രൺവീർ സിംഗ്, കല്യാണി പ്രിയദർശൻ Source: Instagram / Ranveer Singh, Kalyani Priyadrashan
MOVIES

300 കോടി ബജറ്റിൽ രൺവീറിന്റെ സോംബി ത്രില്ലർ 'പ്രളയ്'; നായികയായി കല്യാണി പ്രിയദർശൻ

ജയ് മേത്ത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബറിൽ ആരംഭിക്കും

Author : ന്യൂസ് ഡെസ്ക്

ആഗോള തലത്തിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ 'ധുരന്ധർ 2'വിന് ശേഷം സോംബി ത്രില്ലർ ചിത്രവുമായി ബോളിവുഡ് താരം രൺവീർ സിംഗ്. 'പ്രളയ്' എന്ന് ടൈറ്റിൽ ഇട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയ് മേത്തയാണ്. 'ലോക: ചാപ്റ്റർ വൺ - ചന്ദ്ര'യിലൂടെ പാൻ ഇന്ത്യൻ ശ്രദ്ധ നേടിയ മലയാളി താരം കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ നായികയെന്നാണ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നടിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്.

പോസ്റ്റ് അപ്പോകാലിപ്റ്റിക് ലോകത്താണ് 'പ്രളയ്' സിനിമയുടെ കഥ നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഡിസ്റ്റോപ്യൻ മുംബൈ നഗരത്തിൽ സോംബികൾക്കിടയിൽ അതിജീവനത്തിനായി പൊരുതുന്ന ദമ്പതികളെ കുറിച്ചാണ് ചിത്രം എന്നാണ് സൂചന. റിപ്പോർട്ടുകൾ പ്രകാരം, ഹോളിവുഡ് ചിത്രം 'ദ ഹംഗർ ഗെയിംസ്' ശൈലിയിൽ മുംബൈയെ പുനഃസൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ജയ് മേത്ത. 300 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം രൺവീർ സിങ്ങിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സോളോ പ്രോജക്ടാണ്.

ജയ് മേത്തയും വിശാൽ കപൂറും ചേർന്നാണ് 'പ്രളയ്' സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'മാ കസം ഫിലിംസ്' ആണ് നിർമാണം. ഹൻസൽ മേത്ത, സമീർ നായർ, സാഹിൽ സൈഗൽ എന്നിവരാണ് സഹനിർമാണം. സെപ്റ്റംബറിൽ ഓസ്ട്രേലിയയിൽ സിനിമയുടെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

അതേസമയം, കല്യാണിക്ക് പാൻ ഇന്ത്യൻ മുഖം നൽകിയ 'ലോക'യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. മലയാളത്തിലെ ആദ്യ 300 കോടി കളക്ഷൻ സ്വന്തമാക്കിയ ചിത്രമായി മാറിയ 'ലോക' അഞ്ച് ഭാഗങ്ങളായാണ് ഒരുങ്ങുന്നത്. ചാത്തന്റെ കഥ പറയുന്ന രണ്ടാം ഭാഗത്തിൽ ടൊവിനോ തോമസ് ആണ് കേന്ദ്ര കഥാപാത്രമാകുന്നത്.

SCROLL FOR NEXT