സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത് ജോസഫ് സംവിധാനം ചെയ്ത 'കോസ്മിക് സാംസൺ' ഒരു സൂപ്പർ ഹീറോ പടമല്ല. പക്ഷേ, ഈ പടത്തിന്റെ കേന്ദ്രം ഒരു സൂപ്പർ പവറാണ്. അതിനെ ഇമോഷണൽ റിവഞ്ച് മോഡിനുള്ളിലേക്ക് ഫിറ്റ് ചെയ്യുകയാണ് സംവിധായകൻ. സന്ദീപ് എന്ന യുവതാരത്തിന്റെ ഓറ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്ന ചിത്രത്തിൽ ഈ 'ഫിറ്റിങ്' അത്രകണ്ട് വിജയിച്ചു എന്ന് പറയാൻ സാധിക്കില്ല. തീർത്തും പരാജയപ്പെട്ടുവെന്നും.
സാംസൺ എന്നൊരു ചെറുപ്പക്കാരനിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. സിനിമാമോഹിയായ, ഇഎംഐ അടയ്ക്കാൻ ബുദ്ധിമുട്ടുന്ന, സ്ക്രിപ്റ്റിന്റെ അഡ്വാൻസ് കിട്ടിക്കഴിഞ്ഞാൽ പിന്നെ അച്ഛൻ പണിക്കുപോകേണ്ടെന്ന് പറയുന്ന ഒരു സാധാരണക്കാരൻ. അങ്ങനെയൊരാളെ നമ്മളിൽ പലർക്കും പരിചയമുണ്ടാകും. ക്ലീഷേകൾ പൊലും അവസരമായി മാറേണ്ട സാഹചര്യമാണത്. പക്ഷേ 'ആ പരിചയം' അവസരമാക്കി മാറ്റാൻ സിനിമ ശ്രമിക്കുന്നില്ല. എവിടെയൊക്കെയോ സാംസൺ നമ്മളിൽ നിന്ന് മാറി നിൽക്കുന്നു. അയാളുടെ സ്വഭാവസവിശേഷതകളോ, വൈകാരികമായ ബന്ധങ്ങളോ സിനിമ സ്ഥാപിക്കുന്നില്ല. പറഞ്ഞുപോകുന്നു, അല്ലെങ്കിൽ കാണിച്ചു പോകുന്നുവെന്ന് മാത്രം. അതാണ് ഒരു ഘട്ടത്തിൽ സിനിമയ്ക്ക് പ്രതികൂലമായി വന്നുനിൽക്കുന്നത്.
ഇതൊരു അണ്ടർഡോഗ് സ്റ്റോറിയാണ്. എല്ലാ അണ്ടർഡോഗ് സ്റ്റോറികളിലും സംഭവിക്കുന്നത് പോലെ ഒരു സംഭവത്തോടെ സാംസണിന്റെ ജീവിതം തലകീഴായി മാറുന്നു. ആ സംഭവത്തിലാണ് സിനിമയുടെ ഡിഎൻഎ അടക്കം ചെയ്തിരിക്കുന്നത്.
സന്ദീപ് എന്ന പെർഫോർമറുടെ ശക്തിയിലാണ് 'കോസ്മിക് സാംസൺ' മുന്നോട്ട് പോകുന്നത്. നടനാണ് സിനിമയുടെ പവർ ഹൗസ്. അങ്ങനെയാണ് തിരക്കഥയുടെ ഘടനയും. സാംസണിലൂടെയാണ് കഥ വികസിക്കുന്നത്. ചെറിയൊരു പോയിന്റിൽ ഒഴിച്ചാൽ ആ ഷൂവിട്ട് ആരും ഇറങ്ങുന്നില്ല. വ്ലാഡ് റിംബർഗ് ഒരുക്കിയ ആക്ഷൻ രംഗങ്ങൾ വളരെ ഫ്ലെക്സിബിൾ ആയിട്ടാണ് സന്ദീപ് കൈകാര്യം ചെയ്തിരിക്കുന്നത്. ലൂസർ, അണ്ടർഡോഗ് കാറ്റഗറിയിൽ പെടുത്താവുന്ന കഥാപാത്രം നടന് വളരെ എളുപ്പത്തിൽ വഴങ്ങുന്നുണ്ട്. സന്ദീപിനെ സ്ക്രിനീൽ കാണുമ്പോഴെല്ലാം ഒരു 'ഫ്രണ്ട്ലി നെയ്ബർബുഡ് സൂപ്പർ ഹീറോ' വൈബ് പ്രേക്ഷകർക്ക് ലഭിക്കും എന്ന കാര്യമുറപ്പാണ്. പക്ഷേ, എഴുത്തിന്റെ പോരായ്മ പല സന്ദർഭങ്ങളിലും അതിനും മുകളിൽ മുഴച്ചുനിൽക്കുന്നു. ഹൈ മൊമന്റുകളുടെ സാധ്യത പ്രയോജനപ്പെടുത്താതെ പോയ പല സീനുകളും സിനിമയിൽ കാണാം.
സിനിമയിലെ മറ്റ് വേഷങ്ങൾ അവതരിപ്പിച്ച അനുരാജ് ഒ.ബി, മുകേഷ്, മിയ എന്നിവർ തങ്ങളുടെ ഭാഗം ഭംഗിയായി ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് മിയയും അനുരാജും. സ്പൈഡർമാന്റെ ബഡ്ഡിയെ പോലെ അനുരാജ്, സാംസണ് ഒപ്പം തന്നെയുണ്ട്. മുകേഷ് തന്റെ അച്ഛൻ കഥാപാത്രത്തിൽ കംഫോർട്ടബിൾ ആയിരുന്നു. ചെയ്ത് ചെയ്ത് തഴക്കം വന്ന വേഷം ഒരിക്കൽ കൂടി ചെയ്യുന്നതിന്റെ ലാഘവത്വം നടനിൽ പ്രകടമായിരുന്നു. പിന്നെ വില്ലൻ കഥാപാത്രങ്ങൾ. പതിവ് ടെംപ്ലേറ്റ് വില്ലൻമാർ. അവരെ ഭീകരന്മാരായി അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, ആ ഭീകരത്വം അത്ര ഫലപ്രദമായില്ല.
ഈ സിനിമയെ ഒന്നാം പകുതി, രണ്ടാം പകുതി എന്നിങ്ങനെ വേർതിരിച്ച് കാണാൻ സാധിക്കില്ല. രണ്ട് മണിക്കൂർ നേരം നീളുന്ന സിനിമ ഒരു നേർവരയിലാണ് നീങ്ങുന്നത്. അതിനിടയിൽ പ്രേക്ഷകർക്ക് വേണ്ടിയെന്ന പോലെ ഒരു ഇടവേള വരുന്നുവെന്ന് മാത്രം. ദീപക് ഡി മേനോന്റെ സിനിമാറ്റോഗ്രഫിയും ചമൻ ചാക്കോയുടെ എഡിറ്റിങ്ങും സിനിമയ്ക്കൊരു മൂഡ് നൽകുന്നുണ്ട്. എന്നാൽ ആ മൂഡ് ഉയർത്താൻ സിബി മാത്യു അലക്സിന്റെ പാട്ടുകൾക്കോ പശ്ചാത്തല സംഗീതത്തിനോ സാധിക്കുന്നില്ല. ഇത്തരത്തിലൊരു പടത്തിൽ പശ്ചാത്തല സംഗീതത്തിന്റെ പ്രാധാന്യം എടുത്തുപറയേണ്ടല്ലോ?
ഒരുപാട് സാധ്യതകളുണ്ടായിരുന്ന ഒരു കഥയെ, അപ്രതീക്ഷിതമായ തിരുവുകളിലേക്കൊന്നും കൊണ്ടുപോകാതെ, കണ്ടുപരിചയിച്ച ട്രാക്കിലൂടെ തന്നെ ഓടിക്കുകയാണ് അഭിജിത് ജോസഫ്. 'ആർഡിഎക്സ്' എന്ന ചിത്രത്തിൽ നഹാസ് ഹിദായത് വിദഗ്ധമായി ഉപയോഗിച്ച ട്രാക്കാണിത്. ഇമോഷനെ ആക്ഷന്റെ ഇന്ധനമാക്കുക. പക്ഷേ, സൂപ്പർ സോണിക് സ്പീഡിൽ സഞ്ചരിക്കുമ്പോഴും 'കോസ്മിക് സാംസണ്' ആ ട്രാക്കിൽ പലവട്ടം കാൽവഴുതുന്നു.