MOVIES

മുന്നിൽ 'ലിയോ' തന്നെ! 'ജന നായകന്' കാലിടറിയോ? വിജയ്‌യുടെ അവസാന ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ ഇങ്ങനെ

ഏകദേശം 400 കോടി രൂപ ബജറ്റിലാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ആരാധകർ ആവേശത്തോടെ കാത്തിരുന്ന വിജയ് ചിത്രം 'ജന നായകൻ' കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലേക്ക് എത്തിയത്. പൊങ്കലിന് പ്രേക്ഷകരിലേക്ക് എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന വിജയ്‌യുടെ അവസാന ചിത്രം സെൻസർ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം പ്രതിസന്ധിയിലാകുകയായിരുന്നു. ഒടുവിൽ 'എ' സർട്ടിഫിക്കറ്റോടെ തിയേറ്ററുകളിലേക്ക് എത്തിയ 'ജന നായകനെ' ആഘോഷപൂർവമാണ് ആരാധകർ വരവേറ്റത്.

മികച്ച കളക്ഷനാണ് ആദ്യ ദിനം ചിത്രത്തിന് ലഭിച്ചത്. എന്നാൽ, തമിഴിൽ വമ്പൻ ഓപ്പണിങ് ലഭിച്ച ചിത്രങ്ങളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ പോലും ഇടംപിടിക്കാൻ സിനിമയ്‌ക്ക് സാധിച്ചില്ലെന്നാണ് ബോക്സ്ഓഫീസ് ട്രാക്കർമാർ പുറത്തുവിടുന്ന കണക്കുകൾ സൂചിപ്പിക്കുന്നത് . വിജയ്‌യുടെ മുൻ ഹിറ്റുകളായ 'ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' (₹99.39 കോടി വേൾഡ് വൈഡ്), 'ലിയോ' ( ₹142.03 കോടി വേൾഡ് വൈഡ്) എന്നിവയുടെ ആദ്യദിന കളക്ഷനേക്കാൾ താഴെയാണ് 'ജനനായകന്റെ' ഓപ്പണിങ് ഡേ കളക്ഷൻ.

റിലീസ് ചെയ്ത ആദ്യ ദിനം ഇന്ത്യയിൽ നിന്ന് 41 കോടി രൂപ കളക്ഷനാണ് ചിത്രം നേടിയത്. ഇതിൽ 36.50 കോടിയും തമിഴ്‌നാട്ടിൽ നിന്നാണ് ലഭിച്ചിരിക്കുന്നത്. ഓവർസീസ് വിപണിയിൽ നിന്നും ആദ്യദിനം 30 കോടി രൂപ ഗ്രോസ് ആണ് ചിത്രം നേടിയിരിക്കുന്നത്. അഭ്യന്തര ഗ്രോസ് കൂടി കണക്കിലെടുക്കുമ്പോൾ 'ജനനായകൻ' സിനിമയുടെ ആകെ ആഗോള ഗ്രോസ് കളക്ഷൻ 78.27 കോടി രൂപയാണ്.

ചിത്രം 50 കോടിക്ക് മുകളിൽ ആദ്യ ദിന കളക്ഷൻ നേടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, വിജയ്‌യുടെ 'ലിയോ' (₹64.80 കോടി), രജനികാന്തിന്റെ കൂലി (₹65 കോടി), 2.0 (₹60.25 കോടി), വിജയിയുടെ തന്നെ 'ബീസ്റ്റ്' (₹49.30 കോടി), 'ഗോട്ട്' (₹44 കോടി) എന്നിവയുടെ ആദ്യദിന ഇന്ത്യൻ കളക്ഷൻ റെക്കോർഡുകളെ മറികടക്കാൻ ചിത്രത്തിനായില്ല. 'എ' സർട്ടിഫിക്കേഷൻ കളക്ഷനെ ബാധിച്ചതായാണ് വിലയിരുത്തൽ.

ഏകദേശം 400 കോടി രൂപ ബജറ്റിൽ കെവിഎൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറാണ് നിർവഹിച്ചിരിക്കുന്നത്.

ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനിൽ അരശ്, ആർട്ട്: വി. സെൽവ കുമാർ, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്സ്: അറിവ്, കോസ്റ്റ്യൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ, പിആർഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.

SCROLL FOR NEXT