കഫിയ ധരിച്ച്, കവിത ചൊല്ലി, ഗാസയ്‌ക്കൊപ്പം; പലസ്തീന്‍ ഐക്യദാർഢ്യ സദസില്‍ തമിഴ് സിനിമയിലെ പ്രമുഖർ
ചെന്നൈ: പലസ്തീനിലെ ഇസ്രയേല്‍ കൂട്ടിക്കുരുതിയില്‍ പ്രതിഷേധിച്ച് ചെന്നൈയില്‍ പെരിയാർ ഫോളോവേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച സിനിമാ പ്രവർത്തകർ ഉള്‍പ്പെടെ പങ്കെടുത്ത വമ്പന്‍ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. തമിഴ്‌നാട്ടിലുടനീളമുള്ള വിവിധ രാഷ്ട്രീയ പാർട്ടികൾ, സാമൂഹിക സംഘടനകൾ, ഇസ്ലാമിക അസോസിയേഷനുകൾ എന്നിവ പങ്കെടുത്ത ഐക്യദാർഢ്യ സദസില്‍ നടന്മാരായ സത്യരാജ്, പ്രകാശ് രാജ്, സംവിധായകരായ വെട്രിമാരന്, അമീർ എന്നിവർ പങ്കെടുത്തു. കഫിയ അണിഞ്ഞാണ് ഇവർ വേദിയിലെത്തിയത്.
വിടുതലൈ ചിരുതൈഗൽ കക്ഷി നേതാവും എംപിയുമായ തോൽ. തിരുമാവളവൻ, എംഎൽഎ തനിയരസു, മനിതനേയ മക്കൾ കക്ഷി നേതാവ് ജവാഹരുള്ള, മെയ് 17 മൂവ്‌മെന്റ് കോർഡിനേറ്റർ തിരുമുരുകൻ ഗാന്ധി എന്നിവരും പലസ്തീന്‍ അനുകൂല മാർച്ചിന്റെ ഭാഗമായി. ആയിരക്കണക്കിന് ആളുകളാണ് റാലിയില്‍ പങ്കെടുത്തത്.
മാർച്ചിനെ അഭിസംബോധന ചെയ്ത പ്രകാശ് രാജ് മഹ്മൂദ് ദർവീഷിന്റെ കവിത ആലപിച്ചു. " യുദ്ധം അവസാനിക്കും. നേതാക്കൾ കൈകൊടുത്ത് പിരിയും. ആ വൃദ്ധ തന്റെ രക്തസാക്ഷിയായ മകനുവേണ്ടി കാത്തിരിക്കും. ഒരു പെൺകുട്ടി പ്രിയപ്പെട്ട ഭർത്താവിനുവേണ്ടി കാത്തിരിക്കും. കുഞ്ഞുങ്ങൾ അവരുടെ നായകനായ അച്ഛനുവേണ്ടി കാത്തിരിക്കും. ആരാണ് നമ്മുടെ നാട് വിറ്റതെന്നു എനിക്കറിയില്ല, എന്നാൽ ആരാണ് അതിനു വിലനൽകിയതെന്നു എനിക്കറിയാം" പ്രകാശ് രാജ് ദർവീഷിന്റെ പ്രശസ്തമായ വരികള്‍ ചൊല്ലി.
ഗാസയില്‍ നടക്കുന്ന നരമേധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും യുഎസിനേയും നടന്‍ കുറ്റപ്പെടുത്തി. "പലസ്തീനില്‍ നടക്കുന്ന അനീതിക്ക് ഉത്തരവാദികള്‍ ഇസ്രയേല്‍ മാത്രമല്ല. അമേരിക്കയും ഉത്തരവാദിയാണ്. മോദിയുടെ നിശബ്ദതയും ഉത്തരവാദിയാണ്" പ്രകാശ് രാജ് കൂട്ടിച്ചേർത്തു.
പലസ്തീനില്‍ നടക്കുന്നത് ആസൂത്രിതമായ വംശഹത്യയാണെന്ന് സംവിധായകന്‍ വെട്രിമാരന്‍ പറഞ്ഞു. സ്കൂളുകളിലും ആശുപത്രികളിലും പോലും ബോംബുകൾ വർഷിക്കപ്പെടുന്നതായി സംവിധായകന്‍ ചൂണ്ടിക്കാട്ടി. ഗാസയില്‍ അഞ്ചിൽ ഒരാൾ പട്ടിണി മൂലം മരിക്കുന്നുണ്ടെന്നും അഞ്ച് കുട്ടികളിൽ ഒരാൾ പോഷകാഹാരക്കുറവ് മൂലം മരിക്കുന്നുണ്ടെന്നും വെട്രിമാരന്‍ കൂട്ടിച്ചേർത്തു.
ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കൊലയെ നടൻ സത്യരാജും അപലപിച്ചു. ഇസ്രയേലിന്റെ പ്രവൃത്തികള്‍ "അസഹനീയം" ആണെന്നും മനുഷ്യത്വത്തിന്റെ ലംഘനമാണെന്നും നടന്‍ പറഞ്ഞു. "ഇത്തരം ആക്രമണങ്ങൾ നടത്തിയ ശേഷം, അവർക്ക് എങ്ങനെ സമാധാനപരമായി ഉറങ്ങാൻ കഴിയും? മനുഷ്യൻ കുരങ്ങുകളിൽ നിന്ന് പരിണമിച്ചുവെന്ന് പറയുന്നു. പക്ഷേ ആ പ്രക്രിയ പാതിവഴിയിൽ നിലച്ചതായി തോന്നുന്നു," സത്യരാജ് രോഷത്തോടെ പറഞ്ഞു.
ഗാസക്ക് വേണ്ടി ലോകരാജ്യങ്ങള്‍ ഇടപെടണമെന്ന് സത്യരാജ് ആവശ്യപ്പെട്ടു. തമിഴ് ഈഴ പോരാട്ടവുമായി താരതമ്യപ്പെടുത്തിയായിരുന്നു സത്യരാജിന്റെ പ്രസംഗം. "ആളുകൾ വിമോചനത്തിനായി പോരാടുമ്പോഴെല്ലാം, വംശഹത്യ നടത്തപ്പെടുന്നു. നമ്മുടെ തമിഴ് ഈഴം സഹോദരങ്ങൾ ക്രൂരമായാണ് കൊല്ലപ്പെട്ടത്. പോരാളികൾ മാത്രമല്ല, നിരപരാധികളായ സാധാരണക്കാരും കൊല്ലപ്പെട്ടു, സത്യരാജ് പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത തോൽ. തിരുമാവളവൻ, തിരുമുരുകൻ ഗാന്ധി തുടങ്ങിയ നേതാക്കളെ സത്യരാജ് പ്രശംസിച്ചു.