നെടുമുടി വേണു 
MOVIES

മലയാള സിനിമയിലെ വേഷപ്പകർച്ചകളുടെ ആശാന്‍; നെടുമുടി വേണു വിടവാങ്ങിയിട്ട് നാല് വർഷം

സിനിമയുടെ ഇടവേളകളിൽ നാടകവും തനത് നാടകപാട്ടുകളും ശീലുകളും മൃദംഗവും നടന്റെ ഹരമായിരുന്നു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: 'അവനവൻ കടമ്പ' കടന്നാണ് തട്ടിൽ നിന്നും വെള്ളിത്തിരയിലേക്ക് നെടുമുടി വേണു കടന്നുവന്നത്. കാവാലം നാരായണ പണിക്കരുടെ നാടകങ്ങളിലൂടെ അന്നേ കലാലോകത്ത് ശ്രദ്ധേയനായിരുന്നു. 70കളുടെ അവസാനം സംവിധായകൻ ജി. അരവിന്ദനാണ് തമ്പ് എന്ന സിനിമയിലേക്ക് വിളിക്കുന്നത്. പിന്നാലെ സംവിധായകൻ ഭരതനും വേണുവിനെ തേടിയെത്തി. ആരവം, തകര എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ മലയാള സിനിമയുടെയും നെടുമുടി വേണു എന്ന നടൻ്റെയും രാശി മാറ്റുകയായിരുന്നു. പ്രേക്ഷകർ കണ്ടു, അയത്‍ന ലളിതമായ ആ നടന്റെ അഭിനകാലത്തിനാണ് പിന്നെ പ്രേക്ഷകർ സാക്ഷിയായത്.

അഭിനയത്തിന്‍റെ മറ്റൊരു കൊടുമുടി തന്നെ മലയാള സിനിമയിൽ സൃഷ്ടിച്ചു ആ നടൻ. ആരവം, അ‌പ്പുണ്ണി, കള്ളൻ പവിത്രൻ, മാർഗം, വിടപറയും മുമ്പേ... മലയാള സിനിമയുടെ വ്യത്യസ്ത കാലഘട്ടങ്ങളില്‍നെടുമുടി വേണു എന്ന നടൻ അടയാളപ്പെടുത്തിയ കഥാപാത്രങ്ങൾ ഏറെയാണ്. നായകനായും വില്ലനായും സഹനടനായും മറിമറിഞ്ഞു. അച്ഛനായും അമ്മാവനായും തമ്പുരാനായും കാര്യസ്ഥനായും മുത്തശ്ശനായുമുള്ള പകർന്നാട്ടങ്ങൾ ഏറെ. ആവർത്തനങ്ങളുടെ അച്ചിലാണെങ്കിലും അതെല്ലാം തന്നെ നെടുമുടി സ്പർശത്താൽ ഒന്നിനൊന്ന് വ്യത്യസ്തമായി.

സിനിമയിൽ അരങ്ങേറ്റം കുറിച്ച്, മരിക്കുന്ന കാലംവരേയും അഭിനയത്തില്‍ അദ്ദേഹം സജീവമായിരുന്നു. സിനിമയുടെ ഇടവേളകളിൽ നാടകവും തനതു നാടകപാട്ടുകളും ശീലുകളും മൃദംഗവും നടന്റെ ഹരമായിരുന്നു. 'പാച്ചി' എന്ന തൂലികാനാമത്തിൽ കഥയും തിരക്കഥയും ഒരുക്കി. 'പൂരം' എന്ന സിനിമ സംവിധാനം ചെയ്തു.

2021 ഒക്ടോബർ 11 ന് ആ മഹാനടന്‍ അരങ്ങിനോടും ജീവിതത്തോടും വിടപറഞ്ഞു. എന്നാല്‍,  സ്വതസിദ്ധമായ അഭിനയവും സംഭാഷണ ശൈലിയും വ്യത്യസ്തമായ ശരീരഭാഷയും നെടുമുടിയുടെ കഥാപാത്രങ്ങളെ ഇന്നും കരത്തോടെ നിർത്തുന്നു. ഇന്നും ആ നടനം കണ്ട് നമ്മൾ പറയുന്നു. അസാധ്യം, അനുപമം!

SCROLL FOR NEXT