"വിവാദങ്ങളിൽ ഉണ്ണി മുകുന്ദന് പങ്കുണ്ട്, മുട്ടനാടുകൾ കൂട്ടിയിടിക്കുമ്പോൾ ചോര കുടിക്കുന്നവരുണ്ട്"; 'സുമതി വളവിൽ' ഉടക്കി 'മാളികപ്പുറം' ടീം

'സുമതി വളവ്' സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി സംവിധായകനും എഴുത്തുകാരനും
സംവിധായകൻ വിഷ്ണു ശശി ശങ്കർ, ഉണ്ണി മുകുന്ദൻ, അഭിലാഷ് പിള്ള
സംവിധായകൻ വിഷ്ണു ശശി ശങ്കർ, ഉണ്ണി മുകുന്ദൻ, അഭിലാഷ് പിള്ള
Published on
Updated on

'സുമതി വളവ്' സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നടൻ ഉണ്ണി മുകുന്ദന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി സംവിധായകൻ വിഷ്ണു ശശി ശങ്കർ. സിനിമ കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന നിർമാതാവ് മുരളി കുന്നുംപുറത്തിന്റെ ആരോപണങ്ങളിൽ വിശദീകരണം നൽകവെയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംവിധായകൻ വിഷ്ണു ശശി ശങ്കർ എന്നിവർ നടനെതിരെ സംസാരിച്ചത്.

'സുമതി വളവ്' അടക്കമുള്ള സിനിമകളുടെ പരാജയത്തെ പറ്റിയുള്ള നിര്‍മാതാവ് മുരളി കുന്നുംപുറത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. 'സുമതി വളവ്' സംവിധാനം ചെയ്ത വിഷ്ണു ശശി ശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, 'നദികളിൽ സുന്ദരി യമുന' സംവിധായകൻ വിജേഷ് പാണത്തൂർ എന്നിവർ തന്നെ വഞ്ചിച്ചു എന്നായിരുന്നു നിർമാതാവിന്റെ ആരോപണം. എന്നാൽ, സിനിമയുടെ ചെലവ് പബ്ലിക് ഓഡിറ്റിന് വിധേയമാക്കാന്‍ തയ്യാറാണെന്നും 15-20 കോടി ബജറ്റ് ആകുമെന്ന് മുന്നേ പറഞ്ഞിരുന്നെന്നുമാണ് അഭിലാഷ് പിള്ളയുടെ വിശദീകരണം.

സംവിധായകൻ വിഷ്ണു ശശി ശങ്കർ, ഉണ്ണി മുകുന്ദൻ, അഭിലാഷ് പിള്ള
മുരളി കുന്നുംപുറത്തിൻ്റെ ആരോപണങ്ങൾക്ക് മറുപടി നൽകാനൊരുങ്ങി 'സുമതി വളവി'ൻ്റെ അണിയറ പ്രവർത്തകർ

വിഷയം ഞങ്ങളുടെ സ്വകാര്യ ജീവിതത്തെ വരെ ബാധിച്ചു തുടങ്ങിയെന്ന് പറഞ്ഞ അഭിലാഷ് പിള്ള ഉണ്ണി മുകുന്ദനെതിരെയും രംഗത്തെത്തി. മുട്ടനാടുകൾ കൂട്ടിയിടിക്കുമ്പോൾ ചോര കുടിക്കുന്ന ചെന്നായ ആകരുതെന്ന് അഭിലാഷ് പിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരാജയപ്പെട്ട സ്വന്തം സിനിമകളുടെ നിർമാതാക്കൾക്കും ഉണ്ണി ഡേറ്റ് കൊടുക്കണം. ഉണ്ണി മുകുന്ദൻ - മുരളി കുന്നുംപുറത്ത് - വേണു കുന്നപ്പിള്ളി കോംപോ മലയാളത്തിലെ ബെസ്റ്റ് കോംപിനേഷൻ ആയിരിക്കുമെന്നും അഭിലാഷ് പറഞ്ഞു.

സംവിധായകൻ വിഷ്ണു ശശി ശങ്കർ, ഉണ്ണി മുകുന്ദൻ, അഭിലാഷ് പിള്ള
"പണമില്ലെങ്കില്‍ 'വെള്ളം' തമിഴിലെടുക്കാന്‍ അഡ്വാന്‍സ് കൊടുത്തതെങ്ങനെ?"; നിര്‍മാതാവിനെ തള്ളി അണിയറ പ്രവര്‍ത്തകര്‍

സിനിമയെ കുറിച്ചുള്ള പ്രചാരണങ്ങളിൽ ഉണ്ണി മുകുന്ദന് പങ്കുണ്ടെന്നായിരുന്നു സംവിധായകൻ വിഷ്ണു ശശി ശങ്കറുടെ ആരോപണം. ഉണ്ണി മുകുന്ദന്റെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ 'മാളികപ്പുറം' സംവിധാനം ചെയ്തത് വിഷ്ണുവാണ്. തിരക്കഥ അഭിലാഷ് പിള്ളയും.

"മാളികപ്പുറം സംവിധാനം ചെയ്തത് ഉണ്ണി മുകുന്ദൻ ആണെന്നാണ് ഇന്നലെ അദ്ദേഹം (മുരളി കുന്നുംപുറത്ത്) പറഞ്ഞത്. മിക്സിങ് സ്റ്റുഡിയോയിൽ വിഷ്ണു ചെന്നിട്ടില്ല, ഉണ്ണിയാണ് മുഴുവൻ ഇരുന്നത്, എം. ആർ. രാജാകൃഷ്ണന് എല്ലാ അറിയാമെന്നുമാണ് അദ്ദേഹം പറഞ്ഞത്," എന്ന് പറഞ്ഞ അഭിലാഷ് മാധ്യമങ്ങൾക്ക് മുന്നിൽ വച്ച് എം.ആർ. രാജാകൃഷ്ണനെ ഫോണിൽ വിളിച്ചു. ഫൈറ്റ് സീൻ മിക്സ് ചെയ്യുമ്പോൾ മാത്രമാണ് ഉണ്ണി മുകുന്ദൻ സ്റ്റുഡിയോയിൽ ഉണ്ടായിരുന്നതെന്നാണ് രാജാകൃഷ്ണൻ പറഞ്ഞത്.

"എന്താണ് ഇതിൽ ഉണ്ണി മുകുന്ദന്റെ റോൾ എന്നാകും നിങ്ങളുടെ അടുത്ത ചോദ്യം. 'സുമതി വളവ്' ഷൂട്ടിന് മുൻപ് ഒരു ദിവസം മുരളിച്ചേട്ടൻ എന്നെ ഫ്ലാറ്റിലേക്ക് വിളിച്ചു. ഉണ്ണി വിളിച്ചിരുന്നു എന്ന് പറഞ്ഞു. വിഷ്ണുവിനെ വച്ച് പടം ചെയ്യരുതെന്നും സംവിധാനം അറിയില്ലായെന്നും പറഞ്ഞതായി പറഞ്ഞു. 'മാളികപ്പുറം' സിനിമയിൽ വർക്ക് ചെയ്ത ചിലരെ ഞാൻ വിളിച്ചു കൊടുത്തു. പിന്നീട് ഉണ്ണി പറഞ്ഞതൊക്കെ അസൂയയുടെ പുറത്താണെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞു. മറ്റെന്തോ വാക്കും ഉപയോഗിച്ചു. ആ സമയത്ത്, ഈ സിനിമ ചെയ്യരുതെന്ന് പറഞ്ഞ് മറ്റൊരാളും കൂടി അദ്ദേഹത്തെ വിളിച്ചിരുന്നു. ആ പേര് പിന്നീട് പറയാം. ഈ സിനിമ ചെയ്യുമ്പോഴൊക്കെ വിഷ്ണുവിനെ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു.

ഇന്നലെ ഉണ്ണി മുകുന്ദൻ വിളിച്ച് അദ്ദേഹത്തിന്റെ അടുത്ത സിനിമ ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞതായി കേട്ടു. അതൊരു നല്ല കാര്യമാണ്. ഒരാളുടെ അവസ്ഥ കണ്ട് ഡേറ്റ് കൊടുക്കുന്നത് വലിയ മനസാണ്. അങ്ങനെയാണെങ്കിൽ 'മാളികപ്പുറ'ത്തിനും 'മാർക്കോ'യ്‌ക്കും ഇടയിൽ ഇറങ്ങിയ ഉണ്ണിയുടെ സിനിമകളുണ്ട്. നഷ്ടം വന്ന സിനിമകൾ. അതിന്റെ നിർമാതാക്കൾക്കും ഉണ്ണി ഡേറ്റ് കൊടുക്കണം," അഭിലാഷ് പിള്ള പറഞ്ഞു.

സംവിധായകൻ വിഷ്ണു ശശി ശങ്കർ, ഉണ്ണി മുകുന്ദൻ, അഭിലാഷ് പിള്ള
ചെന്നൈയിൽ വോട്ട് ചെയ്ത് ദുൽഖർ സൽമാൻ; കേരളത്തെ പൂർണമായി ഉപേക്ഷിച്ചോ എന്ന് സോഷ്യൽ മീഡിയ

'മാളികപ്പുറം' സിനിമയുടെ ഷൂട്ടിങ് സമയത്ത് ഉണ്ണി മുകുന്ദനുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായി വിഷ്ണു ശശി ശങ്കർ വെളിപ്പെടുത്തി. "എനിക്ക് വളരെ അധികം ഇമോഷണൽ സപ്പോർട്ട് തന്ന വ്യക്തിയാണ് ഉണ്ണി മുകുന്ദൻ. അതില്ല എന്ന് ഞാൻ പറയില്ല. ഒരു തുടക്കക്കാരൻ എന്ന നിലയിൽ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദൻ മാത്രമല്ല, ആ സിനിമയുടെ ഛായാഗ്രഹകനും എഴുത്തുകാരനും എല്ലാം സഹായിച്ചിട്ടുണ്ട്. ഉണ്ണിയുമായി ഒന്നുരണ്ട് അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. ഞാൻ വേണ്ട എന്ന് തീർത്തു പറഞ്ഞു. അതിന്റെ ഈഗോ ആണിത്. ഷൂട്ടിന്റെ സമയത്ത് സെറ്റിൽ നിന്ന് പിണങ്ങി പോകുകയൊക്കെ ചെയ്തിരുന്നു. പക്ഷേ, പ്രൊമോഷന് കട്ടയ്ക്ക് കൂടെ നിന്നു. ഈ പറയുന്ന ഫിഗേഴ്സ് ചിത്രം നേടാൻ ഒരു കാരണവും അതാണ്. അദ്ദേഹത്തിന് ഇന്നത്തെ സ്റ്റാർഡം കിട്ടാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് മാളികപ്പുറമാണെന്നും ഞാൻ വിശ്വസിക്കുന്നു," വിഷ്ണു പറഞ്ഞു.

‘മാളികപ്പുറം’ എന്ന ചിത്രത്തിന്റെ വിജയം കണ്ടാണ് അഭിലാഷ് പിള്ളയെയും വിഷ്ണുവിനെയും വിശ്വസിച്ച് താൻ പുതിയ പ്രോജക്ട് ചെയ്യാൻ തയ്യാറായതെന്ന് കഴിഞ്ഞ ദിവസം മുരളി കുന്നുംപുറത്ത് പറഞ്ഞിരുന്നു. എന്നാൽ, വിഷ്ണുവിന് സംവിധാനത്തിൽ അറിവില്ലെന്നും യഥാർഥത്തിൽ 'മാളികപ്പുറം' സംവിധാനം ചെയ്തത് ഉണ്ണി മുകുന്ദനാണെന്നുമായിരുന്നു മുരളിയുടെ വെളിപ്പെടുത്തൽ. ഉണ്ണി മുകുന്ദൻ അടുത്ത സിനിമയ്ക്ക് ഡേറ്റ് വാഗ്ദാനം ചെയ്തതായും മുരളി കുന്നുംപുറത്ത് ചില മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com