ബോളിവുഡ് നടി ആലിയ ഭട്ടിനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത മുൻ പേഴ്സണൽ സെക്രട്ടറി അറസ്റ്റിൽ. ബെംഗളൂരുവിൽ വെച്ചാണ് മുൻ പേഴ്സണൽ സെക്രട്ടറി വേദിക പ്രകാശ് ഷെട്ടി (33)യെ പൊലീസ് അറസ്റ്റ് ചെയ്തത്. വേദിക 77 ലക്ഷം രൂപയാണ് രണ്ട് വർഷത്തിനിടെ ആലിയയിൽ നിന്ന് തട്ടിയെടുത്തത്. ആലിയ ഭട്ടിന്റെ സിനിമാ നിർമാണ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും സ്വകാര്യ അക്കൗണ്ടുകളിൽ നിന്നുമാണ് പണം തട്ടിയത്. വേദിക ഷെട്ടിയെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
2022 മെയ്ക്കും 2024 ഓഗസ്റ്റിനും ഇടയിലാണ് തട്ടിപ്പ് നടന്നതെന്ന് പൊലീസ് പറയുന്നു. ജനുവരി 23ന് ആലിയ ഭട്ടിന്റെ അമ്മയും നടിയും സംവിധായികയുമായ സോണി റസ്ദാൻ ജുഹു പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നത്. തുടർന്ന്, വിശ്വാസ വഞ്ചന, വഞ്ചന എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും വേദിക ഷെട്ടിയ്ക്കായുള്ള തെരച്ചിൽ ആരംഭിക്കുകയും ചെയ്തു.
വേദിക ഷെട്ടി 2021 മുതൽ 2024 വരെ ആലിയ ഭട്ടിന്റെ പേഴ്‌സണൽ അസിസ്റ്റന്റായി ജോലി ചെയ്തിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. ഈ സമയത്ത്, അവർ നടിയുടെ സാമ്പത്തിക രേഖകളും പേയ്‌മെന്റുകളും കൈകാര്യം ചെയ്യുകയും, ഷെഡ്യൂൾ ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നു. വേദിക വ്യാജ ബില്ലുകൾ തയ്യാറാക്കി, നടിയെക്കൊണ്ട് ഒപ്പുവപ്പിച്ച് പണം തട്ടിയെടുത്തതായി അന്വേഷണത്തിൽ വ്യക്തമായതായും പൊലീസ് വൃത്തങ്ങൾ പറയുന്നു. യാത്രയ്ക്കും മീറ്റിംഗുകൾക്കും മറ്റ് അനുബന്ധ ക്രമീകരണങ്ങൾക്കുമാണ് ചെലവുകൾ എന്ന് അവർ നടിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
ഈ വ്യാജ ബില്ലുകൾ ആധികാരികമാണെന്ന് വരുത്തിത്തീർക്കാൻ വേദിക ഷെട്ടി പ്രൊഫഷണൽ ഉപകരണങ്ങൾ ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ആലിയ ഒപ്പിട്ട് കഴിഞ്ഞാൽ, തുകകൾ സംശയം തോന്നാതിരിക്കാൻ വേദിക അവരുടെ സുഹൃത്തിന്റെ അക്കൗണ്ടിലേക്കാണ് മാറ്റിയിരുന്നത്. തുടർന്ന് അത് വേദികയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.