

നിവിൻ പോളിയുടെ കരിയറിലെ ആദ്യ 200 കോടി ചിത്രമായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. മലയാള സിനിമാ ചരിത്രത്തിൽ 200 കോടി ക്ലബ്ബിൽ ഇടംനേടുന്ന ഏഴാമത്തെ സിനിമയാണിത്. റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 205 കോടി രൂപയാണ് സിനിമയുടെ ഇതുവരെയുള്ള ആഗോള ഗ്രോസ് കളക്ഷൻ. ഗിരീഷ് എ.ഡി ഒരുക്കിയ ചിത്രത്തിന് കേരളത്തിന് അകത്തും പുറത്തും ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
‘മഞ്ഞുമ്മൽ ബോയ്സ്’, ‘എമ്പുരാൻ’, ‘ലോക’, ‘വാഴ 2’, ‘തുടരും’, ‘ദൃശ്യം 3’ എന്നിവയാണ് 200 കോടി ക്ലബ്ബിൽ ഇടംനേടിയ മറ്റ് മലയാള സിനിമകൾ. ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 200 കോടി ക്ലബിൽ കടന്നതോടെ ചിത്രത്തിൽ നായികയായി എത്തിയ മമിത ബൈജു ഒരു അപൂർവ റെക്കോർഡിനും ഉടമയായി.തുടർച്ചയായി മൂന്ന് സിനിമകളാണ് നടിയുടേതായി 200 കോടി കളക്ഷൻ പിന്നിടുന്നത്. വിജയ് ചിത്രം ‘ജനനായകൻ’ ( നാല് ദിനങ്ങൾ), സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’ (10 ദിനങ്ങൾ) എന്നീ സിനിമകൾക്കുശേഷം 200 കോടിയിലെത്തുന്ന മമിതയുടെ മൂന്നാമത്തെ സിനിമയാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’.
അതിവേഗം 200 കോടി കളക്ഷൻ സ്വന്തമാക്കിയ മലയാളം സിനിമകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. കല്യാണി പ്രിയദർശൻ നായികയായി എത്തിയ 'ലോക'യെ ആണ് ചിത്രം മറികടന്നത്. 13 ദിവസം കൊണ്ടാണ് 'ലോക' 200 കോടി ക്ലബിൽ എത്തിയതെങ്കിൽ 11ാം ദിനം നിവിൻ ചിത്രം ഈ നേട്ടം സ്വന്തമാക്കി. എമ്പുരാൻ (അഞ്ച് ദിനം), ദൃശ്യം 3 (ഒൻപത് ദിനം) എന്നിവയാണ് പട്ടികയിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.
ഗിരീഷ് -നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ആദ്യ ചിത്രമാണ് 'ബെത്ലഹേം കുടുംബ യൂണിറ്റ്'. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ഇവരുടെ ആറാം നിർമാണ സംരംഭമാണിത്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.