പ്രണയബന്ധങ്ങളുടെ നിഷ്കളങ്കതയും മനോഹാരിതയും വീണ്ടും ഓർമ്മകളിലേക്ക് കൊണ്ടുപോകുന്ന 'മെനി മെനി ഹാപ്പി റിട്ടേൺസ്' എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. പ്രണയത്തിന് ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായൊരു ഭംഗിയും കാത്തിരിപ്പും സ്വപ്നങ്ങളും ഉണ്ടായിരുന്ന ഒരു കാലഘട്ടത്തെ മനോഹരമായി അവതരിപ്പിക്കുന്നതാണ് ട്രെയ്ലർ. അന്നത്തെ യുവതലമുറയുടെ പ്രണയസങ്കൽപ്പങ്ങളും ബന്ധങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഏറെ ഹൃദ്യമായ രീതിയിൽ ട്രെയ്ലറിലൂടെ അവതരിപ്പിക്കുന്നുണ്ട്.
കാളിദാസ് ജയറാമും ലക്ഷ്മി ജ്യോതിഷും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം, പ്രണയത്തിന്റെ ഭംഗിയും വൈകാരികമായ അടുപ്പവും ലളിതമായ നിമിഷങ്ങളിലെ സന്തോഷവുമെല്ലാം ചേർന്നൊരു മനോഹര ചലച്ചിത്രാനുഭവമായിരിക്കും പ്രേക്ഷകർക്ക് നൽകുകയെന്ന പ്രതീക്ഷ ട്രെയ്ലർ നൽകുന്നു.
'ജൂൺ', 'മധുരം' എന്നീ ചിത്രങ്ങൾക്കും 'കേരള ക്രൈം ഫയൽസ്' എന്ന ഹിറ്റ് വെബ് സീരീസിനും ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നൊസ്റ്റാൾജിയയും പ്രണയവും നർമവും കോർത്തിണക്കിയ റൊമാന്റിക് കോമഡി ചിത്രത്തിൽ കാളിദാസ് ജയറാമിന്റെ അച്ഛൻ കഥാപാത്രമായി ലാലും ശ്രദ്ധേയമായ വേഷത്തിലെത്തുന്നു. പ്രശസ്ത ഇൻഫ്ലുവൻസർ ലക്ഷ്മി ജ്യോതിഷിന്റെ നായികയായുള്ള സിനിമാ അരങ്ങേറ്റം കൂടിയാണ് 'മെനി മെനി ഹാപ്പി റിട്ടേൺസ്'.
മങ്കി ബിസിനസിന്റെ ബാനറിൽ ഹസ്സൻ റഷീദും, അഹമ്മദ് കബീറും നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് അഹമ്മദ് കബീറും ജോബിൻ ജോൺ വർഗീസും ചേർന്നാണ്. റേഡിയോ ജോക്കിയും ടെലിവിഷന് അവതാരകനും സംവിധായകനുമായ ആര്.ജെ മാത്തുക്കുട്ടിയാണ് ചിത്രത്തിന്റെ കോ റൈറ്റർ. '96', 'സോളോ', 'മെയ്യഴകൻ' തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്തയാണ് 'മെനി മെനി ഹാപ്പി റിട്ടേൺസി'നും സംഗീതം ഒരുക്കുന്നത്. 'ആട്ടം', 'ഗോളം', 'കേരള', 'ക്രൈം ഫയൽസ് 1&2', 'വേല', 'ഹാഫ്' തുടങ്ങിയ ചിത്രങ്ങളുടെ ചിത്രസംയോജകനായ മഹേഷ് ഭുവനേന്ദ് ആണ് ചിത്രസംയോജന വിഭാഗം കൈകാര്യം ചെയ്യുന്നത് എന്നത് സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
അഹമ്മദ് കബീർ ചിത്രങ്ങളുടെ ദൃശ്യമനോഹരമായ ഫ്രെയിമുകളിലൂടെ ശ്രദ്ധേയനായ ജിതിൻ സ്റ്റാനിസ്ലാവസ് തന്നെയാണ് ഈ ചിത്രത്തിന്റെയും ഛായാഗ്രഹണം നിർവഹിക്കുന്നത്. അഹമ്മദ് കബീർ - ജിതിൻ സ്റ്റാനിസ്ലാവസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ ദൃശ്യപരമായി ഏറെ മികച്ചുനിൽക്കുന്ന ഒരു സിനിമാനുഭവം പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.
കോ-പ്രൊഡ്യൂസേഴ്സ്: പൗലോസ് തേപ്പാല, വിനീത കോശി, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: ശരത് കുമാർ കെ.വി, പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ലിറിക്സ്: വിനായക് ശശികുമാർ, കളറിസ്റ്റ്: ശ്രീക് വാര്യർ, വി എഫ് എക്സ്: ഡിജിബ്രിക്സ്, സ്റ്റിൽസ്: അർജുൻ തോമസ്, പബ്ലിസിറ്റി ഡിസൈൻ: റോസ്റ്റഡ് പെപ്പർ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാൻ്റ് എൽ.എൽ.പി, പി.ആർ.ഒ: അപർണ ഗിരീഷ്.