'ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അയഞ്ഞ് സെന്‍സര്‍ ബോര്‍ഡ്. 96 കട്ടുകള്‍ വേണമെന്ന ആവശ്യത്തില്‍ നിന്നും രണ്ട് മാറ്റങ്ങളിലേക്ക് സെന്‍സര്‍ ബോര്‍ഡ് എത്തിയിരിക്കുകയാണ്. ജാനകി വി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള എന്ന തരത്തില്‍ സബ് ടൈറ്റില്‍ മാറ്റം വരുത്തണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ഉന്നയിച്ച ആവശ്യം. അതോടൊപ്പം കോടതി രംഗത്തിലെ ക്രോസ് വിസ്താര സീനില്‍ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രണ്ട് മാറ്റങ്ങള്‍ വരുത്തിയാല്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാമെന്നാണ് നിലവില്‍ സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചിട്ടുള്ളത്.
എന്നാല്‍ വിചിത്രമായ വാദങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് ഉന്നയിച്ചിരിക്കുന്നത്. ജാനകി എന്ന പേര് നിര്‍മാതാക്കള്‍ ഉപയോഗിച്ചത് മനപൂര്‍വമാണെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ വാദം. രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര്. അത് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തും. പ്രത്യേകിച്ച് ക്രോസ് എക്‌സാമിനേഷന്‍ സീനില്‍ പ്രതിഭാഗം അഭിഭാഷകനായ നായകന്‍ ജാനകി എന്ന കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യങ്ങള്‍ ഈ മതവിഭാഗത്തില്‍ പെട്ടവരെ വ്രണപ്പെടുത്തുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്. ജാനകി എന്ന കഥാപാത്രം മയക്കുമരുന്ന് ഉപയോഗിക്കുമോ, പോണോഗ്രാഫിക് വീഡിയോ കാണുമോ എന്നൊക്കെ അഭിഭാഷകന്‍ ചോദിക്കുന്നത് ശരിയല്ലെന്നും സെന്‍സര്‍ ബോര്‍ഡ് അഭിപ്രായപ്പെട്ടു.
ചിത്രം മലയാളമടക്കം അഞ്ചുഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ രാജ്യമൊട്ടാകെ ജാനകി എന്ന പേര് ഉപയോഗിക്കുമ്പോള്‍ അത് പ്രത്യേക മതവിഭാഗത്തെ വ്രണപ്പെടുത്തുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്. ജാനകി എന്ന കഥാപാത്രത്തെ മറ്റൊരു മതവിഭാഗത്തില്‍ പെട്ടയാള്‍ സഹായിക്കാന്‍ എത്തുന്നതായി സിനിമയില്‍ കാണിക്കുന്നത് ഗൂഢ ഉദ്ദേശത്തോടെ എന്നും സെന്‍സര്‍ ബോര്‍ഡ്. രാമായണത്തിലെ സീത സഹനത്തിന്റെ പര്യായം ആണെന്നും ജാനകി എന്ന് ഉപയോഗിക്കുന്നത് വഴി പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു.
കേസില്‍ ഇന്ന് 1.45ന് ഹര്‍ജി വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് കേസുമായി ബന്ധപ്പെട്ട് കോടതി സിനിമ കണ്ടത്. സിനിമ കണ്ട ശേഷം തീരുമാനം അറിയിക്കുമെന്നാണ് കോടതി പറഞ്ഞത്. ഈ സാഹചര്യത്തിലാണ് സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
ചിത്രത്തിലെ പ്രധാനകഥാപാത്രത്തിന്റേയും ടൈറ്റിലിലേയും ജാനകി എന്ന പേര് മാറ്റണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം. എന്നാല്‍ ജാനകി പൊതുവായി ഉപയോഗിക്കുന്ന പേരല്ലേ എന്നാണ് ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി സെന്‍സര്‍ ബോര്‍ഡിനോട് ചോദിച്ചത്. മതവിഭാഗവുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ മറുപടി.
സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍ ആണ്. കോസ്‌മോസ് എന്റര്‍ടെയിന്‍മെന്റിന്റെ കീഴില്‍ കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് ജെ. ഫണീന്ദ്ര കുമാറാണ് 'ജെഎസ്‌കെ' നിര്‍മിച്ചിരിക്കുന്നത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവാണ് ഈ ചിത്രം. സുരേഷ് ഗോപിയുടെ മകനായ മാധവ് സുരേഷും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. 'ചിന്താമണി കൊലക്കേസ്' എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം 19 വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും അഭിഭാഷകന്റെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.