'ഇന്ത്യൻ 3' Shankar - Kamal Haasan announced Indian 3
MOVIES

'പാറ്റ'ക്കാലത്ത് ഇന്ത്യൻ താത്തയുടെ മൂന്നാം വരവ്

സിനിമാപ്രേമികൾക്കിടയിൽ കൾട്ട് സ്റ്റാറ്റസുള്ള ചിത്രമാണ് 1996ൽ പുറത്തിറങ്ങിയ 'ഇന്ത്യൻ'. പക്ഷേ...

Author : ശ്രീജിത്ത് എസ്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യവും 'പാറ്റ' പാർട്ടിയുടെ നേതൃത്വത്തിൽ യുവാക്കളും തെരുവിൽ ഇറങ്ങിയ പകൽ. പെട്ടെന്ന് ഒരു പ്രഖ്യാപനം . രാഷ്ട്രപതിയല്ല, പ്രധാനമന്ത്രിയല്ല, തെരഞ്ഞെടുപ്പ് കമ്മീഷനുമല്ല. സാക്ഷാൽ ഉലകനായകൻ കമൽ ഹാസനും ഡയറക്ടർ ശങ്കറും. അയാൾ വരുന്നു - സേനാപതി. അഴിമതിയുടെ മർമം നോക്കി അടിക്കുന്ന സേനാപതി വീണ്ടും വരുന്നു. 'ഇന്ത്യൻ' ഫ്രാഞ്ചൈസിയുടെ മൂന്നാം ചിത്രം വരുമെന്ന് സ്ഥിരീകരിച്ചുകൊണ്ട് അണിയറപ്രവർത്തകർ പോസ്റ്ററുകൾ പുറത്തുവിട്ടു. 'ഇന്ത്യൻ' വരും, അതും വാർ മോഡിൽ! സെറ്റിങ് കൊള്ളാം. പോരാളിയായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ പറ്റിയ സാഹചര്യം.

പക്ഷേ, വലിയ ഒച്ചയും ബഹളവും ഒന്നുമില്ല. "ഞങ്ങളോട് ഇത് വേണോ" എന്ന ചോദ്യം മാത്രം. 'ഇന്ത്യൻ 2' കണ്ട ആരും അങ്ങനെ ചോദിച്ചുപോകും. അത് ആ ചിത്രം മോശമായതുകൊണ്ടു മാത്രമല്ല, 'ഇന്ത്യൻ' എന്ന സിനിമയ്ക്ക് അത്രവലിയ സ്ഥാനം അവർ നൽകുന്നത് കൊണ്ടുകൂടിയാണ്.

സിനിമാപ്രേമികൾക്കിടയിൽ കൾട്ട് സ്റ്റാറ്റസുള്ള ചിത്രമാണ് 1996ൽ പുറത്തിറങ്ങിയ 'ഇന്ത്യൻ'. 1996ലെ ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. രജനികാന്തിന്റെ 'ബാഷ'യുടെ റെക്കോർഡ് മറികടന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചലച്ചിത്രം എന്ന നേട്ടം സ്വന്തമാക്കിയ ചിത്രം; 'പടയപ്പ' റിലീസ് ആകും വരെ 'ഇന്ത്യൻ' ആ റെക്കോർഡ് നിലനിർത്തി. ദേശീയ - സംസ്ഥാന പുരസ്കാരങ്ങളും ഫിലിം ഫെയർ അവാർഡുകളും ഈ ശങ്കർ ചിത്രം വാരിക്കൂട്ടി. 'ഇന്ത്യനെ' ഇത്ര വലിയ ഹിറ്റാക്കിയത് എന്താണ്?

സാങ്കേതികമായ മികവ്, ഡബിൾ റോളിൽ കമൽ ഹാസന്റെ ഞെട്ടിക്കുന്ന പ്രകടനം, എ.ആർ. റഹ്മാന്റെ ഗംഭീര ആൽബം എന്നിവ മാത്രമല്ല ഇന്ത്യൻ മെ​ഗാ ഹിറ്റാകാൻ കാരണം. അത് സംസാരിച്ച വിഷയം കൂടിയാണ്. അഴിമതി. എല്ലാക്കാലത്തും ഇന്ത്യയിലെ സാധാരണക്കാരെ ബാധിക്കുന്ന വിഷയം. "ഇതൊന്നും ചോദിക്കാൻ ഇവിടെ ആരുമില്ലേ" - എന്ന് ജനങ്ങൾ നിലവിളിച്ചുകൊണ്ടിരുന്ന കാലത്താണ് അഴിമതിക്കാർക്കെതിരെ സേനാപതി പോരാടാൻ ഇറങ്ങിയത്. തെരുവിൽ ഇറങ്ങിയുള്ള സമരമല്ല അയാളുടെ സ്റ്റൈൽ. അയാൾ അഴിമതിക്കാരെ നിർദാക്ഷണ്യം ഇല്ലാതാക്കി. സ്വന്തം മകനെപ്പോലും വെറുതെവിട്ടില്ല. ദേശ സ്നേഹവും ശക്തമായ ഇമോഷണൽ സീനുകളും കൂടിയായപ്പോൾ സിനിമ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധനേടി.

'ഇന്ത്യൻ' ഇറങ്ങി ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ശങ്കറും കമൽ ഹാസനും 'ഇന്ത്യൻ 2'ന് വേണ്ടി കൈകോർത്തത്. സോഷ്യൽ മീഡിയ കാലത്താണ് കഥ നടക്കുന്നത്. വിഷയം അഴിമതി തന്നെ. അതിനെതിരെ യൂട്യൂബ് ചാനലിലൂടെയും എക്സിലൂടെയും പോരാടുന്ന ഒരു കൂട്ടം യുവാക്കൾ. പക്ഷേ, അവരും ഒരു രക്ഷകന്റെ വരവിനായാണ് കാത്തിരിക്കുന്നത്. മറ്റാരുമല്ല, സേനാപതി തന്നെ. #ComeBackIndian എന്ന ഹാഷ്ടാഗ് വൈറലാക്കി അവർ ഇന്ത്യൻ താത്തയെ തിരിച്ചുവിളിക്കുന്നു. ഇന്ത്യൻ തിരിച്ചുവരരുതേയെന്ന് അപ്പോൾ തന്നെ പ്രേക്ഷകർ മനസാ പ്രാർഥിച്ചു തുടങ്ങിയിരുന്നു. ഫലം ഉണ്ടായില്ല. താത്ത തിരിച്ചുവന്നു. പിന്നങ്ങോട്ട് ഒരു ഐക്കോണിക് ക്യാരക്ടർ തമാശയായി മാറുന്നതിനാണ് നമ്മൾ സാക്ഷിയായത്. സിനിമ തീർന്ന് എല്ലാം അവസാനിച്ചു എന്ന് വിചാരിച്ചിടത്ത്, അതാ വരുന്നു 'ഇന്ത്യന്‍ 3'യുടെ പ്രഖ്യാപനം.

'ഇന്ത്യൻ 2' ചിത്രീകരണം പകുതിയായപ്പോൾ, ചിത്രം ഒരൊറ്റ ഭാഗത്തിൽ ഒതുക്കാതെ മറ്റൊരു ഭാഗം കൂടി നിർമിച്ച് അതിന് 'ഇന്ത്യൻ 3' എന്ന് പേരിടാൻ ശങ്കർ തീരുമാനിക്കുകയായിരുന്നു. വലിയൊരു ഭാ​ഗം ഷൂട്ടും ചെയ്തും. എന്നാൽ ബജറ്റ് പരിധി വിട്ടതോടെ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ആശങ്കയിലായി. 'ഇന്ത്യൻ 2' വൻ പരാജയം കൂടിയായതോടെ ഡിജിറ്റൽ സ്ട്രീമിങ് കരാറിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറി. ചിത്രത്തിനായി കൂടുതൽ പണം ചെലവഴിക്കാൻ ലൈക്ക വിസമ്മതിച്ചു. ആ പ്രൊജക്ട് തീർന്നു എന്ന് എല്ലാവരും കരുതി.

കാലം പിന്നെയും കടന്നുപോയി, മണിരത്നത്തിനൊപ്പം കമൽ 'ത​ഗ് ലൈഫ്' എടുത്ത് കാണികളെ വീണ്ടും നിരാശരാക്കി. ശങ്കർ ​'ഗെയിം ചേഞ്ചർ' എടുത്ത് ആ മുറുവിൽ ഉപ്പുപുരട്ടി. സിനിമാലോകത്തിന് പുറത്ത്, സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഒറ്റ പരാമർശത്തിൽ കോക്രോച്ച് ജനത പാ‍‌ർട്ടി രൂപം കൊണ്ടു. സോഷ്യൽ മീഡിയയിലൂടെ യുവാക്കൾ സംഘടിച്ചു. അവരുടെ പോരാട്ടം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ കസേര തെറിപ്പിച്ചു. ഒറ്റയാൾ പോരാളി എന്ന വിസ്മയം സിനിമയിൽ പോലും ആളുകൾ വിശ്വസിക്കാത്ത കാലം. ജെൻസി വൈബ് മാറി. തങ്ങൾ പൊളിറ്റിക്കലാണെന്നും ഞങ്ങളുടെ കാര്യം ചോദിക്കാൻ ഞങ്ങൾക്ക് നാവുണ്ടെന്നും അവർ ഉറക്കെപ്പറഞ്ഞു. ശങ്കർ തന്റെ ഡ്രീം പ്രൊജക്ടായ വേൽപ്പാരി എടുക്കാനുള്ള പരിപാടികളുമായി മുന്നോട്ട് പോകുകയാണെന്ന വാർത്തകൾ വരുന്നത് അപ്പോഴാണ്. 'ഇന്ത്യൻ 3' ഇനി വരില്ല എന്ന് എല്ലാവരും ഉറപ്പിച്ച സമയം. അപ്പോഴാണ്, സേനാപതിയുടെ മൂന്നാം വരവുണ്ടാകുമെന്ന പ്രഖ്യാപനം വരുന്നത്. ഇതൊരു പ്രീക്വൽ ആകുമെന്ന് ഇന്ത്യൻ 2ന്റെ പോസ്റ്റ് ക്രെഡിറ്റിൽ നിന്ന് ഊഹിക്കാം. ഇത്തവണ സേനാപതിയുടെ അച്ഛൻ വീരശേഖരന്റെ കഥയാകും ചിത്രം പ്രധാനമായും പറയുക. അതിന്റെ കൂടെ സേനാപതിയുടെ മർമവിദ്യകളും ഉണ്ടാകും. ചിത്രത്തിന്റെ ചെറിയൊരു ഭാഗത്തിന്റെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പൂർത്തിയാകാനുണ്ട്. അത് കഴിഞ്ഞാൽ ഇന്ത്യൻ 3 തിയേറ്ററുകളിലേക്ക് എത്തും. 2027 പൊങ്കൽ റിലീസ് ആകാനാണ് സാധ്യത. അങ്ങനെയെങ്കിൽ രജനികാന്തിന്റെ ധർമനുമായാകും ഇന്ത്യൻ 3യുടെ ക്ലാഷ്. ഇപ്പോൾ തന്നെ ധർമൻ പൊങ്കൽ തൂക്കി എന്നാണ് രജനി ആരാധകർ പറയുന്നത്.

ഒരു ഫ്രാഞ്ചൈസിയിലെ ഒരു ചിത്രം മോശമായി എന്നതുകൊണ്ട് അതിനെ തള്ളിക്കളയേണ്ട കാര്യമില്ല. ശങ്കർ ഔട്ട്ഡേറ്റഡായി, കമലിന്റെ പെർഫോർമൻസിൽ പഴയ ആ രസമില്ല, കാലം മാറി എന്നിങ്ങനെയുള്ള വാദങ്ങൾക്ക് പ്രസക്തിയുമില്ല. പീരീഡ് ഡ്രാമയായി നിൽക്കുകയും നല്ല സാങ്കേതിക തികവോടെ ചിത്രത്തെ അവതരിപ്പിക്കാൻ സാധിക്കുകയും ചെയ്താൽ ഇന്ത്യൻ ഫ്രാ‍ഞ്ചൈസിയുടെ പേരുദോഷം ഒരുവിധം മാറ്റാൻ ഈ ചിത്രത്തിന് സാധിച്ചേക്കും. അപ്പോഴും ശങ്കർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. രാജ്യത്തെ രക്ഷിക്കാൻ അവതാര പിറവികളിൽ ഇന്നത്തെ തലമുറ വിശ്വസിക്കുന്നില്ല. അവർ എതിർക്കുന്ന സിസ്റ്റത്തിന്റെ സ്വഭാവം മാറിയിട്ടുണ്ട്. സിനിമയെ അവർ കാണുന്ന രീതി മാറിയിട്ടുണ്ട്. സാങ്കേതിക വിദ്യ ഇന്ന് അവരുടെ കൈവെള്ളയിലാണ്. അത് മനസിലാക്കി വേണം സേനാപതിയേയും രാജശേഖരനേയും ഇറക്കിവിടാൻ. 'ഇന്ത്യൻ 2' സമയത്ത് ഷൂട്ട് ചെയ്ത വിഷ്വലുകൾ പോസ്റ്റിൽ നല്ലപോലെ ഒന്ന് വിലയിരുത്തുന്നത് നന്നാകും. അല്ലെങ്കിൽ താത്ത ​ഗോ ബാക്ക് വിളികൾ വീണ്ടും തിയേറ്ററുകളിൽ മുഴങ്ങും.

SCROLL FOR NEXT