കൊച്ചി: ബോക്സ്ഓഫീസ് പ്രവചനങ്ങൾ മറികടന്ന് മുന്നേറ്റം തുടരുകയാണ് രൺവീർ സിംഗ് നായകനായ ബോളിവുഡ് ചിത്രം 'ധുരന്ധർ'. ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ത്രില്ലർ നിറഞ്ഞ തിയേറ്റററുകളിൽ പ്രദർശനം തുടരുമ്പോഴും സിനിമയ്ക്ക് പിന്നിൽ പ്രൊപ്പഗണ്ട അജണ്ടകളുണ്ട് എന്ന തരത്തിൽ ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇതിനിടെയാണ് സിനിമയുടെ ടീസറിന്റെ എൻഡ് ക്രെഡിറ്റിൽ ചിലരുടെ കണ്ണ് പതിഞ്ഞത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയി രാഹുൽ ഗാന്ധി എന്ന പേര് ഈ ക്രെഡിറ്റ് സീക്വൻസിൽ കാണാം. ഇത് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണെന്നാണ് വ്യാപകമായി പ്രചരിക്കുന്നത്.
'ധുരന്ധർ' ടീസറിന്റെ എൻഡ് ക്രെഡിറ്റിൽ രാഹുൽ ഗാന്ധി എന്ന് വരുന്ന ഭാഗത്തിന്റെ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. "ഇത് ഏത് രാഹുൽ? ഇത് ശരിക്കുമുള്ള ആളാണെന്നാണ് തോന്നുന്നത്," ഒരു എക്സ് യൂസർ കുറിക്കുന്നു. തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് രാഹുൽ സിനിമാ മേഖലയിലേക്ക് തിരിഞ്ഞു എന്ന ക്യാപ്ഷനുമായി ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരേയും സമൂഹമാധ്യമങ്ങളിൽ കാണാം.
എന്നാൽ, ഫാക്ട് ചെക്കിങ് സൈറ്റുകൾ പറയുന്നത് ഇത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അല്ല എന്നാണ്. ഇതേ പേരുള്ള മറ്റൊരാളാണ് 'ധുരന്ധർ' സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. അക്ഷയ് കുമാറിന്റെ റസ്റ്റം, ദി ഫാമിലി മാൻ, റോക്കറ്റ് ബോയ്സ്, ബ്ലർ, ലക്കി ഭാസ്‌കർ എന്നിങ്ങനെ നിരവധി സിനിമ-സീരീസുകളുടെ ഭാഗമായ വ്യക്തിയാണ് ഈ 'രാഹുൽ ഗാന്ധി'. ടീസർ ഉണ്ടാക്കിയ ആശയക്കുഴപ്പം പരിഹരിക്കാൻ ട്രെയ്‌ലറിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ പേര് 'രാഹുൽ എച്ച് ഗാന്ധി' എന്നാണ് കൊടുത്തിരിക്കുന്നത്.
ഡിസംബർ അഞ്ചിന് ആണ് 'ധുരന്ധർ' ആഗോള തലത്തിൽ റിലീസായത്. ചില യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എടുത്തിരിക്കുന്ന സിനിമ പാകിസ്ഥാനിലെ ഇന്ത്യയുടെ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളുടെ കഥയാണ് പറയുന്നത്. ഹംസ എന്ന വ്യാജ പേരിൽ പാകിസ്ഥാൻ ഭീകര കേന്ദ്രങ്ങളിൽ നുഴഞ്ഞുകയറുന്ന ഇന്ത്യൻ സൈനികനായാണ് രൺവീർ ചിത്രത്തിൽ വേഷമിടുന്നത്. 300 കോടി രൂപയ്ക്ക് മുകളിലാണ് സിനിമ ഇന്ത്യയിൽ നിന്ന് മാത്രം കളക്ട് ചെയ്തത്.
ജിയോ സ്റ്റുഡിയോസ് , B62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിൽ രൺവീർ സിംഗിന് പുറമേ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണായക വേഷങ്ങളിലെത്തുന്നു. സാറ അർജുൻ ആണ് നായിക. 'ധുരന്ധർ 2: ദ റിവഞ്ച്' എന്ന പേരിൽ സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്. 2026 മാർച്ച് 19ന് ഈദ് റിലീസ് ആയി സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.