

മലയാളത്തിന് പുതുമയാര്‍ന്നൊരു കാരള്‍ ഗാനം സമ്മാനിച്ച് ഫെഫ്‍ക മ്യൂസിക് ഡയറക്ടേഴ്സ് യൂണിയന്‍. ജെറി അമല്‍ദേവിന്റെ ഈണത്തില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി വരികളെഴുതിയ 'സാനന്ദം വാഴ്ത്തുന്നേന്‍' എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. സംഗീത സംവിധായകരായ ഔസേപ്പച്ചനും ബേണിയും പശ്ചാത്തല സംഗീതമൊരുക്കി, ഫെമു അംഗങ്ങള്‍ ഒന്നുചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ ചിത്രീകരണവും ആകര്‍ഷകമാണ്. ക്രിസ്‌മസ് ആവേശത്തിനൊപ്പം ഗൃഹാതുരതയും കൗതുകവും സന്നിവേശിപ്പിച്ചാണ് പാട്ടൊരുക്കിയിരിക്കുന്നത്. പാരഡിയായും അല്ലാതെയും തട്ടുപൊളിപ്പന്‍ കാരള്‍ ഗാനങ്ങള്‍ അരങ്ങു തകര്‍ക്കുന്നതിനിടെയാണ് ഫെമുവിന്റെ ക്രിസ്‌മസ് സമ്മാനം ആസ്വാദകഹൃദയങ്ങള്‍ കീഴടക്കുന്നത്.
ഫെഫ്‍ക മ്യൂസിക് ഡയറക്ടേഴ്സ് യൂണിയന്റെ (ഫെമു) ക്രിസ്മസ് ആശംസാ കാര്‍ഡ് ജെറി അമല്‍ദേവിന് എത്തുന്നതില്‍ നിന്നാണ് വീഡിയോയുടെ തുടക്കം. പ്രിയ ജെറി മാസ്റ്റര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേരുന്ന കത്തില്‍ ഒരു കുഞ്ഞ് ആഗ്രഹം കൂടി പങ്കുവയ്ക്കുന്നുണ്ട്. "മാസ്റ്ററുടെ സംഗീതത്തില്‍ ഒരു ക്രിസ്മസ് ഗാനം. അതിന് തിരുമേനിയുടെ വരികള്‍ കൂടിയായാല്‍ ക്രിസ്മസ് കേക്കിനേക്കാളും മധുരവുമുണ്ടാകും. ഞങ്ങള്‍ക്കെല്ലാം അതില്‍ ചേര്‍ന്നു പാടാന്‍ ആഗ്രഹവുമുണ്ട്. ആ സമ്മാനം ഞങ്ങള്‍ പ്രതീക്ഷിച്ചോട്ടെ... സ്നേഹത്തോടെ ഫെഫ്ക മ്യൂസിക് ഡയറക്ടേഴ്സ്", എന്നാണ് സന്ദേശക്കത്തിലെ ഉള്ളടക്കം. കത്ത് വായിച്ചശേഷം ജെറി മാസ്റ്റര്‍ കൈതപ്രത്തെ ഫോണില്‍ വിളിക്കുന്നതും, അദ്ദേഹം പാട്ടിന് വരികളെഴുതുന്നതും കാണാം.
ജെറി മാസ്റ്ററുടെ ഈണത്തിന് 'സാനന്ദം വാഴ്ത്തുന്നേന്‍... ഈശോനാഥന്‍ ആഗമനം, സാമോദം പാടുന്നേന്‍... ആനന്ദാമൃത സംഗീതം' എന്നാണ് കൈതപ്രം വരികളെഴുതിയിരിക്കുന്നത്. സ്നേഹത്തിന്റെ പുതുജന്മവും, ജീവസാന്ത്വനവും അത്രമേല്‍ വസന്തമായി വന്നവനുമായ യേശുക്രിസ്തുവിന്റെ ജനനവാര്‍ത്ത വാഴ്ത്തിപ്പാടുന്നതാണ് വരികള്‍. ഔസേപ്പച്ചന്റെ വയലിന്‍ പീസിലാണ് പാട്ടിന്റെ തുടക്കം. ബാന്‍ജോ, മാന്‍ഡലിന്‍, അക്കോസ്റ്റിക് ഗിത്താര്‍ എന്നിവ വായിച്ച് ബേണിയും ചേരുന്നു. ബാസ് ഗിത്താറില്‍ സുമേഷ് പരമേശ്വര്‍. കീബോര്‍ഡ് പ്രോഗ്രാമിങ് സാനന്ദ് ജോര്‍ജ് ഗ്രേസ്. പ്രൊഡക്ഷന്‍ മേല്‍നോട്ടം ജേക്സ് ബിജോയ്. ഇന്‍ട്രോ സ്കോര്‍ രാഹുല്‍ രാജ്. ദീപക് ദേവിന്റെ ശബ്ദത്തിലാണ് കത്ത് വായിക്കുന്നത് കേള്‍ക്കുന്നത്. കാരള്‍ വീഡിയോ ഗാനത്തിന്റെ ആശയം റിനില്‍ ഗൗതമിന്റേതാണ്. സംവിധാനം ആര്‍വിആര്‍. സ്റ്റീഫന്‍ ദേവസിയുടെ എസ്‌ഡി സ്കേപ്സ് സ്റ്റുഡിയോയിലാണ് വീഡിയോ ഷൂട്ട് ചെയ്തത്.
ഫെഫു അംഗങ്ങളായ സംഗീത സംവിധായകരും ഗായകരും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. സയനോര ഫിലിപ്പ്, ഗൗരി ലക്ഷ്മി, സംഗീത വര്‍മ, ഷാന്‍ റഹ്മാന്‍, അല്‍ഫോണ്‍സ് ജോസഫ്, സതീഷ് രാമചന്ദ്രന്‍, ബാലഗോപാല്‍, ബെന്നി ജോണ്‍സണ്‍, സാനന്ദ് ജോര്‍ജ് ഗ്രേസ്, ഷിബു കല്ലാര്‍, സൈലേഷ് നാരായണന്‍, മുരളീധരന്‍ എ, സുരേഷ് നന്ദന്‍, ഡോ. സാം കടമനിട്ട, ദീപക് ദേവ്, റോണി റാഫേല്‍, ജേക്സ് ബിജോയ്, അനില്‍ ഗോപാലന്‍, ഹരീഷ് മണി, സജീവ് മംഗലത്ത്, പ്രദീപ് ടി.എം., വാഴമുട്ടം ചന്ദ്രബാബു, ജാക്സൺ വിജയൻ, റിജോഷ് വി.എ., രഞ്ജിൻ രാജ്, വിജയ് കരുൺ, പ്രമോദ് ചെറുവത്ത്, രഞ്ജിത്ത് മേലേപ്പാട്ട്, രാജേഷ് മോഹന്‍, ബിജിബാൽ, രാഹുൽ രാജ്, യൂനിസിയോ, സജീവ് രാമൻ, സാമുവൽ എബി, ജൊനാഥൻ ബ്രൂസ്, ഡൊണാൾഡ് മാത്യു, ടി.എസ് ജയ്‌രാജ്, റിനി ഗൗതം, ആൻറണി എബ്രഹാം എന്നിവരാണ് ഗായകര്‍. ഈണമൊരുക്കിയ ജെറി മാസ്റ്റര്‍ ഉള്‍പ്പെടെ എല്ലാവരും കറുപ്പ് വസ്ത്രത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. പല തലമുറയില്‍പ്പെട്ട സംഗീതജ്ഞര്‍ ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് കാരള്‍ ഗാനത്തിന്.
ഫെമു നിര്‍മിച്ച ഗാനം സോണി മ്യൂസിക് മലയാളമാണ് യുട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്. ഒരാഴ്ച ആകുമ്പോള്‍ 1.8 മില്യണ്‍ ആളുകളാണ് പാട്ട് കണ്ടത്. മികച്ച പ്രതികരണവുമുണ്ട്. "ജെറി അമൽ ദേവ് എന്ന് കേട്ടപ്പോൾ തന്നെ എന്തോ ഒരു വല്ലാത്ത സമാധാനം. നോക്കെത്താ ദൂരത്തു കണ്ണും നട്ടു ഇരുന്നപ്പോൾ കിട്ടിയത്" എന്ന് ഒരാള്‍ കുറിച്ചു. "മഹാരഥന്മാരായ സംഗീതജ്ഞരോടൊപ്പം മലയാള സിനിമാ സംഗീതത്തിലെ നവാഗതരായ സംഗീത സംവിധായകരെ കൊണ്ട് പാടിപ്പിച്ച ഒരു ഗാനം. ഇങ്ങനെയൊരു ആശയം തോന്നിയ ഫെമു ഫാമിലിക്ക് ആദ്യമായി കൂപ്പുകൈ". "ഒരേ സ്വരം, ഒരേ നിറം, ഒരേ താളം... പഴമയിലെ പുതുമയിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് നന്ദി", "ഈ മനോഹരമായ ഗാനം പങ്കുവെച്ചതിന് നന്ദി. ഇത് ക്രിസ്മസ് രാവിനെ കൂടുതൽ അവിസ്മരണീയമാക്കുന്നു. ഇത് കേൾക്കുമ്പോൾ, ഓർമകൾ നിറഞ്ഞ ഒരു ലോകത്തിലേക്ക് നമ്മൾ തിരികെ പോകുന്നതുപോലെ തോന്നുന്നു. ദൈവം ലോകത്തിന് നൽകിയത് സ്നേഹമല്ലാതെ മറ്റൊന്നുമല്ല - ദയയും കരുതലും. ഈ ലോകത്ത് അവൻ നമുക്ക് നൽകിയ ജീവിതത്തിന് ഞങ്ങൾ നന്ദിയുള്ളവരാണ്, കഠിനജീവികളാകാതെ മനുഷ്യരായി ജീവിക്കാൻ ഞങ്ങളെ അനുവദിച്ചു. നിങ്ങളുടെ സ്നേഹവും ദയയും പ്രചരിപ്പിക്കുക - അത് ലോകത്തെ കൂടുതൽ നന്ദിയുള്ളതും മനോഹരവുമായ ഒരു സ്ഥലമാക്കി മാറ്റാൻ സഹായിച്ചേക്കാം" എന്നിങ്ങനെ നീളുന്നു കമന്റുകള്‍.
അനുകരണമോ, പാരഡിയോ അല്ലാതെയുള്ള ഒറിജിനല്‍ സ്കോര്‍ എന്നതു തന്നെയാണ് ഫെഫ്‌കയുടെ കാരള്‍ ഗാനത്തെ ജനകീയമാക്കുന്നത്. അമിത വാദ്യവിന്യാസമോ ആര്‍ത്തലയ്ക്കലോ ഇല്ലാതെ, ശാന്തമായ താളത്തിലും ഈണത്തിലും ഒരുക്കിയിരിക്കുന്ന പാട്ട് ആരെയും ആകര്‍ഷിക്കുന്നതാണ്. അത്തരത്തിലുള്ള കമന്റുകളും പാട്ടിന് ലഭിച്ചിട്ടുണ്ട്. "പഴമക്കാർ വടിയും എടുത്ത് ഇറങ്ങിയാൽ തീരാവുന്നതേയുള്ളൂ ന്യൂജൻ മ്യൂസിക് കോലാഹലം എന്ന് വീണ്ടും തെളിയിച്ചു. ക്രിസ്മസ് ആയി എന്നൊരു ഫീൽ കേട്ടുകഴിഞ്ഞപ്പോൾ", "കുറേ നാളുകൾക്കു ശേഷം നല്ല ഒരു കരോൾ ഗാനം കേൾക്കാൻ പറ്റി. ഇപ്പോൾ ഇറങ്ങുന്ന ഗാനങ്ങൾ എല്ലാം യാതൊരു അർത്ഥവുമില്ലാത്ത കുറേ വാക്കുകൾ കുത്തിനിറച്ചതും അരോചകമായ ഈണവും കൊടുത്ത് വെറുപ്പിക്കുന്നവയാണ്. അഭിനന്ദനങ്ങൾ" എന്നിങ്ങനെ പോകുന്നു അത്തരം കമന്റുകള്‍.