സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്ത് നായകനായ 'ജയിലർ 2'. നെൽസൺ ദിലീപ് കുമാർ ഒരുക്കുന്ന ചിത്രം ഒക്ടോബർ 15ന് തിയേറ്ററുകളിലേക്ക് എത്തുമെന്ന് അടുത്തിടെ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സിനിമയുടെ റിലീസ് നീട്ടിയെന്നും ചില ഭാഗങ്ങൾ റീഷൂട്ട് ചെയ്യുകയാണെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണമുണ്ടായിരുന്നു. ഇപ്പോഴിതാ, ഇത്തരം അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് നിർമാതാക്കൾ തന്നെ രംഗത്തെത്തിയിരിക്കുന്നു. രജനി ചിത്രം മുൻ നിശ്ചയിച്ച തീയതിയിൽ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്ന് നിർമാതാക്കളായ സൺ പിക്ചേഴ്സ് വ്യക്തമാക്കി.
സിനിമയുടെ ചിത്രീകരണം പൂർത്തിയായതായി അടുത്തിടെ രജനികാന്ത് സ്ഥിരീകരിച്ചിരുന്നു. നിലവിൽ, സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. തോക്കുമായി നിൽക്കുന്ന രജനികാന്ത് കഥാപാത്രം മുത്തുവേൽ പാണ്ഡ്യന്റെ പോസ്റ്ററിനൊപ്പമാണ് ചിത്രം ഒക്ടോബർ 15ന് തന്നെയെത്തുമെന്ന് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.
നെൽസൺ ഒരുക്കിയ ബ്ലോക് ബസ്റ്റർ ചിത്രം 'ജയിലറി'ന്റെ രണ്ടാം ഭാഗമാണ് 'ജയിലർ 2'. 2023ൽ റിലീസ് ചെയ്ത 'ജയിലർ' 600 കോടിയിലേറെയാണ് ആഗോളതലത്തിൽ കളക്ട് ചെയ്തത്. സിനിമയുടെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രജനി ആരാധകർ.
അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. രമ്യ കൃഷ്ണൻ, യോഗി ബാബു, എസ്.ജെ. സൂര്യ, വിദ്യാ ബാലൻ, ജതിൻ ശർമ, മോഹൻലാൽ, ജാക്കി ഷ്റോഫ്, മിഥുൻ ചക്രവർത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. അതിഥി വേഷത്തിൽ വിജയ് സേതുപതിയും ചിത്രത്തിലുണ്ടാകും. അടുത്തിടെയിറങ്ങിയ ചിത്രത്തിലെ 'അല ബോലേലോ' എന്ന ഡാൻസ് നമ്പർ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.