കൊച്ചി: ആരാധകർ കാത്തിരിക്കുന്ന 'കളങ്കാവൽ' എന്ന ചിത്രത്തിൽ താനാണ് വില്ലൻ എന്ന് വെളിപ്പെടുത്തി മെഗാസ്റ്റാർ മമ്മൂട്ടി. കൊച്ചിയിൽ നടന്ന പ്രീ റിലീസ് ഇവന്റിലാണ് തന്റെ കഥാപാത്രത്തെപ്പറ്റി മമ്മൂട്ടി സംസാരിച്ചത്. ചടങ്ങിൽ ചിത്രത്തിലെ സഹതാരം വിനായകനെ വാനോളം പുകഴ്ത്തുകയും ചെയ്തു മമ്മൂട്ടി. ക്ലാസിലെ കുസൃതിക്കാരനോട് തോന്നുന്ന വാത്സല്യമാണ് വിനായകനോടെന്നായിരുന്നു നടൻ പരിപാടിയിൽ പറഞ്ഞത്.
"എന്നെ സംബന്ധിച്ച് സിനിമയല്ല പരീക്ഷണം, എന്റെ കഥാപാത്രമാണ് ഏറ്റവും വലിയ പരീക്ഷണം. ഈ സിനിമയിൽ ഞാൻ ചെയ്യുന്ന കഥാപാത്രം ഒരുപക്ഷേ നിങ്ങൾക്ക് സ്നേഹിക്കാനോ ഇഷ്ടപ്പെടാനോ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ സിനിമ കണ്ടുപോകുമ്പോൾ ഈ കഥാപാത്രം തിയറ്ററിൽ ഉപേക്ഷിച്ചിട്ട് പോകാൻ പറ്റില്ല. കളങ്കാവലിൽ എനിക്ക് ആദ്യം ഓഫർ ചെയ്ത റോൾ പൊലീസ് ഉദ്യോഗസ്ഥന്റേതാണ്. അതെന്നെക്കാൾ നന്നായി ചെയ്യാൻ വിനായകൻ ആണ് നല്ലതെന്ന് തോന്നി," മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടിക്കൊപ്പമുള്ള സിനിമ ജന്മത്തിന്റെ പുണ്യമെന്നായിരുന്നു വിനായകന്റെ മറുപടി. ഡിസംബർ അഞ്ചിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രീ റിലീസ് ടീസറും ചടങ്ങിൽ പുറത്തിറക്കി. ഗംഭീര മുഹൂർത്തങ്ങൾ ചേർത്ത് ആരാധകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന തരത്തിലാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്.
കൊല്ലുക എന്നത് ഹരമായി മാറിയെന്ന് വിനായകൻ പറയുന്ന ഡയലോഗ് കൂടി ടീസറിൽ വന്നതോടെ ആകെ ആശയക്കുഴപ്പത്തിലായി, ആരാണ് നായകൻ ആരാണ് വില്ലൻ എന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. ചിത്രത്തിൻ്റെ ടീസർ, പോസ്റ്ററുകൾ എന്നിവയും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.