തെന്നിന്ത്യൻ പ്രേക്ഷകർക്കൊപ്പം ബോളിവുഡ് ആരാധകരും കാത്തരിക്കുന്ന ചിത്രമാണ് കണ്ണപ്പ. തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായ ചിത്രത്തിൽ പ്രഭാസ്, മോഹന്‍ലാല്‍, അക്ഷയ് കുമാര്‍ എന്നിവരുൾപ്പെടെ വൻ താരനിരതന്നെയെത്തുന്നു. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ.
ഭക്തിയൊടൊപ്പം മാസും ആക്ഷനും ചേർത്ത് കിടിലൻ വിഷ്വൽ ട്രീറ്റാണ് കണ്ണപ്പ ഒരുക്കുന്നതെന്ന സൂചനയാണ് ട്രെയിലർ തരുന്നത്. ദൈവമില്ലെന്ന് പറഞ്ഞവനിൽ നിന്ന് ശിവ ഭക്തനായി പരിവര്‍ത്തനം ചെയ്യുന്ന നിര്‍ഭയ യോദ്ധാവായി മാറിയ തിന്നാടുവായി വിഷ്ണു മഞ്ജു. അക്ഷയ് കുമാര്‍ ശിവനായും മോഹന്‍ലാല്‍ കിരാതനായും വേഷമിടുന്നു. രുദ്ര എന്ന കഥാപാത്രമായി പ്രഭാസ് എത്തുന്നു.
കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് നിര്‍മ്മിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. വിശ്വാസം, ഭക്തി, വിധി എന്നിവയുടെ ഒരു ഇതിഹാസ യാത്രയാണ് ഈ ചിത്രം സമ്മാനിക്കുക.
മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്ത ചിത്രം മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ വി എ എന്റര്‍ടൈന്‍മെന്റ്‌സ് എന്നീ ബാനറുകളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇടിമുഴക്കത്തോടെയുള്ള പശ്ചാത്തലസംഗീതവും അതിശയിപ്പിക്കുന്ന ഛായാഗ്രഹണവും ഉള്ള കണ്ണപ്പ, വൈകാരികവും എന്നാല്‍ ആക്ഷന്‍ നിറഞ്ഞതുമായ ഒരു യാത്രയാണ് സമ്മാനിക്കുക എന്ന സൂചന ടീസറിലൂടെ തന്നെ പ്രേക്ഷകർക്ക് ലഭിച്ചിരുന്നു.
2025 ജൂണ്‍ 27-ന് ലോകമെമ്പാടും വമ്പന്‍ റിലീസായി എത്തുന്ന ചിത്രത്തില്‍ ശരത് കുമാര്‍, മോഹന്‍ ബാബു,കാജല്‍ അഗര്‍വാള്‍, പ്രീതി മുകുന്ദന്‍, അര്പിത് രംഗ, കൗശല്‍ മന്ദ ദേവരാജ്, ഐശ്വര്യ, മധുബാല എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളില്‍ ചിത്രം ആഗോള റിലീസായെത്തും.
ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ കെച്ചയാണ്. സംഗീതം- സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍- ആന്റണി ഗോണ്‍സാല്‍വസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ചിന്ന, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനയ് മഹേശ്വര്‍, ആര്‍ വിജയ് കുമാര്‍, പിആര്‍ഒ- ശബരി.