നക്ഷത്ര Source: Files
MOVIES

റീൽസിൽ നിന്ന് ബിഗ് സ്ക്രീനിൽ; പാൻ-ഇന്ത്യൻ സ്റ്റാറായി കണ്ണൂരുകാരി നക്ഷത്ര

'ഇരുമുടി' തിയേറ്ററുകളിലെത്തിയതോടെ വലിയ പ്രേക്ഷകപ്രീതിയാണ് രവി തേജയുടെയും നക്ഷത്രയുടെയും അച്ഛൻ-മകൾ കോംബോയ്ക്ക് ലഭിച്ചത്...

Author : ന്യൂസ് ഡെസ്ക്

സൂപ്പർതാരം രവി തേജയെ നായകനാക്കി ശിവ നിർവാണ ഒരുക്കിയ 'ഇരുമുടി' തെലുങ്ക് സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ചിത്രത്തിൻ്റെ പശ്ചാത്തലമായ അയ്യപ്പനും ശബരിമലയും ഒക്കെ പാൻ-ഇന്ത്യൻ ഹിറ്റായതിനൊപ്പം ചിത്രത്തിൽ രവി തേജയുടെ മകളായി വേഷമിട്ട മലയാളി ബാലതാരം ബേബി നക്ഷത്രയും പേര് പോലെ സ്റ്റാറായി മാറിയിരിക്കുകയാണ്.

ചിത്രത്തിൻ്റെ ട്രെയ്ലറും ഫസ്റ്റ് ലുക്കും പുറത്തുവന്നപ്പോൾ തൊട്ട് തന്നെ ചിത്രത്തിലെ പെൺകുട്ടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓഗസ്റ്റ് 21ന് ചിത്രം തിയേറ്ററുകളിലെത്തിയതോടെ വലിയ പ്രേക്ഷകപ്രീതിയാണ് രവി തേജയുടെയും നക്ഷത്രയുടെയും അച്ഛൻ-മകൾ കോംബോയ്ക്ക് ലഭിച്ചത്. തെലുങ്ക് ഭാഷ പോലും അറിയാതെ നക്ഷത്ര ചിത്രത്തിൽ നടത്തിയ മിന്നും പ്രകടനത്തെ ഏവരും അഭിനന്ദപ്രവാഹം കൊണ്ട് മൂടുകയാണ്. ധനുഷും ചിരഞ്ജീവിയും രശ്മിക മന്ദാനയും ഉൾപ്പെടെയുള്ളവർ നക്ഷത്രയുടെ പ്രകടനത്തെയും സിനിമയെയും പ്രശംസിച്ചിരുന്നു.

കണ്ണൂർ അത്താഴക്കുന്ന് സ്വദേശിനിയായ നക്ഷത്ര സബിൻ-റിജിന ദമ്പതികളുടെ മകളാണ്. കടമ്പൂർ ഹയർസെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. നാലു വയസ് മുതൽ ഇൻസ്റ്റഗ്രാം റീലുകളിൽ സജീവമായ നക്ഷത്രയ്ക്ക് ആ റീലുകളാണ് സിനിമയിലേക്കുള്ള വാതിൽ തുറന്നത്. ‘പേട്ട റാപ്പാ’യിരുന്നു ആദ്യ ചിത്രം. ‘പെറ്റ് ഡിക്ടറ്റീവ്’, ‘എന്ന് സ്വന്തം പുണ്യാളൻ’, ‘ഐ നോബഡി’ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ട് സിനിമയിൽ സജീവമാകുകയാണ് ഈ കുട്ടിത്താരം. ‘ഐ നോബഡി’യിൽ പൃഥ്വിരാജിൻ്റെയും പാർവതിയുടെയും മകളായാണ് നക്ഷത്ര വേഷമിട്ടത്. കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ്കുമാറിന്റെ മകളായുള്ള ‘ഡാഡ്’ ആണ് വരാനിരിക്കുന്ന സിനിമ.

രവി തേജയുടെ 77ാമത് ചിത്രമാണ് 'ഇരുമുടി'. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രത്തിന്റെ നിർമാണം. പ്രിയാ ഭവാനി ശങ്കറാണ് ചിത്രത്തിൽ നായികാ വേഷത്തിലെത്തുന്നത്. സായ് കുമാർ, അജയ് ഘോഷ്, രമേഷ് ഇന്ദിര, സ്വാസിക, മീസാല ലക്ഷ്മൺ, രാജ്കുമാർ കാസിറെഡ്ഡി, രമണ ഭാർഗവ്, കിഷോർ കാഞ്ചേരപാലെം, കാർത്തിക് അഡുസുമല്ലി, മഹേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം - ശിവ നിർവാണ, നിർമാതാക്കൾ - നവീൻ യെർനേനി, വൈ രവിശങ്കർ, ബാനർ - മൈത്രി മൂവി മേക്കേഴ്സ്, സംഗീതം - ജി വി പ്രകാശ് കുമാർ, ഛായാഗ്രഹണം - വിഷ്ണു ശർമ്മ, പ്രൊഡക്ഷൻ ഡിസൈനർ - സാഹി സുരേഷ്, എഡിറ്റിംഗ് - പ്രവീൺ പുഡി, സ്ക്രിപ്റ്റ് കോ-ഓർഡിനേറ്റർ - നരേഷ് ബാബു പി, കോ-ഡയറക്ടർ - സുരേഷ്, മേക്കപ്പ് - ശ്രീനിവാസ് രാജു, വസ്ത്രാലങ്കാരം - രാജേഷ്, പോസ്റ്റർ ഡിസൈനർ - യെല്ലോ ടൂത്ത്സ്, മാർക്കറ്റിങ് - ഫസ്റ്റ് ഷോ, പിആർഒ- ശബരി.

SCROLL FOR NEXT