സൗന്ദര്യം ആപേക്ഷികമാണ്. ആസ്വാദകരുടെ ശീലങ്ങളും മുൻവിധികളും അനുസരിച്ച് അത് വ്യത്യാസപ്പെട്ടേക്കാം. സിനിമയുടെ കാര്യത്തിലും അത് അങ്ങനെതന്നെയാണ്. എല്ലാവർക്കും പിടിച്ച ഫ്രെയിം, അങ്ങനെയൊന്നില്ലല്ലോ. എന്നാൽ 80കളുടെ ആദ്യം പി.സി. ശ്രീറാം എന്ന സുഹൃത്തിന്റെ ലാംബർട്ടയ്ക്ക് പുറകിലിരുന്ന് നിർമാതാക്കളുടെ ഓഫീസുകൾ കയറിയിറങ്ങിയ ഒരു എംബിഎക്കാരൻ നമ്മുടെ ആകെ സൗന്ദര്യബോധത്തിന് ഒരു മാനദണ്ഡം കൊണ്ടുവന്നു. അങ്ങ് താജ് മഹലിനു ചുവട്ടിൽ മാത്രമല്ല, തിരക്കുള്ള തീവണ്ടിയിലും ബസിലും ഒറ്റവരിയിൽ, ഒറ്റ നോട്ടത്തിൽ, ഹൈക്കൂ സൈസിൽ പ്രണയം പങ്കുവയ്ക്കാമെന്ന് അയാൾ കമിതാക്കളോട് പറഞ്ഞു. മുൻപും പിൻപും വന്ന സംവിധായകരുടെ മനസിൽ ഒരു ചോദ്യം അവശേഷിപ്പിച്ചു. ഈ മണി രത്നം ഷൂട്ട് ചെയ്യുന്ന ക്യാമറ ഏതാ?
മണി രത്നത്തിന് ഒരു സിനിമാ പശ്ചാത്തലമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്ന് തന്നെ പറയാം. എന്നാൽ, അത് അദ്ദേഹത്തെ സ്വാധീനിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്നാകും ഉത്തരം. ഗോപാല രത്നം സുബ്രഹ്മണ്യം എന്ന മണി രത്നത്തിന്റെ, പിതാവ് എസ്.ജി. രത്നം ഒരു ഫിലിം ഡിസ്ട്രിബ്യൂട്ടറായിരുന്നു. അമ്മാവൻ 'വീനസ്' കൃഷ്ണമൂർത്തി നിർമാതാവും. അമ്മാവൻ നിർമിക്കുന്ന സിനിമകളുടെ പ്രിവൂ ഷോകൾക്ക് പോകാനുള്ള അവസരം ലഭിച്ചിരുന്നു എന്നത് ഒഴിച്ചാൽ മണിക്ക് ആദ്യകാല സിനിമാ കാണൽ അനുഭവങ്ങൾ കുറവാണ്. ചിലപ്പോൾ കൃഷ്ണമൂർത്തി അനന്തരവരേയും കൂട്ടി മറീന ബീച്ചിലേക്ക് പോകും. ഉച്ചയ്ക്കത്തേക്കുള്ള ലഞ്ചൊക്കെ പാക്ക് ചെയ്തുള്ള പോക്കാണ്. ചെറുതുങ്ങൾ ഓടിക്കളിക്കുമ്പോൾ കൂട്ടത്തിലെ മുതിർന്നവരെ അടുത്തുപിടിച്ചിരുത്തി കൃഷ്ണമൂർത്തി തന്റെ അടുത്ത സിനിമയുടെ കഥ വിവരിക്കും. മണി അടക്കമുള്ള കുട്ടികൾ കഥ ശ്രദ്ധിച്ച് കേട്ട് തങ്ങൾക്ക് തോന്നിയ കാര്യങ്ങൾ പറയും. ഈ അഭിപ്രായങ്ങളൊക്കെ കൃഷ്ണമൂർത്തി കാര്യമായി എടുത്തിരുന്നോ എന്ന് അറിയില്ല. പക്ഷേ മണിയെ കൂടുതൽ സിനിമകൾ കാണാൻ ഇത് പ്രേരിപ്പിച്ചിരിക്കണം.
"ഇവരെന്തിനാണ് ഇങ്ങനെ ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും ഷൂട്ട് ചെയ്യുന്നത്?", ഈ ചോദ്യമാണ് സിനിമാ സെറ്റുകൾ മണിയിൽ അവശേഷിപ്പിച്ചത്.
സ്കൂൾ കാലത്ത് തന്നെ പതിയെ സിനിമകളോട് താൽപ്പര്യം തോന്നി തുടങ്ങിയെങ്കിലും സിനിമാ ഷൂട്ടിങ്ങ് മണിയെ ആകർഷിച്ചിരുന്നില്ല. അവധിക്കാലങ്ങളിൽ താൻ നിർമിക്കുന്ന ഏതെങ്കിലും സിനിമയുടെ സെറ്റിലേക്ക് വീട്ടിലെ കുട്ടികളെ അപ്പാടെ പിക്നിക് എന്ന പോലെ കൊണ്ടുപോകുന്ന പതിവും കൃഷ്ണമൂർത്തിക്കുണ്ടായിരുന്നു. ഇങ്ങനെ ലൊക്കേഷനിൽ എത്തുന്ന മണിയെ അവിടുത്തെ രീതികൾ വല്ലാതെ മടുപ്പിച്ചു. "ഇവരെന്തിനാണ് ഇങ്ങനെ ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും ഷൂട്ട് ചെയ്യുന്നത്?", ഈ ചോദ്യമാണ് സിനിമാ സെറ്റുകൾ മണിയിൽ അവശേഷിപ്പിച്ചത്. അതായത് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നില്ലെന്ന് സാരം.
ബസന്ത് തിയോസോഫിക്കൽ സ്കൂളിൽ പഠിക്കുന്ന കാലത്താണ് മണി രത്നം ആഴത്തിൽ സിനിമകൾ കാണാൻ തുടങ്ങിയത്. ഈ സ്കൂളിന് അടുത്ത്, നടക്കാവുന്ന ദൂരത്തിൽ 'ജയന്തി' എന്നൊരു ടൂറിങ് ടാക്കീസുണ്ടായിരുന്നു. ദിവസം ഒരു രൂപയ്ക്ക് രണ്ട് സിനിമകളാണ് ഇവിടെ പ്രദർശിപ്പിച്ചിരുന്നത്. ഒരു തമിഴും ഒരു ഇംഗ്ലീഷും. രാത്രികാലങ്ങളിൽ ബനിയിനും ലുങ്കിയും ധരിച്ച്, മൂത്രമൊഴിക്കാനെന്ന വ്യാജേന മണിയും കൂട്ടുകാരും ഹോസ്റ്റലിന്റെ മതിൽ ചാടിക്കടക്കും. പിന്നെ ജയന്തിയിലേക്ക് ഒരു ഓട്ടമാണ്. ഈ ടൂറിങ് ടാക്കീസിൽ വെച്ചാണ് സിനിമ മണി രത്നത്തെ ബാധിച്ചത്.
ഏഴാം ക്ലാസിലെത്തിയപ്പോഴേക്കും മണി, ശിവാജി ഗണേശന്റെയും നാഗേഷിന്റെയും കടുത്ത ആരാധകനായി. ഹൈസ്കൂൾ കാലത്ത് ഈ ആരാധന പതിയെ സംവിധായകരിലേക്ക് വഴിമാറി. 15ാം വയസിലാണ് മണി കെ. ബാലചന്ദ്രറിനെ കണ്ടെത്തുന്നത്. ലോറൽ ആൻഡ് ഹാർഡിയെ പരിചയപ്പെടുന്നത്. എന്നാൽ, സിനിമ കാണുന്നത് ഇഷ്ടമാണെന്നത് ഒഴിച്ചാൽ അത് എന്നെങ്കിലും തന്റെ ജീവനോപാദിയായി മാറ്റാം എന്നൊരു വിചാരം സ്വപ്നത്തിൽ പോലും മണിക്ക് ഉണ്ടായിരുന്നില്ല. ബോംബെയിലെ ജംനാലാൽ ബജാജ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുമ്പോൾ സിനിമ ആ യുവാവിന്റെ വിഷ്‌ലിസ്റ്റിൽ ഇല്ലായിരുന്നു. പഠനം കഴിഞ്ഞ് സിനിമകളുടെ മാനേജിങ് കൺസൾട്ടന്റ് എന്ന മടുപ്പിക്കുന്ന ജോലിയിൽ അക്കങ്ങളോടും ഗ്രാഫുകളോടും മല്ലടിക്കുന്ന കാലത്താണ് സിനിമാ പ്രൊഡക്ഷനോട് മണി രത്നത്തിന് ചെറിയൊരു ചായ്‌വ് തോന്നി തുടങ്ങിയത്.
ആ കാലത്ത് മണിയുടെ സുഹൃത്ത് രവിശങ്കർ തന്റെ ആദ്യ ചിത്രത്തിന്റെ സ്ക്രിപ്റ്റിങ്ങിലായിരുന്നു. അതൊരു കന്നഡ പടമാണ്. എഴുത്തിൽ അഭിപ്രായം പറഞ്ഞും ആശയങ്ങൾ പങ്കുവെച്ചും മണിയും അവർക്കൊപ്പം കൂടി. സ്ക്രിപ്റ്റിൻ മേലുള്ള ചർച്ചകളും, ചർച്ചകളെ തുടർന്നുള്ള തർക്കങ്ങളും മണിക്ക് വല്ലാതങ്ങ് ബോധിച്ചു.
രവിയുടെ ഈ സ്ക്രിപ്റ്റ് പൂർത്തിയാകുന്ന കാലത്താണ് മണി രത്നത്തിന് ഒരു വലിയ കോർപ്പറേറ്റ് കമ്പനിയിൽ ഉദ്യോഗക്കയറ്റത്തോടെ ജോലി ലഭിക്കുന്നത്. ജോലിയിൽ ജോയിൻ ചെയ്യാൻ മൂന്ന് മാസത്തെ സമയമുണ്ട്. ആ സമയം രവിയുടെ ലൊക്കേഷനിൽ ചെലവഴിക്കാമെന്ന് മണി തീരുമാനിച്ചു. കോളാറിലെ സെറ്റിൽ കന്നഡ ഡയലോഗ് റൈറ്റർ ഉദയശങ്കറിന് തങ്ങളെഴുതിയ ഇംഗ്ലീഷ് സ്ക്രിപ്റ്റ് വിശദീകരിച്ചുകൊടുക്കുകയായിരുന്നു മണി രത്നത്തിന്റെ പ്രധാന പണി. അങ്ങനെ സിനിമയുടെ ആദ്യ ഷെഡ്യൂൾ അവസാനിച്ചപ്പോൾ തന്നെ മണി രത്നം ഒരു കാര്യം തീരുമാനിച്ചു- ഇതാണ് എന്റെ വഴി.
1983ൽ കന്നഡയിലാണ് മണി രത്നം തന്റെ ആദ്യ ചിത്രമെടുത്തത്. 'പല്ലവി അനുപല്ലവി'. അനിൽ കപൂറും ലക്ഷ്മിയുമായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. സിനിമയിലെ നായക വേഷം ചെയ്യാൻ മണി ആദ്യം സമീപിക്കുന്നത് കമൽ ഹാസനെയാണ്. മണി ഒരു കഥ അങ്ങോട്ട് പറഞ്ഞപ്പോൾ കമൽ അഞ്ച് കഥ തിരിച്ചുപറഞ്ഞു. ആ കൂടിക്കാഴ്ച അങ്ങനെ അവസാനിച്ചു.
മണി രത്നത്തിന് ഈ സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. എഴുത്തിലൂടെ സിനിമയിലേക്ക് പ്രവേശിച്ച് പതിയെ സംവിധാനം വശമാക്കുകയായിരുന്നു ആദ്യ പ്ലാൻ. സ്ക്രിപ്റ്റുമായി ബാലചന്ദ്രറിന്റെയും മഹേന്ദ്രന്റെയും ഭാരതിരാജയുടേയും അടുത്തേക്ക് പോകാൻ തീരുമാനിക്കുന്നത് അതുകൊണ്ടാണ്. എന്നാൽ, മഹേന്ദ്രൻ മണിയുടെ കഥയിൽ താൽപ്പര്യം കാട്ടിയില്ല. കെ. ബാലചന്ദ്രറിലേക്ക് സ്ക്രിപ്റ്റ് എത്തിക്കാൻ സാധിച്ചില്ല. എല്ലാം ശ്രദ്ധിച്ചു കേട്ടുവെന്ന് തോന്നിയ ഭാരതിരാജയ്ക്ക് മണിയുടെ ഇംഗ്ലീഷ് ചുവയുള്ള കഥപറച്ചിൽ പകുതിയും മനസിലായതുമില്ല. അങ്ങനെയാണ് സിനിമ സ്വയം സംവിധാനം ചെയ്യാൻ മണി രത്നം തീരുമാനിക്കുന്നത്. പി.സി. ശ്രീറാമിനെ ക്യാമറാമാൻ ആക്കണമെന്നായിരുന്നു മണിയുടെ ആഗ്രഹം. പക്ഷേ നിർമാതാവ് സമ്മതിച്ചില്ല. അശോക് കുമാർ അല്ലെങ്കിൽ ബാലു മഹേന്ദ്ര അതായിരുന്നു പ്രൊഡ്യൂസർ മുന്നോട്ടുവെച്ച പേരുകൾ. മണി ബാലു മഹേന്ദ്രയെ തെരഞ്ഞെടുത്തു.
മുതിർന്ന ഒരു സ്ത്രീ കൂടി ഉൾപ്പെട്ട ത്രികോണ പ്രണയകഥയായിരുന്നു 'പല്ലവി അനുപല്ലവി'. മികച്ച തിരക്കഥയ്ക്കുള്ള കർണാടക സ്റ്റേറ്റ് അവാർഡ് ലഭിച്ചെങ്കിലും ചിത്രം തിയേറ്ററിൽ പരാജയപ്പെട്ടു. മണിയുടെ അടുത്ത സിനിമ മലയാളത്തിലായിരുന്നു. 'ഉണരൂ'. ഐ.വി. ശശി സംവിധാനം ചെയ്ത 'ഈ നാട്', 'ഇനിയെങ്കിലും' എന്നീ ചിത്രങ്ങൾ നിർമിച്ച എൻ.ജി. ജോണാണ് നിർമാണം. ജോൺ സമീപിക്കുന്ന സമയത്ത്, 'ദിവ്യ' എന്ന പേരിൽ ഒരു സ്ക്രിപ്റ്റിന്റെ എഴുത്തിലാണ് മണി രത്നം. ആ കഥ ജോണിനോട് പറഞ്ഞെങ്കിലും അത് അദ്ദേഹത്തിന് ഇഷ്ടമായില്ല. മനസിൽ ഒരു ഐ.വി. ശശി ടെംപ്ലേറ്റുമായാണ് ജോൺ കഥ കേട്ടതു തന്നെ. ഒരു പൊളിറ്റിക്കൽ ഫിലിം ആയിരുന്നു ജോണിന് ആവശ്യം. മണിയെ എഴുത്തിൽ സഹായിക്കാൻ ജോണും കെ. ദാമോദരനും കൂടി. അങ്ങനെയാണ് അദ്ദേഹം തന്റെ ഒരോയൊരു മലയാള ചിത്രം എടുക്കുന്നത്.
1985ലാണ് മണി രത്നം ആദ്യ തമിഴ് ചിത്രം സംവിധാനം ചെയ്യുന്നത്. 'പഗൽ നിലവ്'. സാധാരണ ഒരു കഥ. കെ. ബാലചന്ദ്രറിന്റെ സ്വാധീനവും പിന്നെ ചില നുറുങ്ങ് മണി രത്നം എഫക്ടുകളും ചേർന്നതായിരുന്നു 'പഗൽ നിലവ്'. പ്രേക്ഷകർക്ക് എന്തോ പുതിയത് കിട്ടി എന്ന് തോന്നി. എന്നാൽ ആ തോന്നൽ ആരാധനയായി മാറാൻ ഇനിയും വർഷങ്ങൾ കാത്തിരിക്കണം. 'പഗൽ നിലവിനും' 'ഇദയക്കോവിലിനും' ശേഷമാണ് നമ്മൾ ഇന്ന് കാണുന്ന മണി രത്നത്തിന്റെ തുടക്കം.
'ദിവ്യ' എന്ന പേരിൽ എഴുതിത്തുടങ്ങിയ കഥയാണ് പിന്നെ മൗനരാഗമായി മണി രത്നം മാറ്റിയെഴുതിയത്.
കോഫി ഡേറ്റ് എന്നൊരു സംഗതി തമിഴ് സിനിമ ആദ്യമായി കാണുന്നത് മൗനരാഗത്തിലാണ്. നാഗരികമായ ഒരു ഛായയുള്ള അത്തരത്തിലൊരു പടം അതിനു മുൻപ് ഇറങ്ങിയിരുന്നില്ല. നഗരത്തിൽ നടക്കുന്നുവെന്നതല്ല 'അർബൻ സോൾ' ഉണ്ടായിരുന്നുവെന്നതാണ് മൗനരാഗത്തിന്റെ പ്രത്യേകത. പശ്ചാത്തലത്തിലെ ബീറ്റിൽസിന്റെ ഗാനങ്ങളും ഇളയരാജയുടെ സിംഫണി സ്റ്റൈൽ മ്യൂസിക്കും പിന്നെ പി.സിയുടെ ചില ഹാൻഡ് ഹെൽഡ് ഷോട്ടുകളുമാണ് ഈ നാഗരിക മുഖം സിനിമയ്ക്ക് നൽകിയത്. മണി രത്നം സിനിമ എന്ന് പൂർണ അർഥത്തിൽ വിളിക്കാവുന്ന ഒന്നാക്കി ഈ പടത്തെ മാറ്റിയതും ഈ ഘടകങ്ങളാണ്. സ്കോർസസിക്ക് 'മീൻ സ്ട്രീറ്റ്' എങ്ങനെയോ അതാണ് മണി രത്നത്തിന് 'മൗനരാഗം'.
'ദിവ്യ' എന്ന പേരിൽ എഴുതിത്തുടങ്ങിയ കഥയാണ് പിന്നെ മൗനരാഗമായി മണി രത്നം മാറ്റിയെഴുതിയത്. ഒരു തമിഴ് ബ്രാഹ്മണ പെൺകുട്ടി അറേഞ്ച്ഡ് മാര്യേജ് ചെയ്യുന്നതും ആദ്യ രാത്രിയിൽ ഒരു അപരിചിതനൊപ്പം കഴിയുന്നതിൽ അവൾ നേരിടുന്ന ബുദ്ധിമുട്ടുമായിരുന്നു ദിവ്യ എന്ന കഥ. 'തൊട്ടാൽ കമ്പിളിപ്പൂച്ചി മാതിരിയിറുക്ക്' എന്ന ഡയലോഗ് ആ കഥയിൽ നിന്നാണ് ഉണ്ടാകുന്നത്. ഒരു വിധത്തിൽ ആ ആദ്യരാത്രിയുടെ തുടർച്ചയാണ് 'മൗനരാഗം'. ഈ സിനിമയാണ് തമിഴ് സിനിമയിൽ മണി രത്നത്തിന്റെ വരവ് അടയാളപ്പെടുത്തിയത്. സിനിമയിലെ സീനുകളുടെ നിർമാണം, കഥാപാത്രങ്ങളുടെ സംഭാഷണം എന്നിവയിൽ പ്രേക്ഷകർക്ക് ഒരു പുതുമ അനുഭവപ്പെട്ടു. ആ പുതുമയാണ് നമ്മൾ ഇന്നും അനുഭവിക്കുന്നത്.
അടുത്ത ചിത്രം 'അഗ്നിനച്ചത്തിര'ത്തിന്റെ എഴുത്തിനിടയിലാണ്, "കിഴക്ക് എന്ന പക്കം?" എന്ന് ചോദിച്ചുകൊണ്ട് മുക്ത ശ്രീനിവാസൻ മണിയുടെ വീട്ടിലേക്ക് എത്തുന്നത്. അദ്ദേഹം ഒരു ഹിന്ദി സിനിമയുടെ സിഡി മണിയെ ഏൽപ്പിച്ച് ഇത് കാണാൻ കമൽ പറഞ്ഞുവെന്ന് അറിയിച്ചു. ഷമ്മി കപൂറിന്റെ 'പാഗ്‌ലാ കഹീൻ കാ' എന്ന ചിത്രത്തിന്റെ സിഡി ആയിരുന്നു അത്. പടം കണ്ട ശേഷം കമലിനെ കണ്ട മണി തനിക്ക് റീമേക്കുകളോട് താൽപ്പര്യമില്ലെന്ന് അറത്തുമുറിച്ചു പറഞ്ഞു. പിന്നെ എന്താണ് താൽപ്പര്യം എന്നായി ചോദ്യം. മണി രത്നത്തിന് കൃത്യമായ ഉത്തരമുണ്ടായിരുന്നു. ഡേർട്ടി ഹാരി, ബീവർലി ഹിൽസ് കോപ് പോലൊരു ബോണ്ടിഷ് പടം. അല്ലെങ്കിൽ....ആ രണ്ടാമത്തെ ആശയമാണ് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന് നമുക്ക് സമ്മാനിച്ചത്. അതേ വരദരാജ മുതലിയാറിന്റെ കഥ. നായകൻ.
കെ. ബാലചന്ദ്രർ കാലത്തിനു ശേഷം കമൽ ഹാസൻ ആദ്യമായി ഒരു സംവിധായകന്റെ ഉപകരണമാണെന്ന് തോന്നിയ സിനിമയാണ് 'നായകന്‍'.
മണി രത്നം ബോംബെയിൽ പഠിച്ചിരുന്ന, 70കളുടെ അവസാനത്തിൽ, മാട്ടുങ്കയിലെ ജനങ്ങൾ മുതലിയാറിനെ ദൈവമായി കണ്ടിരുന്ന കാലമാണ്. തമിഴ്നാട്ടിൽ നിന്നും ബോംബെയിലെത്തി അവിടം ഭരിച്ച മുതലിയാറിന്റെ കഥ താനെങ്ങനെയാണ് സിനിമയാക്കാൻ ഉദ്ദേശിക്കുന്നതെന്ന് കമലിനോട് മണി പറഞ്ഞു. അങ്ങനെ മുതലിയാർ കമലിലൂടെ മണി രത്നത്തിന്റെ നായകനായി.
കെ. ബാലചന്ദ്രർ കാലത്തിനു ശേഷം കമൽ ഹാസൻ ആദ്യമായി ഒരു സംവിധായകന്റെ ഉപകരണമാണെന്ന് തോന്നിയ സിനിമയാണ് 'നായകന്‍'. സ്ക്രീനിൽ കമൽ വേലു നായ്ക്കരായി മികച്ച പ്രകടനം കാഴ്ച വയ്ക്കുമ്പോൾ ഓരോ ഷോട്ടിലും ഓരോ ഫ്രെയിമിലും മണി തന്റെ സാന്നിധ്യവും വ്യക്തമാക്കി. തനത് ശൈലിയിൽ അഭിനയിക്കാൻ വിടുമ്പോഴും തനിക്ക് വേണ്ടാത്തത് എന്തെന്ന് കൃത്യമായി കമലിനോട് പറയാൻ ആ സംവിധായകന് സാധിച്ചു. വേലു നായ്ക്കർ 50 ശതമാനം കമലും 50 ശതമാനം മണി രത്നവുമാണ്.
വർഷങ്ങൾക്ക് ശേഷം മകളെ കാണുന്ന നായ്ക്കരെ നോക്കൂ. അയാളുടെ കണ്ണിൽ, ഒരു മഹാനഗരത്തിൽ ഒറ്റയ്ക്കു വന്നുപെടുന്ന ഒരു കുട്ടിയുടെ ഭയമുണ്ട്. തന്നെ ആ നാട് സ്വീകരിക്കുമോ, കൈവിടുമോ എന്ന ചോദ്യമുണ്ട്. മകളും അയാൾക്ക് ബോംബെ നഗരം പോലെയാണ്. ഒരുപക്ഷേ വേലു നായ്ക്കർ സിനിമയിൽ ഉടനീളം വീണ്ടെടുക്കാൻ ശ്രമിക്കുന്നത് തന്റെ മകളെയാണ്. ആ വികാരമാണ് ഗോഡ് ഫാദറിൽ നിന്ന് നായകനെ വേറിട്ടു നിർത്തുന്നത്. അയാൾ ചെയ്യുന്നത് നല്ലതോ ചീത്തയോ എന്ന് മണി രത്നം പറയുന്നില്ല. പകരം അയാളിലെ ഗ്രേ ഏരിയ ചൂണ്ടി ഒരു കുട്ടിയിലൂടെ നിഷ്ക്കളങ്കമായി ആ ചോദ്യം, ചോദ്യം മാത്രം മുന്നോട്ട് വയ്ക്കുന്നു. "നീങ്ക നല്ലവരാ? കെട്ടവരാ?"
പഗൽനിലവിലെ സെൽവത്തിൽ തുടങ്ങി മണി രത്നത്തിന്റെ എല്ലാ കഥാപാത്രങ്ങളും ഈ ചോദ്യത്തിന്റെ ബാക്കിപത്രങ്ങളാണ്. ദളപതിയിലെ സൂര്യയിലും, അഞ്ജലിയിലെ ശേഖറിലും എല്ലാം ഇത് കാണാം. എന്തിനേറെ പറയുന്നു കണ്ണത്തിൽ മുത്തമിട്ടാലിലെ അമുദയിൽപോലും "ഞാൻ നല്ലതാണോ? ചീത്തയാണോ?" എന്ന സംശയം കിടപ്പുണ്ട്. ആ സംശയം, "എന്തുകൊണ്ടാ ഞാൻ മാത്രമിങ്ങനെ? ഞാൻ നിങ്ങളുടെ മോളല്ലേ?" എന്ന അവൾക്കുപോലും ഉത്തരം ആവശ്യമില്ലാതിരുന്ന ഒരു ചോദ്യത്തിൽ എത്തുന്നിടത്താണ് അമുദയുടെ സത്യാന്വേഷണം ആരംഭിക്കുന്നത്.
മണി രത്നത്തിന്റെ പ്രണയത്തിലും ഈ നല്ലത് കെട്ടത് ചോദ്യത്തിന് സമാനമായ ഒരു കുരുക്ക് കിടപ്പുണ്ട്. ടോക്സിസിറ്റി, റെഡ് ഫ്ലാഗ്, സിറ്റുവേഷൻഷിപ്പ് എന്നിങ്ങനെ ഒരു ബന്ധത്തിനുള്ളിലെ എല്ലാ കയറ്റിറക്കങ്ങൾക്കും വ്യക്തമായ ജാർഗണുകളുള്ള കാലത്ത് അയാളുടെ കുറിയ ഡയലോഗുകൾ പ്രസക്തമാകുന്നത് അവയുടെ വൈകാരികമായ ആഴം കാരണമാണ്. അലൈപായുദയിലെ കാർത്തിക്കും ശക്തിയും ഇന്നും എവിടെയോ തർക്കിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് വ്യക്തികൾ ഒരു കൂരയ്ക്ക് കീഴെ എത്തുമ്പോൾ സംഭവിക്കുന്ന ഭിന്നതകൾ. മണി രത്നത്തിന്റെ കഥാപാത്രങ്ങൾ 'നാം ഒന്ന്' എന്ന സങ്കൽപ്പത്തിനുള്ളിൽ ഉണ്ടുറങ്ങുന്നവരല്ല. അവർ രണ്ട് വ്യക്തികളായി നിന്ന് പ്രണയിക്കുന്നവരാണ്. ഈ കഥാപാത്രങ്ങളുടെ വകഭേദങ്ങളാണ് ആയുധ എഴുത്തലും ഒ.കെ. കൺമണിയിലും കാട്രു വിളയിടിലും നമ്മൾ കണ്ടത്.
പ്രണയം മണി രത്നം സിനിമകളിൽ ഒറ്റ നിമിഷത്തിൽ, ഒറ്റ പ്രായത്തിൽ തുടങ്ങി അവസാനിക്കുന്ന ഒന്നല്ല. അതിന് തുടർച്ചയുണ്ട്. ഒപ്പം വളർന്ന്, വയസായി, ഒടുവിൽ ഒരാൾ മറ്റൊരാൾക്ക് താങ്ങാകുന്നതിന് സംവിധായകൻ വഴിയൊരുക്കുന്നു. ഒകെ കൺമണിയിലെ ഗണപതി-ഭവാനി ദമ്പതികൾ അതിന് ഉദാഹരണമാണ്. ഭവാനി ഉണരുമ്പോൾ തന്നെ മറന്നിരിക്കുമോ, അങ്ങനെ സംഭവിച്ചാൽ അവൾ ഒറ്റയ്ക്കാവില്ലേ എന്ന ചിന്തയാണ് ഗണപതിയെ എല്ലാ ദിവസവും മരിക്കാതെ പിടിച്ചെഴുന്നേൽപ്പിക്കുന്നത്.
ഒരാളുടെ ശൂന്യത അല്ലെങ്കിൽ അയാള്‍ ഇല്ലെങ്കിലോ എന്ന തോന്നലിൽ നിന്ന് പ്രേക്ഷകരിൽ പ്രണയാനുഭവം ഉണ്ടാക്കുക ഒരു മണി രത്നം ടെക്നിക്കാണ്. ബോബെയിലേക്ക് വന്നിറങ്ങുന്ന ഷൈലാ ബാനു ഒരു നിമിഷം ആ തിരക്കിൽ ശേഖറിനെ കാണാതെ ഭയന്നുപോകുന്നുണ്ട്. ആ ഒരു നിമിഷവും അതിനു ശേഷം ശേഖറിനെ കാണുമ്പോൾ അവളിലുണ്ടാകുന്ന പരവേശവുമാണ് മണി രത്നം പ്രണയം. കൂടെയുള്ള ആൾ കുറച്ചു നേരത്തേക്കെങ്കിലും ഇല്ലാതാകുമ്പോൾ ഉണ്ടാകുന്ന ശൂന്യതയിലാണ് അവരേക്കുറിച്ചുള്ള ഒർമകൾ കടന്നുവരിക എന്ന് മണി രത്നം തന്റെ സിനിമകളിലൂടെ പറയുന്നു. അത് കേവലം ഒരു സിനിമാറ്റിക് ടെക്നിക്ക് മാത്രമല്ല. ആയിരുന്നെങ്കിൽ ആ സിനിമകൾ നമ്മളെ റൊമാന്റിക് ആക്കില്ലായിരുന്നു.
ഇനി നമുക്ക് ആ ആദ്യ ചോദ്യത്തിലേക്ക് തിരികെ പോകാം. ഈ മണി രത്നം സിനിമകൾ എന്താണിങ്ങനെ? കാണാൻ എന്തോ ഒരു വ്യത്യാസം? അതിന് വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ല? അതേ ഭംഗി. അതെന്താണങ്ങനെ?
ഇരുവർ എന്ന സിനിമ ഉദാഹരണമായി എടുക്കാം. ഈ സിനിമയിലെ ഡ്യുവാലിറ്റിയെ കാണിക്കാൻ സിനിമാറ്റോഗ്രഫിയെ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സന്തോഷ് ശിവനാണ് ഡിഒപി. സിനിമയിൽ, മട്ടുപ്പാവിൽ നിൽക്കുന്ന ആനന്ദനും തമിഴ്ശെൽവനും താഴെ കൂടിയിരിക്കുന്ന ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന ഒരു രംഗമുണ്ട്. വെള്ളിത്തിരയിലെ നായകനിൽ നിന്നും ആനന്ദനെ തമിഴ് ശെൽവൻ ഒരു ജനനായകനായി അവതരിപ്പിക്കുന്ന സീനാണിത്. സിനിമയിൽ ഉടനീളം കാണുന്ന പോലെ ക്ലോസപ്പിൽ രണ്ട് പേരെയും ഫ്രെയിമിന്റെ വശങ്ങളിൽ ക്രമീകരിക്കുന്നു. ആനന്ദന്റെ കൈകൾ തമിഴ് ശെൽവൻ പിടിച്ചുയർത്തുമ്പോൾ ഇരുവരുടെയും കൈകൾക്കിടയിലൂടെയാണ് നാം ജനങ്ങളെ കാണുന്നത്. ആ കൂട്ടത്തിന്റെ ഭാഗധേയം ഈ ഇരുവർക്കിടയിൽ പകുക്കുന്നതുപോലെ.
ആനന്ദന്റെയും തമിഴ് ശെൽവന്റെയും ആഗ്രഹങ്ങൾ, ലക്ഷ്യങ്ങൾ, പ്രണയം, അവർ തിരഞ്ഞെടുക്കുന്ന വഴികൾ, അവരുടെ കയറ്റിറക്കങ്ങൾ എന്നിവയെല്ലാം സന്തോഷ് ശിവന്റെ ഫ്രെയിമുകളാണ് സബ്റ്റിലായി പറഞ്ഞുവയ്ക്കുന്നത്. ആനന്ദൻ ഒഴിഞ്ഞ സിനിമാ സെറ്റിലെ സിംഹാസനത്തിൽ വന്നിരിക്കുന്ന ഫ്രെയിം മാത്രം മതി അയാളുടെ ഉള്ളറിയാൻ. ഡയലോഗുകളെക്കാൾ ക്യാമറ സംസാരിക്കുന്ന മണി രത്നം സിനിമയാണ് ഇരുവർ.
ക്യാമറയ്ക്ക് മുൻപ് ഈ ദൃശ്യങ്ങൾ എല്ലാം മണി രത്നത്തിന്റെ മനസിലാണ് പതിയുന്നത്. ആ ദൃശ്യങ്ങളുടെ പകർപ്പവകാശം അയാൾക്ക് മാത്രം സ്വന്തമാണ്. അതാണ് അദ്ദേഹത്തിന്റെ സിനിമകളെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
സ്വന്തം ജീവൻ ഒരു തത്തയ്ക്കുള്ളിൽ ഒളിപ്പിച്ച ഒരു രാജാവിന്റെ കഥ നിങ്ങൾ കേട്ടിട്ടില്ലേ? അതുപോലെ രണ്ട് മനുഷ്യരിലാണ് മണി രത്നം സിനിമകളുടെ ഉയിർ കിടക്കുന്നത്. ഒന്ന് ഇസൈജ്ഞാനി ആണെങ്കിൽ മറ്റൊന്ന് ഇസൈ പുയലാണ്. ഇളയരാജയിൽ തുടങ്ങി റഹ്മാനിലൂടെ വളർന്നുകൊണ്ടിരിക്കുന്ന മണി രത്നം ആൽബങ്ങൾ സിനിമയുടെ വാണിജ്യമൂല്യം വർധിപ്പിക്കാനുള്ള കേവലം കൂട്ടിച്ചേർക്കലുകൾ മാത്രമല്ല. അവ കഥ പറയാനുള്ള ടൂളുകൂടിയാണ്. ഒരു പാട്ടും വെറുതെ അല്ല സിനിമയിലേക്ക് കടന്നുവരുന്നത്. പാട്ട് കേൾക്കാൻ മാത്രമല്ല കാണാൻ കൂടിയുള്ളതാണെന്ന് സ്ഥാപിച്ചത് മണി രത്നമാണ്. അതിലുപരിയായി ഒരു സീനിന്റെ വൈകാരികതലം പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഡയലോഗുകൾ ആവശ്യമില്ലെന്നും അതിന് പശ്ചാത്തലസംഗീതം ഉപയോഗിക്കാമെന്ന് കാണിച്ചുതന്നതും മണി രത്നമാണ്.
കേവലം സുന്ദരമായ ദൃശ്യങ്ങള്‍ മാത്രമല്ല മണി രത്നം സിനിമകൾ. എന്തെങ്കിലും തരത്തിലുള്ള സന്ദേശം നൽകാനല്ല താൻ സിനിമകൾ എടുക്കുന്നതെന്ന് പലകുറി അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാൽ ആയുധ എഴുത്ത്, കണ്ണത്തിൽ മുത്തമിട്ടാൽ, ബോംബെ, ഇരുവർ എന്നീ ചിത്രങ്ങളിൽ രാഷ്ട്രീയത്തിന്റെ ഛായകൾ കാണാം. കഥാപാത്രങ്ങളെ, അവരുടെ വ്യക്തിപരമായ അനുഭവങ്ങളെ മുന്നിലേക്ക് കൊണ്ടുവന്ന് രാഷ്ട്രീയത്തെ സബ് ടെക്സ്റ്റായി മാറ്റുകയാണ് മണി സ്റ്റൈൽ. റോജയിലെ ഭീകരവാദികൾക്കും ദിൽ സേയിലെ വിഘടനവാദികൾക്കും ഒരു പത്ര റിപ്പോർട്ടിൽ വരുന്ന വിശദാംശങ്ങൾ മാത്രമാണ് അദ്ദേഹം നൽകിയിരിക്കുന്നത്. ഇത് വലിയതോതിൽ വിമർശിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ബോംബെയിലും കണ്ണത്തിൽ മുത്തമിട്ടാലിലും അതങ്ങനെയല്ല.
ഒരു കുട്ടിയുടെ അമ്മയെ തിരഞ്ഞുള്ള യാത്രമാത്രമല്ല കണ്ണത്തിൽ മുത്തമിട്ടാൽ. അത് തമിഴ് ഈഴത്തിന്റെ കഥ കൂടിയാണ്. ബോംബെ ഒരു പ്രണയ കഥ മാത്രമല്ല. ബാബറി മസ്ജിദ് തകർച്ചയ്ക്ക് ശേഷമുള്ള ബോംബെ കലാപത്തിന്റെ കഥ കൂടിയാണ്. പ്രതീക്ഷയുടെ സന്ദേശമാണ് ഈ സിനിമ മുന്നോട്ട് വയ്ക്കുന്നത്. പ്രണയം അതിന് ഒരു മാധ്യമമാകുകയായിരുന്നു. അതുകൊണ്ടാകണം വലിയതോതിൽ സെൻസറിങ് ഈ സിനിമയിക്ക് നേരിടേണ്ടി വന്നത്. ബാബറി മസ്ജിദ് തകർച്ച സിനിമയിൽ ഹെഡ്‌ലൈനുകൾ മാത്രമായി. കലാപവുമായി ബന്ധപ്പെട്ട ഒന്നര മിനിറ്റോളം ഫൂട്ടേജാണ് കട്ട് ചെയ്തത്. എന്നിട്ടും ബോംബെ അതിന്റെ രാഷ്ട്രീയം സംസാരിച്ചു. അതുകൊണ്ടാകണം സിനിമ ഇറങ്ങിയ ശേഷം മണി രത്നത്തിന്റെ സ്വൈര്യ ജീവിത്തിലേക്ക് ഒരു ബോംബ് വന്നു വീണത്. അത് അയാളെ ഭയപ്പെടുത്തിയിരിക്കുമോ? ഏയ് ഇല്ല. അയാൾ നിശബ്ദമായി തന്റെ ജോലി തുടർന്നു.
പാൻ ഇന്ത്യൻ സിനിമകളുടെ ആക്രോശങ്ങൾക്കിടയിലും ഈ സ്ഥൈര്യം കാത്ത് സൂക്ഷിക്കാൻ മണി രത്നത്തിന് സാധിക്കുന്നുണ്ട്. വളരെ പതുക്കെയാണ് ഇപ്പോഴും അദ്ദേഹം പ്രേക്ഷകരോട് സംസാരിക്കുന്നത്. കൽക്കിയുടെ പൊന്നിയിൻ ശെൽവൻ മണി രത്നത്തിന്റെ കയ്യിലൂടെ കടന്നുപോയപ്പോൾ പോർവിളികൾ കുറഞ്ഞതും അതുകൊണ്ടാകാം. ബാഹുബലിയോ കെജിഎഫോ അല്ല പൊന്നിയിൻ ശെൽവൻ. അനുകരണമല്ല മണിയുടെ കല. അതിപ്പോൾ പുരാണങ്ങളിൽ നിന്ന് കടമെടുത്ത കഥയാണെങ്കിൽ കൂടി. ദുര്യോധനൻ ദേവരാജ് ആകുമ്പോൾ, രാമൻ ദേവ് ആകുമ്പോൾ, കഥ തന്നെ മാറുന്നു. അത് തന്നെയാണ് മണി രത്നം മാജിക്ക്.
'Sprezzatura' എന്ന ഇറ്റാലിയൻ വാക്കാണ് മണി രത്നത്തെ വിശേഷിപ്പിക്കാൻ എ.ആർ. റഹ്മാൻ ഉപയോഗിക്കുന്നത്. എത്ര സങ്കീർണ്ണമായ കാര്യവും ലളിതമായി അവതരിപ്പിക്കുന്നയാൾ എന്ന അർത്ഥത്തിലാണിത്. എന്താണ് ഈ സങ്കീർണ്ണത?
സിനിമ ഒരൊറ്റ താളത്തിലെത്തണം. പ്രേക്ഷകർ ക്യാമറ മറക്കണം. അവരുടെ ഇഷ്ട താരത്തിന്റെ ഛായയില്ലാതെ കഥാപാത്രങ്ങളെ സ്‌ക്രീനിൽ എത്തിക്കണം. അവിടെ കമലുമില്ല രജനിയുമില്ല. കഥ മാത്രം. ഇതിനെല്ലാം ഉപരി യുദ്ധങ്ങളുടെ കാലത്ത് അവ അവസാനിക്കുമെന്നും വിടിയൽ വരും എന്നും അന്ന് നീ തിരിച്ചു വാ എന്നും ഒരു അമ്മയെ കൊണ്ട് മകളോട് പറയിപ്പിക്കാൻ സാധിക്കണം. എന്ന് എന്ന അവളുടെ ചോദ്യത്തിന് ഒരു നോട്ടത്തിൽ മറുപടി നൽകിപ്പിക്കണം. അഞ്‌ജലിയെന്ന കുഞ്ഞിനെ അമ്മയിൽ നിന്നും മാറ്റിനിർത്തണം. മകന്റെ സാമിപ്യം അറിഞ്ഞിട്ടും പുറത്തുകാട്ടാനാവാതെ മറ്റൊരു അമ്മയെ നീറ്റിക്കണം.
മറുപിള്ളയോടെ ഈ സിനിമകൾ തിയേറ്ററിന്റെ ഇരുട്ടിൽ മടിയിൽ വന്നു വീണപ്പോൾ നമ്മൾ ഈ സങ്കീർണ്ണതകൾ ഒന്നും കണ്ടില്ല. നമ്മുടെ കണ്ണുടക്കിയത്, എൻഡ് ക്രെഡിറ്റിലെ ആ പേരിൽ മാത്രം. WRITTEN AND DIRECTED BY MANI RATNAM.