ഗീതു മോഹൻദാസ്- യഷ് ചിത്രം 'ടോക്സിക്' 
MOVIES

ചോരക്കളി! ഗീതുവിന്റെ മാസ് വരവ്; യഷ് ചിത്രം 'ടോക്‌സിക്' ടീസർ പുറത്ത്

യഷും ഗീതു മോഹൻദാസും ചേർന്നാണ് 'ടോക്സിക്കി'ന്റെ തിരക്കഥയെഴുതിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്‌സ്' എന്ന ഗീതു മോഹൻദാസ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. വയലൻസും സങ്കീർണമായ കഥാപരിസരവും സൂചിപ്പിക്കുന്ന ടീസർ സിനിമയുടെ ഇരുണ്ട സ്വഭാവം വ്യക്തമാക്കുന്നു. യഷിന്റെ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ടീസർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന സിനിമകളുടെ ഐഎംഡിബി പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ചിത്രമാണ് 'ടോക്സിക്'. വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. യഷിന് പുറമേ കിയാര അദ്വാനി, ഹുമ ഖുറേഷി, നയൻതാര, താരാ സുതാരിയ, രുക്മിണി വസന്ത് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ഇവരുടെ ക്യാരക്ടർ പോസ്റ്ററുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

യഷും ഗീതു മോഹൻദാസും ചേർന്നാണ് 'ടോക്സിക്കി'ന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. ഒരേസമയം, കന്നഡയിലും ഇംഗ്ലീഷിലുമായാണ് സിനിമ ചിത്രീകരിച്ചത്. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങി നിരവധി ഭാഷകളിൽ സിനിമ മൊഴിമാറ്റി എത്തും. മികച്ച സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിന് പിന്നിലുള്ളത്. ദേശീയ അവാർഡ് ജേതാവ് രാജീവ് രവി ക്യാമറയും, രവി ബസ്രുർ സംഗീതവും നിർവഹിക്കുന്നു. ഉജ്വൽ കുൽക്കർണിയാണ് എഡിറ്റർ.

ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി, ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ്, കെച്ച എന്നിവർ ചേർന്നാണ് സംഘട്ടനം ഒരുക്കുന്നത്. ടി.പി ആബിദാണ് പ്രൊഡക്ഷൻ ഡിസൈൻ. കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണനും യഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 2026 മാർച്ച് 19ന് ഈദ്, ഉഗാദി പ്രമാണിച്ച് ചിത്രം ലോകമെമ്പാടും തിയേറ്ററുകളിൽ എത്തും.

SCROLL FOR NEXT