ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സിഗ്മ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. സന്ദീപ് കിഷൻ നായകനാകുന്ന ചിത്രം ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. സുബാസ്കരൻ ആണ് നിർമിക്കുന്നത്. ഡിസംബർ 23ന് വൈകിട്ട് അഞ്ച് മണിക്ക് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യും.
24ാം വയസിൽ ഒരു ബിഗ് ബജറ്റ് ചിത്രം ഒരുക്കിയാണ് ജേസൺ സഞ്ജയ് സംവിധായകനായി അരങ്ങേറുന്നത്. വിദേശ സർവകലാശാലകളിൽ നിന്ന് സംവിധാനം പഠിച്ചതിന് ശേഷമാണ് ജേസൺ ആദ്യ ചിത്രം ഒരുക്കിയത്. ടൊറന്റോ ഫിലിം സ്കൂളില്‍ നിന്ന് 2020 ല്‍ ഫിലിം പ്രൊഡക്ഷന്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ ജേസണ്‍ പിന്നീട് ലണ്ടനില്‍ തിരക്കഥാരചനയില്‍ ബിഎയും ചെയ്തു.
മൈൻഡ് ഗെയിം വിഭാഗത്തിൽ പെടുന്ന ആക്ഷൻ ത്രില്ലറാകും 'സിഗ്മ' എന്നാണ് റിപ്പോർട്ടുകൾ. കൃഷ്ണൻ വസന്ത് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം തമൻ എസ്, എഡിറ്റർ പ്രവീൺ കെ.എൽ., കോ ഡയറക്ടർ സഞ്ജീവ്, പബ്ലിസിറ്റി ഡിസൈൻ ട്യൂണി ജോൺ, വിഎഫ്എക്സ് ഹരിഹരസുതൻ, സ്റ്റിൽസ് അരുൺ പ്രസാദ് (മോൻ പോസ്റ്റർ). 2026 ആദ്യം സിനിമ തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്.
അതേസമയം, വിജയ് നായകനാകുന്ന 'ജനനായകൻ' ജനുവരി ഒൻപതിന് തിയേറ്ററുകളിലേക്ക് എത്തും. വിജയ്‌യുടെ കരിയറിലെ അവസാന ചിത്രം കൂടിയാണ് എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകൻ'. അനിരുദ്ധ് രവിചന്ദർ ചിട്ടപ്പെടുത്തിയ സിനിമയുടെ രണ്ട് സിംഗിളുകൾ ഇതിനോടകം ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചു കഴിഞ്ഞു.