളിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ പരിധി ലംഘിച്ചിരിക്കുന്നു", കുനാല്‍ ഘോഷ് അഭിപ്രായപ്പെട്ടു.
രഘു പാലാട്ടും പുഷ്പ പാലാട്ടും ചേര്‍ന്ന് എഴുതിയ 'ദി കേസ് ദാറ്റ് ഷൂക്ക് ദി എംപയര്‍' എന്ന പുസ്തകത്തെ ആസ്പദമാക്കി കരണ്‍ സിംഗ് ത്യാഗി സംവിധാനം ചെയ്ത ചിത്രമാണിത്. അക്ഷയ് കുമാര്‍, ആര്‍. മാധവന്‍, അനന്യ പാണ്ഡെ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.