കൊച്ചി: സിനിമാ ആസ്വാദകർ കാത്തിരുന്ന 'കാന്താര ചാപ്റ്റർ 1' ട്രെയിലർ പുറത്ത്. ലോക നിലവാരത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നതെന്ന് ഉറപ്പ് നല്‍കുന്നതാണ് ട്രെയ്‌ലർ. ഇതോടെ ചിത്രത്തിന്റെ ഹൈപ്പ് ഇരട്ടിച്ചിരിക്കുകയാണ്. കന്നഡ കൂടാതെ വിവിധ ഭാഷകളില്‍ മൊഴിമാറ്റിയെത്തുന്ന ചിത്രത്തില്‍ മലയാളം തരം ജയറാമും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.
ജനകീയ വിശ്വാസങ്ങളും, ദൈവിക ആചാരങ്ങളും, നാടൻ കലാരൂപങ്ങളും ഒക്കെ ചേർന്നു വലിയൊരു സിനിമാറ്റിക് അനുഭവമായി മാറിയ 'കാന്താര'യുടെ തുടക്കമാകും പുതിയ സിനിമയുലൂടെ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി പറയുക. 'കാന്താര ചാപ്റ്റർ 1'ന്റെ മലയാളം ട്രെയ്‌ലർ നടനും നിർമാതാവുമായ പൃഥ്വിരാജ് സുകുമാരൻ ആണ് ഔദ്യോഗികമായി റിലീസ് ചെയ്തത്. "ചില കഥകൾ അങ്ങനെയാണ്, കാലമെത്ര കഴിഞ്ഞാലും അത് പ്രതിധ്വനിക്കും," എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തത്.
ആദിവാസി സമൂഹത്തിന്റെ ദൈവികാചാരങ്ങളിൽ നിന്നുമാണ് 'കാന്താര ചാപ്റ്റർ 1'ന്റെ കഥ വികസിക്കുന്നത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം, ആത്മീയതയും ഭക്തിയും എന്നിവ ഇടകലർത്തിയ ഒരു ലോകമാണ് ഈ സിനിമ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.
ഹൊംബാലെ ഫിലിംസ് ആണ് സിനിമ നിർമിക്കുന്നത്. സംഗീതം ഒരുക്കുന്നത് ബി. അജനീഷ് ലോക്നാഥ്, ക്യാമറയ്ക്ക് പിന്നിൽ അർവിന്ദ് കശ്യപ്, പ്രൊഡക്ഷൻ ഡിസൈൻ വിനേഷ് ബംഗ്ലാൻ.
ട്രെയ്‌ലറില്‍ കാണുന്ന വമ്പിച്ച യുദ്ധരംഗം 25 ഏക്കറോളം വിസ്തൃതിയുള്ള പ്രത്യേകം സെറ്റിട്ടാണ് ചിത്രീകരിച്ചത്. ദേശീയ-അന്താരാഷ്ട്ര വിദഗ്ധരുടെ സഹകരണത്തോടെ, 500-ത്തിലധികം പരിശീലനം നേടിയ പോരാളികളും 3,000ത്തോളം കലാകാരന്മാരും സഹകരിച്ചാണ് 45–50 ദിവസങ്ങളിലായി ഈ രംഗം ഷൂട്ട് ചെയ്തത്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ വമ്പിച്ച യുദ്ധരംഗങ്ങളിൽ ഒന്നായി ഇത് മാറുമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.
ഈ ചിത്രം ഐമാക്സ് സ്ക്രീനിലും പ്രേക്ഷകർക്ക് മുന്നിലെത്തുമെന്ന് കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. കാന്താര: ചാപ്റ്റർ 1ന്റെ വിസ്മയകരമായ ദൃശ്യങ്ങൾക്കും, അത്യുഗ്രൻ പശ്ചാത്തലസംഗീതത്തിനും, വലിയ കാൻവാസിലുള്ള അവതരണത്തിനും ഐമാക്സ് അനുഭവം മറ്റൊരു ഉയർച്ച നൽകും.
‘കാന്താര ചാപ്റ്റർ 1’, ഒക്ടോബർ രണ്ടിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി, ഇംഗ്ലിഷ് തുടങ്ങി ഏഴ് ഭാഷകളിൽ ഒരുമിച്ചാകും റിലീസ്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസും മാജിക് ഫ്രെയിംസുമാണ് കേരളത്തിൽ ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.