ദൃശ്യം 
MOVIES

വീണ്ടും ഒരു ഓഗസ്റ്റ് 2 ശനിയാഴ്ച; സോഷ്യൽ മീഡിയയിൽ നിറഞ്ഞ് ജോർജ്കുട്ടിയും കുടുംബവും

2013 -ലാണ് ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമ റിലീസ് ചെയ്യുന്നത്.

Author : ന്യൂസ് ഡെസ്ക്

'ഇന്ന് ഓ​ഗസ്റ്റ് രണ്ട് ശനിയാഴ്ച. ഇന്നാണ് ജോർജ്കുട്ടിയും കുടുംബവും തൊടുപുഴയിൽ ധ്യാനത്തിന് പോയത്' എല്ലാ വർഷവും ഓഗസ്റ്റ് രണ്ടാം തിയതി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന ട്രോളും മീമും ആണിത്. പ്രേക്ഷകർ ദൃശ്യം എന്ന ചിത്രം എത്രത്തോളമാണ് നെഞ്ചിലേറ്റിയിരിക്കുന്നത് എന്ന് മനസിലാക്കാന്‍ ഇത് മതി.

2013 -ലാണ് ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമ റിലീസ് ചെയ്യുന്നത്. അതായത് ചിത്രം ഇറങ്ങിയിട്ട് ഇന്ന് 12 വർഷം കഴിഞ്ഞു. ഇന്ന് സമൂഹ മാധ്യമങ്ങളിൽ മുഴുവൻ നിറഞ്ഞ് നിൽക്കുന്നതും ജോർജ് കുട്ടിയും കുടുംബവുമാണ്. ഒപ്പം വരുൺ പ്രഭാകറും. 'വരുൺ പ്രഭാകറിന്‍റെ 12 ാം ചരമദിനം' , 'ഇന്ന് ഓഗസ്റ്റ് രണ്ട് ശനി ജോർജ്കുട്ടിയും കുടുംബവും തൊടുപുഴയിൽ ധ്യാനത്തിന് പോയ ദിവസം', 'സിനിമ പ്രേമികൾ ഒരിക്കലും മറക്കാത്ത ദിവസം' എന്നിങ്ങനെ നീളുന്നു മീമുകൾ.

ഇത്രയധികം വർഷങ്ങൾ കഴിഞ്ഞു. നിരവധി സിനിമകൾ റിലീസ് ചെയ്തു. അതിൽ പലതും സൂപ്പർഹിറ്റുകളായി. എന്നാൽ ആരും ദൃശ്യത്തോളം മറ്റൊരു സിനിമയെയും ഇത്രയധികം ആഘോഷിട്ടില്ല എന്ന് തോന്നും. പിന്നീട് പല ആരോപണങ്ങൾക്കും ഈ ചിത്രം വിധേയമായിട്ടുണ്ട്. ഈ സിനിമ കണ്ട് പ്രചോദനമുൾക്കൊണ്ട് പലരും അത്തരത്തിൽ കൊലപാതകങ്ങൾ ചെയ്തിട്ടുണ്ടെന്നും, അത്തരത്തിൽ ചെയ്ത കൊലപാതകങ്ങളെ ദൃശ്യം മോഡൽ കൊലപാതകമെന്നും സോഷ്യൽ മീഡിയയും, മാധ്യമങ്ങളും വിളിച്ചു. കുറ്റവാളികളെ സൃഷ്ടിക്കാൻ ഈ ചിത്രം പ്രേരണയാകുമെന്നുള്ള കുറ്റപ്പെടുത്തലുകളും സംവിധായകന്‍ നേരിട്ടിരുന്നു.

മോഹന്‍ലാലും മീനയും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ഒരു ക്രൈം ത്രില്ലറാണ്. 2021ലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്തത്. 'ദൃശ്യം ദി റിസംഷന്‍' എന്നായിരുന്നു രണ്ടാം ഭാഗത്തിന്റെ പേര്. അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, ആശാ ശരത്, ഇര്‍ഷാദ്, റോഷന്‍ ബഷീര്‍, അനീഷ് ജി മേനോന്‍, കുഞ്ചന്‍, കോഴിക്കോട് നാരായണന്‍ നായര്‍, പി. ശ്രീകുമാര്‍, ശോഭ മോഹന്‍, കലഭാവന്‍ റഹ്‌മാന്‍, കലാഭവന്‍ ഹനീഫ്, ബാലാജി ശര്‍മ, സോണി ജി സോളമന്‍, പ്രദീപ് ചന്ദ്രന്‍, അരുണ്‍ എസ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ വേഷമിട്ടിരുന്നു. രണ്ടാം ഭാഗത്തിലും ഇവര്‍ മിക്കവരുമുണ്ടായിരുന്നു. തിരക്കഥ എഴുതിയതും ജീത്തു ജോസഫാണ്.

SCROLL FOR NEXT