ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക് എത്തുന്നു. ഒമർ ലുലു ആണ് സിനിമ ഒരുക്കുന്നത്. ഏപ്രിൽ 26ന് പൂരം നാളിൽ തൃശൂരിൽ വച്ചാണ് സിനിമയുടെ ലോഞ്ചിങ്.
കന്നഡ സിനിമാ ഇൻഡസ്ട്രിയിലെ പ്രമുഖ നിർമാതാക്കളായ കേശവ രാമചന്ദ്രപ്പ, കെ. മഞ്ജു, രാജശേഖർ എന്നിവർ ചേർന്നാണ് 'ഐ.എം. വിജയൻ ബയോപിക്' നിർമിക്കുന്നത്. കന്നഡയിലും മലയാളത്തിലും ഉൾപ്പടെ വിവിധ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയിൽ വിജയനായി എത്തുക ആരാണെന്നത് സസ്‌പെൻസ് ആക്കി വച്ചിരിക്കുകയാണ്. ലോഞ്ചിങ് ദിവസം ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ, വിജയന്റെ ജീവിതം ‘കാലോ ഹരിൺ’ എന്ന പേരിൽ ഡോക്യുമെന്ററി ആയിട്ടുണ്ട്. ചെറിയാൻ ജോസഫ് ആണ് ഈ 35 എംഎം ഡോക്യുമെന്ററി ഫിലിം സംവിധാനം ചെയ്തത്. ബംഗാളിൽ വിജയനെ സ്നേഹത്തോടെ വിളിക്കുന്നത് കാലോ ഹരിൺ എന്നാണ്. ഇതിൽ നിന്നാണ് ഡോക്യുമെന്റിയുടെ ടൈറ്റിലിന്റെ പിറവി.
മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ വി.പി. സത്യന്റെ ജീവിതകഥ 'ക്യാപ്റ്റൻ' എന്ന പേരിൽ സിനിമയായിരുന്നു. പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രം 2018ലാണ് റിലീസ് ആയത്. സിനിമയിൽ സത്യനായി വേഷമിട്ടത് ജയസൂര്യയായിരുന്നു. രണ്ട് വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ ഫുട്‍ബോളിലെ ഇതിഹാസ പരിശീലകൻ സയ്യദ് അബ്ദുൾ റഹീമിന്റെ ജീവിതം സിനിമയായിരുന്നു. 'മൈതാൻ' എന്ന ഈ ചിത്രത്തിൽ അജയ് ദേവ്ഗൺ ആണ് റഹിം ആയി അഭിനയിച്ചത്.