MOVIES

"അന്ന് സഹായിക്കാതിരുന്നവർ ഇപ്പോൾ അഭിനന്ദിക്കുന്നു": ബോളിവുഡിനെതിരെ രൂക്ഷവിമർശനവുമായി 'ഹനുമാൻ അംശ്' സംവിധായകൻ

വെറും രണ്ട് കോടി രൂപ ബജറ്റിൽ നിർമിച്ച 'ഹനുമാൻ അംശ്' 75 കോടി രൂപയോടടുത്ത് കളക്ഷൻ ആണ് നേടിയത്

Author : ന്യൂസ് ഡെസ്ക്

ബോളിവുഡിനെ ഞെട്ടിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ കളക്ഷൻ വാരിക്കൂട്ടുകയാണ് 'ഹനുമാൻ അംശ്' എന്ന കൊച്ചുചിത്രം. ഓഗസ്റ്റ് ഏഴിന് തിയേറ്ററുകളിലെത്തിയ ചിത്രം ബോളിവുഡ് ചിത്രങ്ങളേക്കാൾ മികച്ച അഭിപ്രായമാണ് നേടിയെടുക്കുന്നത്. ഇപ്പോഴിതാ, സിനിമയുടെ സംവിധായകനും നിർമാതാവുമായ വിശാൽ ചതുർവേദി ബോളിവുഡിനെപ്പറ്റി പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. 'ദ റൗണക് പോഡ്കാസ്റ്റിൽ' സംസാരിക്കുകയായിരുന്നു വിശാൽ.

ബോളിവുഡിലെ ചില പ്രമുഖരോട് സിനിമയുടെ റിലീസിന് മുൻപ് സഹായം അഭ്യർഥിച്ചെങ്കിലും അവരുടെ ഭാഗത്തു നിന്നും അനുകൂലമായ പ്രതികരണമായിരുന്നില്ല ലഭിച്ചതെന്ന് വിശാൽ തുറന്നടിച്ചു. റിലീസിന് മുൻപ് ബോളിവുഡിൽ നിന്ന് സഹായം ലഭിച്ചിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സംവിധായകൻ. തുടക്കത്തിൽ വലിയ സിനിമകൾക്ക് മുൻഗണന നൽകിക്കൊണ്ട് തിയേറ്ററുകൾ തന്റെ ചിത്രത്തിന്റെ ഷോകളുടെ എണ്ണം 250ൽ നിന്ന് വെറും 25 ആയി കുറച്ചിരുന്നുവെന്നും പി.വി.ആർ, സിനിപോളിസ് തുടങ്ങിയ പ്രമുഖ മൾട്ടിപ്ലക്സുകൾ ചിത്രം പ്രദർശിപ്പിക്കാൻ മടിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകരുടെ പിന്തുണയും മികച്ച അഭിപ്രായങ്ങളും കാരണമാണ് ചിത്രം വലിയ വിജയത്തിലേക്ക് കുതിച്ചതെന്നും വിശാൽ കൂട്ടിച്ചേർത്തു.

'അവാരാപൻ 2' , 'ബട്‌വാര' തുടങ്ങിയ ബിഗ് ബജറ്റ് ബോളിവുഡ് ചിത്രങ്ങൾക്കൊപ്പമാണ് 'ഹനുമാൻ അംശ്' തിയേറ്ററുകളിലേക്ക് എത്തിയത്. സിനിമ തിയേറ്റർ കിട്ടാൻ പോരാടിക്കൊണ്ടിരിക്കുമ്പോൾ ഹിന്ദി സിനിമാ മേഖലയിൽ നിന്ന് പിന്തുണ ലഭിച്ചില്ലെന്നും ചിത്രം വിജയത്തിലേക്ക് എത്തിയപ്പോഴാണ് അഭിനന്ദനങ്ങൾ ലഭിച്ചതെന്നും സംവിധായകൻ പറയുന്നു.

"ചിത്രം തിയേറ്ററുകളിൽ മികച്ച വിജയം നേടാൻ തുടങ്ങിയതോടെ, ഇൻഡസ്ട്രിയിലെ നിരവധി ആളുകൾ എന്നെ ഫോൺ വിളിച്ച് അഭിനന്ദിക്കാൻ തുടങ്ങി. അവരുടെ പേരുകൾ വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നെ വിളിച്ച് അഭിനന്ദിച്ചവരിൽ ഒരാൾ മധുർ ഭണ്ഡാർക്കർ ആയിരുന്നു, എന്നാൽ അദ്ദേഹത്തോട് ഞാൻ ഒരു സഹായവും ചോദിച്ചിരുന്നില്ല. സിനിമയുടെ ആവശ്യത്തിനായി ഞാൻ മുൻപ് അവരുടെ സഹായം തേടിയപ്പോൾ അവർ എന്നെ സഹായിച്ചിരുന്നില്ല. അതിനാൽ, ഇപ്പോൾ വിജയിച്ചതിന് ശേഷം അവർ വിളിച്ചു എന്നതുകൊണ്ട് മാത്രം അവരുടെ പേരുകൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല," വിശാൽ പറഞ്ഞു.

സ്റ്റീവ് ജോബ്‌സ്, മാർക്ക് സക്കർബർഗ്, വിരാട് കോഹ്ലി എന്നിവരെ സ്വാധീനിച്ചുവെന്ന് പറയപ്പെടുന്ന നീം കരോലി ബാബ എന്ന സന്യാസിയുടെ ജീവിതത്തിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടാണ് 'ഹനുമാൻ അംശ്' എന്ന ചിത്രം നിർമിച്ചിരിക്കുന്നത്. ശോഭിനവ് സത്യ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വെറും രണ്ട് കോടി രൂപ ബജറ്റിൽ നിർമിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ 75 കോടി രൂപയോടടുത്ത് കളക്ഷൻ ആണ് നേടിയത്. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചതിന് പിന്നാലെ അന്താരാഷ്ട്ര റിലീസിന് തയ്യാറെടുക്കുകയാണ് ചിത്രം.

SCROLL FOR NEXT