കല്യാണി പ്രിയദർശന്‍ Source : YouTube Screen Grab
MOVIES

ഈ ഓണത്തിന്റെ സൂപ്പര്‍ഹീറോ; മോഹന്‍ലാലിനെയും ഫഹദിനെയും നേരിടാന്‍ കല്യാണി പ്രിയദര്‍ശന്‍

ലോക ചാപ്റ്റര്‍ 1 : ചന്ദ്ര, ഓടും കുതിര ചാടും കുതിര എന്നീ രണ്ട് സിനിമകളാണ് കല്യാണി പ്രിയദര്‍ശന്റേതായി റിലീസിന് ഒരുങ്ങുന്നത്.

Author : ന്യൂസ് ഡെസ്ക്

ഓണക്കാലം തിയേറ്ററില്‍ ആഘോഷമാക്കാനുള്ള അവസരം പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുകയാണ് മലയാള സിനിമ. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍ എന്നീ പ്രിയ താരങ്ങളുടെ സിനിമകള്‍ തിയേറ്ററിലെത്തുകയാണ്. ഈ രണ്ട് വമ്പന്‍ താരങ്ങള്‍ക്കൊപ്പം തന്നെ ഓണം കളറാക്കാന്‍ കല്യാണി പ്രിയദര്‍ശനും എത്തുന്നുണ്ട്. എന്തുകൊണ്ടും കല്യാണിക്ക് ഏറെ പ്രത്യേകത നിറഞ്ഞതായിരിക്കും 2025ലെ ഓണം. കാരണം കല്യാണിയുടേതായി രണ്ട് സിനിമകളാണ് ഈ ഓണത്തിന് തിയേറ്ററിലെത്തുന്നത്. അതും തികച്ചും വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളും രണ്ട് സിനിമകളും. ലോക ചാപ്റ്റര്‍ 1 : ചന്ദ്ര, ഓടും കുതിര ചാടും കുതിര എന്നീ രണ്ട് സിനിമകളാണ് കല്യാണി പ്രിയദര്‍ശന്റേതായി റിലീസിന് ഒരുങ്ങുന്നത്.

ഓടും കുതിര ചാടും കുതിരയില്‍ ഫഹദിനൊപ്പം തന്നെയാണ് കല്യാണി അഭിനയിക്കുന്നത്. അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദിന്റെ നായികയാണ് അവര്‍. റൊമാന്റിക് കോമഡിയായി ഒരുങ്ങിയ ചിത്രം ഒരു ലൈറ്റ് ഹാര്‍ട്ടഡ് എന്റര്‍ട്ടെയിനര്‍ ആണെന്നാണ് അല്‍ത്താഫ് അടക്കമുള്ളവര്‍ പറഞ്ഞത്. സിനിമയില്‍ നിഥി എന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിക്കുന്നത്. പൃഥ്വിരാജ്, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയവരുടെ നായികയായി കല്യാണിയെ പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. അത്തരത്തില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു നായികാ വേഷം തന്നെയായിരിക്കും നിഥി എന്ന് തന്നെയാണ് കല്യാണി നല്‍കിയ അഭിമുഖങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അധികമൊന്നും ചിന്തിക്കാതെ വളരെ ഫണ്‍ മൂഡില്‍ ചെയ്ത ഒരു കഥാപാത്രമായാണ് കല്യാണി നിഥിയെ വിവരിക്കുന്നത്.

കൊറിയന്‍ റോം കോം ഫോര്‍മാറ്റിലുള്ള ഓടും കുതിര ചാടും കുതിരയുടെ കഥ നടക്കുന്നത് ഫഹദിനെ കേന്ദ്രീകരിച്ചാണ്. എന്നാല്‍ കല്യാണിയുടെ രണ്ടാമത്തെ റിലീസായ ലോക ചാപ്റ്റര്‍ 1 : ചന്ദ്ര അങ്ങനെയല്ല. ലോക കല്യാണിയുടെ സിനിമയാണ്. മലയാളത്തിലെ ആദ്യ ഫീമെയില്‍ സൂപ്പര്‍ ഹീറോ ആയാണ് കല്യാണി സിനിമയില്‍ എത്തുന്നത്. ട്രെയ്‌ലര്‍ കൂടി പുറത്തുവന്നതോടെ ആരാധകര്‍ വളരെ വ്യത്യസ്തമായൊരു തിയേറ്റര്‍ എക്‌സ്പീരിയന്‍സിനും കല്യാണിക്കുമായി കാത്തിരിക്കുകയാണ്.

ലോകയില്‍ ചന്ദ്ര എന്ന കഥാപാത്രമായാണ് കല്യാണി എത്തുന്നത്. ചന്ദ്രയുടെ കഥയാണ് ലോക ചാപ്റ്റര്‍ 1 : ചന്ദ്ര എന്ന ചിത്രം. ആക്ഷന്‍ രംഗങ്ങള്‍ക്കും സൂപ്പര്‍ഹീറോ എലമെന്റസിനും ഒരു പോലെ പ്രാധാന്യമുള്ള സിനിമ കല്യാണിയുടെ സിനിമാ ജീവിതത്തിലെ വ്യത്യസ്തമായൊരു അനുഭവം തന്നെയാണ്. അഭിനേതാവ് എന്ന നിലയില്‍ കല്യാണി പ്രിയദര്‍ശന്‍ ഇതുവരെ ചെയ്ത റൊമാന്റിക് നായികാ റോളുകളില്‍ നിന്ന് വ്യത്യസ്തമായൊരു കഥാപാത്രവും കഥാ പരിസരവുമാണ് ലോക പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ കല്യാണി ലോകയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. "ലോക ടീസര്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ശ്രദ്ധ നേടി. എന്നാല്‍ മാര്‍വല്‍ അല്ലെങ്കില്‍ ഡ്യൂണ്‍ ഒക്കെ പോലെയൊരു സിനിമയായി ലോകയെ പ്രേക്ഷകര്‍ പ്രതീക്ഷിക്കാന്‍ സാധ്യതയുണ്ടെന്ന് എനിക്ക് ഭയമുണ്ട്. പ്രേക്ഷകര്‍ ലോകയിലൂടെ ഒരു മലയാള സിനിമ തന്നെയാണ് കാണാന്‍ പോകുന്നത്. മലയാളികള്‍ക്ക് പരിചിതമായ കാര്യങ്ങള്‍ക്കൊപ്പം സൂപ്പര്‍ ഹീറോ എലമെന്റ് കൂടി ഞങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. പക്ഷെ അതപ്പോഴും ഒരു മലയാള സിനിമയാണ്. എന്നാല്‍ തീര്‍ച്ചയായും അതില്‍ വ്യത്യസ്തമായ കാര്യങ്ങളുണ്ട്", കല്യാണി പറഞ്ഞു.

മലയാളത്തില്‍ ആദ്യമായി വരുന്ന ഒരു ഫീമെയില്‍ സൂപ്പര്‍ ഹീറോ. കൂടാതെ ദുല്‍ഖര്‍ നിര്‍മിച്ച സിനിമ ലോക എന്ന പുതിയൊരു യൂണിവേഴ്‌സിന്റെ തുടക്കം മാത്രമാണ്. സ്വാഭാവികമായും ചിത്രത്തിന് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നതിന് അപ്പുറത്തേക്ക് ഒരു ഹൈപ്പ് ഉണ്ടായി വന്നിട്ടുണ്ട്. ഇതിനു മുമ്പ് ശേഷം മൈക്കില്‍ ഫാത്തിമ എന്ന ചിത്രത്തിലാണ് കല്യാണി ടൈറ്റില്‍ കഥാപാത്രമായി എത്തിയത്. അതിന് ശേഷം ടൈറ്റില്‍ കഥാപാത്രമായി താരം എത്തുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. അതുകൊണ്ട് തന്നെ കല്യാണി എന്ന അഭിനേതാവിനപ്പുറം കല്യാണി എന്ന താരത്തിന്റെ പ്രാധാന്യം കൂടെ ഈ ഓണത്തിന് പ്രേക്ഷകര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കും.

തീര്‍ച്ചയായും ലോകയില്‍ നസ്ലെന്‍ ഒരു പ്രധാന ഘടകമാണ്. നിലവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ദുല്‍ഖര്‍, ടൊവിനോ, സണ്ണി വെയിന്‍ എന്നിവര്‍ കാമിയോ റോളിലും ചിത്രത്തില്‍ എത്തുന്നുണ്ട്. പക്ഷെ അപ്പോഴും ചിത്രത്തിന്റെ കഥ ചന്ദ്രയുടേതാണ്. നസ്ലെന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ കല്യാണിയുടെ കഥാപാത്രത്തിന്റെ കഥാപരിസരത്തില്‍ വന്നു പോകുന്നവരാണെന്നാണ് സൂചന. ലോക ചാപ്റ്റര്‍ 1 : ചന്ദ്രയില്‍ സ്റ്റാര്‍ കല്യാണി പ്രിയദര്‍ശന്‍ തന്നെയായിരിക്കും.

ഓണത്തിന് രണ്ട് സിനിമകള്‍ തിയേറ്ററിലെത്തുന്ന കല്യാണി പ്രിയദര്‍ശനെ സിനിമാ നിരൂപകന്‍ ഭരദ്വാജ് രംഗന്‍ വിശേഷിപ്പിച്ചത് സൂപ്പര്‍ സ്റ്റാര്‍ എന്നായിരുന്നു. എന്നാല്‍ അതിന് കല്യാണി നല്‍കിയ മറുപടി വളരെ ശ്രദ്ധേയമാണ്. "അല്ല അല്ല. അത് ഇപ്പോഴും എല്ലാക്കാലത്തേയും മഹാനായ നടന്‍ മോഹന്‍ലാല്‍ തന്നെയാണ്. ഈ ഓണത്തിനും അദ്ദേഹത്തിന്റെ സിനിമയായ ഹൃദയപൂര്‍വ്വം പുറത്തിറങ്ങുന്നുണ്ട്", എന്നാണ് കല്യാണി പറഞ്ഞത്.

സൂപ്പര്‍ സ്റ്റാര്‍ അല്ലെന്ന് പറഞ്ഞാലും കല്യാണി മലയാളികളുടെ സൂപ്പര്‍ ഹീറോയാവാന്‍ പോവുകയാണ്. ലോക ചാപ്റ്റര്‍ 1 : ചന്ദ്ര എന്ന ചിത്രത്തിലൂടെ പുതിയൊരു ലോകമാണ് മലയാളികള്‍ക്ക് മുന്നിലേക്ക് കല്യാണിയും അണിയറ പ്രവര്‍ത്തകരും എത്തിക്കാന്‍ ശ്രമിക്കുന്നത്. അതോടൊപ്പം ലോകയിലൂടെ 2025 ഓണം ബോക്‌സ് ഓഫീസില്‍ മോഹന്‍ലാലിനും ഫഹദിനും ഒപ്പം മത്സരിക്കാന്‍ കൂടി പോവുകയാണ് കല്യാണി പ്രിയദര്‍ശന്‍.

SCROLL FOR NEXT