കൊച്ചി: പരസ്യചിത്രീകരണത്തിനിടെ നടൻ ജൂനിയർ എൻടിആറിന് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നടന്റെ ടീം അറിയിച്ചു. നടന്റെ ആരോഗ്യനിലയെ സംബന്ധിച്ച സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വ്യാജ വാർത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നത്.
രണ്ടാഴ്ചത്തെ പരിപൂർണ വിശ്രമം ആണ് ജൂനിയർ എന്‍ടിആറിന് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ആരാധകർ പൊതുജനങ്ങളും ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് നടന്റെ ഓഫീസ് അഭ്യർത്ഥിച്ചു. തെലുങ്ക് സിനിമയിലെ സൂപ്പർ താരങ്ങളില്‍ ഒരാളായ ജൂനിയർ എന്‍ടിആർ തെലുങ്ക് ദേശം പാർട്ടി സ്ഥാപകനും അവിഭക്ത ആന്ധ്രാപ്രദേശിന്റെ മുൻ മുഖ്യമന്ത്രിയുമായ എൻ.ടി. രാമറാവുവിന്റെ ചെറുമകനാണ്.
ബോളിവുഡ് ചിത്രം 'വാർ ടു' ആണ് താരത്തിന്റേതായി അവസാനം ഇറങ്ങിയ ചിത്രം. 'വാർ ടു' ബോക്സ്ഓഫീസില്‍ പരാജയമായിരുന്നു. ഹൃത്വിക് റോഷൻ നായകനായ ചിത്രത്തിന്റെ സംവിധാനം അയാൻ മുഖർജിയാണ്.
'കെജിഎഫ്', 'സലാർ' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ പ്രശാന്ത് നീലിന്റെ 'ഡ്രാഗണ്‍' എന്ന ചിത്രത്തിലാണ് ജൂനിയർ എന്‍ടിആർ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമിക്കുന്നത്. അടുത്ത വർഷം ജൂണിലാണ് ചിത്രത്തിന്റെ റിലീസ് പ്രതീക്ഷിക്കുന്നത്. പരിക്ക് ബേധമായി കഴിഞ്ഞ ഉടന്‍ താരം സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോർട്ടുകള്‍.