
ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം പവന്‍ കല്യാണിന്റെ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ദേ കാള്‍ ഹിം ഒജി'. സെപ്റ്റംബർ 25നാണ് സുജീത് സംവിധാനം ചെയ്യുന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. പ്രീ റിലീസ് ഇവന്റിലെ താരത്തിന്റെ പഞ്ച് ഡയലോഗുകളും സ്വാഗും ആരാധകരെ ആവേശത്തിലാക്കി. എന്നാല്‍, പരിപാടിയിലെ മറ്റൊരു ഐറ്റമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
കറുത്ത ഷർട്ടും പാന്റും ധരിച്ച് 'ഒജി'യിലെ സ്റ്റൈലിഷ് ലുക്കിലാണ് പവന്‍ കല്യാണ്‍ പ്രീ-റിലീസ് ഇവന്റിന് എത്തിയത്. കയ്യില്‍ ഒരു നീളന്‍ വാളും ഉണ്ടായിരുന്നു. ഈ വാളും ചുഴറ്റി താരം വേദിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. എന്നാല്‍ ചുഴറ്റിലിനിടെയില്‍ പുറകില്‍ ഉള്ളവരെ നടന്‍ ശ്രദ്ധിച്ചില്ല. സുരക്ഷാ ജീവനക്കാരില്‍ ഒരാള്‍ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്.
വീഡിയോ വൈറലായതോടെ ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി കൂടിയായ പവന്‍ കല്യാണ്‍ വലിയ തോതിലുള്ള വിമർശനങ്ങളാണ് നേരിടുന്നത്. 'ഉപമുഖ്യമന്ത്രിയാണെന്ന് മറക്കരുത്', 'പാവം ബോഡിഗാർഡ്', 'ജസ്റ്റ് മിസ്', എന്നിങ്ങനെ കാര്യമായും തമാശയായും വീഡിയോയ്ക്ക് താഴെ കമന്റുകല്‍ നിറയുകയാണ്.
രണ്ട് വർഷം മുന്‍പ്, പവന്‍ കല്യാണിന്റെ ജന്മദിനത്തിലാണ് 'ദേ കാള്‍ ഹിം ഒജി' യുടെ പ്രഖ്യാപന ടീസർ പുറത്തിറക്കിയത്. എന്നാല്‍ പിന്നീട് താരം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും ആന്ധ്രപ്രദേശിന്റെ ഉപമുഖ്യമന്ത്രിയാകുകയും ചെയ്തതോടെ ചിത്രം വൈകി. 'സാഹോ' ചെയ്ത സുജീത്ത് ആണ് ചിത്രത്തിന്റെ സംവിധായകന്‍.
ആദ്യ ദിനം തന്നെ വമ്പന്‍ കളക്ഷനാണ് ചിത്രത്തിന് പ്രതീക്ഷിക്കുന്നത്. റിലീസ് ദിവസം ഒരു മണിക്ക് ബെനിഫിറ്റ് ഷോ നടത്താന്‍ സർക്കാർ അനുമതി നല്‍കിയിട്ടുണ്ട്. 1000 രൂപയാണ് ഈ ഷോയുടെ ടിക്കറ്റിന് വില. 11 മണിക്കാകും അടുത്ത ബെനിഫിറ്റ് ഷോ. ഇത്തരത്തില്‍ ഒരു ദിവസം അഞ്ച് ഷോ വരെ നടത്താനാണ് പദ്ധതി. ഇതിനു പുറമേ ടിക്കറ്റ് നിരക്ക് കൂട്ടാനും സർക്കാർ അനുമതി നല്‍കിയിട്ടുണ്ട്.
സിംഗിൾ സ്‌ക്രീനുകൾക്കും മൾട്ടിപ്ലക്‌സുകൾക്കും ചിത്രം റിലീസ് ചെയ്യുന്ന ആദ്യ പത്ത് ദിവസങ്ങളിൽ ടിക്കറ്റ് വില വർധിപ്പിക്കാനും സർക്കാർ അനുമതി നല്‍കിട്ടുണ്ട്. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ നാല് വരെ സിംഗിൾ സ്‌ക്രീനുകൾക്ക് 125 രൂപയും മൾട്ടിപ്ലക്‌സുകൾക്ക് 150 രൂപയും ആകും ടിക്കറ്റ് വിലയായി ഈടാക്കുക. വില ഉയർന്നിട്ടും തങ്ങളുടെ പ്രിയ താരത്തിന്റെ ടിക്കറ്റ് സ്വന്തമാക്കാനുള്ള ഓട്ടത്തിലാണ് ആരാധകർ.