കാന്താര ചാപ്റ്റർ 1 Source: X
MOVIES

തിയേറ്ററുകളില്‍ തരംഗമായി 'കാന്താര 2' ; 2025ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ കന്നഡ ചിത്രം

ശനിയാഴ്ച മാത്രം 55 കോടി രൂപ ചിത്രം കളക്ട് ചെയ്തുവെന്നാണ് റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: വമ്പിച്ച ബോക്സ്ഓഫീസ് കളക്ഷനും പ്രേക്ഷകപ്രീതിയും ഏറ്റുവാങ്ങി 'കാന്താര ചാപ്റ്റർ വണ്‍' പ്രദർശനം തുടരുകയാണ്. ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച ചിത്രം കളക്ഷന്‍ റെക്കോർഡുകള്‍ തിരുത്തിക്കുറിക്കുകയാണ്. റിലീസ് ആയി മൂന്നാം ദിനം 'കാന്താര'യുടെ രണ്ടാം ഭാഗം 2025ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ കന്നഡ ചിത്രമായി മറി.

ഋഷഭ് ഷെട്ടി, രുക്മിണി വസന്ത്, ജയറാം, ഗുല്‍ഷന്‍ ദേവയ്യ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. റിലീസ് ആയി മൂന്ന് ദിവസം കൊണ്ട് ചിത്രം 162.85 കോടി രൂപ ഡൊമസ്റ്റിക് കളക്ഷനാണ് സ്വന്തമാക്കിയത്. ശനിയാഴ്ച മാത്രം 55 കോടി രൂപ ചിത്രം കളക്ട് ചെയ്തുവെന്നാണ് ട്രേഡ് പോർട്ടലായ സാക്നില്‍ക്കിന്റെ റിപ്പോർട്ട്.

'കാന്താര 2'ന് ഭാഷാഭേദമന്യേ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മൂന്നാം ദിനം, കന്നഡ പതിപ്പ് 14.5 കോടി രൂപയും തെലുങ്ക് പതിപ്പ് 11.5 കോടി രൂപയും ഹിന്ദി പതിപ്പ് 19 കോടി രൂപയും സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകള്‍. 93 ശതമാനം തിയേറ്റർ ഒക്കുപ്പെന്‍സിയാണ് കന്നഡ പതിപ്പിനുണ്ടായിരുന്നത്.

കേരളത്തില്‍ നിന്നും മികച്ച കളക്ഷനാണ് ഋഷഭ് ഷെട്ടി ചിത്രം നേടുന്നത്. റിലീസ് ദിനത്തില്‍ 5.25 കോടി രൂപയാണ് ചിത്രം കേരള ബോക്സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത്. രണ്ടാം ദിനം, 3.75 കോടി രൂപയും. വലിയ ഹൈപ്പുണ്ടായിരുന്നിട്ടും കളക്ഷനില്‍ ചെറിയ ഇടിവ് രണ്ടാം ദിവസം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ വരു ദിവസങ്ങളില്‍ 'കാന്താര 2' റെക്കോർഡ് കളക്ഷന്‍ സ്വന്തമാക്കുമെന്നാണ് ഇന്‍ഡസ്ട്രി വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പ്രശാന്ത് നീലിന്റെ 'കെ.ജി.എഫ് 2' പോലുള്ള പാന്‍ ഇന്ത്യന്‍ ഹിറ്റുകളാണ് 'കാന്താര 2'ന് വെല്ലുവിളിയുമായി കളക്ഷനില്‍ മുന്നിലുള്ളത്.

SCROLL FOR NEXT