പരം സുന്ദരി ട്രെയ്ലറില്‍ നിന്ന്  Source : X
MOVIES

ജാന്‍വി-സിദ്ധാര്‍ത്ഥ് ചിത്രം 'പരം സുന്ദരി' വിവാദത്തില്‍; ക്രിസ്ത്യന്‍ പള്ളിയിലെ റൊമാന്റിക് സീന്‍ നീക്കണമെന്ന് ആവശ്യം

പരം സുന്ദരി ഓഗസ്റ്റ് 29ന് തിയേറ്ററിലെത്തും.

Author : ന്യൂസ് ഡെസ്ക്

ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂര്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് പരം സുന്ദരി. ചിത്രത്തിലെ ക്രിസ്ത്യന്‍ പള്ളിയില്‍ നിന്നുള്ള റൊമാന്റിക് സീന്‍ വിവാദങ്ങള്‍ക്ക് കരണമായിരിക്കുകയാണ്. ഇതിനെതിരെ ഒരു ക്രിസ്ത്യന്‍ സംഘടന രംഗത്തെത്തുകയും ചിത്രത്തില്‍ നിന്ന് സീന്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

വാച്ച്‌ഡോഗ് ഫൗണ്ടേഷന്‍ എന്ന ക്രിസ്ത്യന്‍ സംഘടനയാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ രംഗത്തെത്തിയതെന്ന് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാരാഷ്ട്ര സര്‍ക്കാരിനും സെന്‍സര്‍ ബോര്‍ഡിനും മുബൈ പൊലീസിനും ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തിനും വാച്ച്‌ഡോഗ് ഫൗണ്ടേഷന്‍ കത്തെഴുതിയിട്ടുണ്ട്. സിനിമയ്ക്ക് പുറമെ ട്രെയ്‌ലറില്‍ നിന്നും പ്രമോഷണല്‍ വീഡിയോകളില്‍ നിന്നും ഈ രംഗം നീക്കം ചെയ്യണമെന്ന് ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.

"പള്ളി എന്നത് ക്രിസ്ത്യാനികളുടെ പുണ്യ ആരാധനാലയമാണ്. അതിനെ മോശം ഉള്ളടക്കം കാണിക്കാനുള്ള വേദിയായി ചിത്രീകരിക്കരുത്. ഇത് ആരാധനാലയത്തിന്റെ ആത്മീയ പവിത്രതയെ അനാദരിക്കുക മാത്രമല്ല കത്തോലിക്ക സമൂഹത്തിന്റെ സംവേദനക്ഷമതയെ ആഴത്തില്‍ വ്രണപ്പെടുത്തുകയും ചെയുന്നു", എന്നാണ് കത്തില്‍ പറയുന്നത്.

സെന്‍സര്‍ ബോര്‍ഡ് ആ രംഗം സിനിമയില്‍ നിന്ന് നീക്കം ചെയ്തില്ലെങ്കില്‍ പൊതുജന പ്രതിഷേധം ഉണ്ടാകുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി. കത്തോലിക്ക സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നിര്‍മാതാവ്, അഭിനേതാക്കള്‍ എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തുഷാര്‍ ജലോട്ടയാണ് പരം സുന്ദരി സംവിധാനം ചെയ്യുന്നത്. ചിത്രം ഓഗസ്റ്റ് 29ന് തിയേറ്ററിലെത്തും. സിദ്ധാര്‍ത്ഥിനും ജാന്‍വിക്കും പുറമേ, രാജീവ് ഖണ്ഡേല്‍വാള്‍, ആകാശ് ദാഹിയ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു

SCROLL FOR NEXT