മരണങ്ങള്‍, അപകടങ്ങള്‍...; വിവാദങ്ങള്‍ വിടാതെ പിന്തുടർന്ന 'കാന്താര 2'

ചിത്രീകരണം തുടങ്ങിയ നാൾ മുതൽ ദുരന്തങ്ങളും വിവാദങ്ങളും സിനിമയെ പിന്തുടർന്നു
കാന്താര
കാന്താര
Published on

ചില കഥകൾ അങ്ങനെയാണ്...കാലമെത്ര കഴിഞ്ഞാലും അതിന്റെ അലകൾ പ്രതിധ്വനിച്ചകൊണ്ടിരിക്കും. 'കാന്താര' എന്ന കന്നഡ പടം ഇന്ത്യൻ പടമായതും അങ്ങനെയാണ്. മണ്ണും, മനുഷ്യനും, മിത്തും ചേർത്താണ് അമ്മുമ്മ കഥകൾ കേട്ടും കണ്ടും വളർന്ന കാണികളെ ഋഷഭ് ഷെട്ടി എന്ന സംവിധായകൻ കയ്യിലെടുത്തത്. അത് ഒരിക്കൽ കൂടി ആവർത്തിക്കാനുള്ള ശ്രമമാണ് 'കാന്താര ചാപ്റ്റർ 1'. മിത്തുകൾ ആവർത്തിക്കുകയാണ്. സിനിമയ്ക്കുള്ളിൽ മാത്രമല്ല പുറത്തും.

അടിസ്ഥാനവർഗ രാഷ്ട്രീയം സംസാരിച്ച സിനിമ ആയിരുന്നു ഋഷഭ് ഷെട്ടിയുടെ 'കാന്താര'. സന്തോഷവും സമാധാനവും തേടിയിറങ്ങുന്ന ഒരു രാജാവും അയാൾക്ക് അവ വരമായി നൽകുന്ന ‍ ഇരുണ്ട കാന്താരത്തിലെ കല്ലിലെ 'പഞ്ചുരുളി' എന്ന ദൈവസങ്കല്‍പ്പവും. ഈ കഥയിൽ നിലയുറപ്പിച്ചാണ് സിനിമ നിലത്തിന്റെ രാഷ്ട്രീയം സംസാരിക്കാൻ ശ്രമിച്ചത്. പലപ്പോഴും സിനിമയില്‍ ആവിഷ്കരിച്ച മിത്ത് റിയാലിറ്റിക്ക് മുകളിൽ ചർച്ചയായി. പതിഞ്ഞ താളത്തിൽ പോയ സിനിമയുടെ അവസാന 20 മിനുട്ട് പ്രേക്ഷകരെ ത്രസിപ്പിച്ചു. അടുത്ത ഭാഗം എപ്പോൾ എന്ന ചോദ്യം അവരെക്കൊണ്ട് തന്നെ ചോദിപ്പിച്ചു.

കാന്താര
17 വർഷങ്ങൾക്കു ശേഷം അത് സംഭവിക്കുന്നു; മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിൻ്റെ ടീസർ നാളെ
കാന്താര
കാന്താര

'കാന്താര' ഭാഷാഭേദമന്യേ ഇന്ത്യൻ ബോക്സ്ഓഫീസ് ഏറ്റെടുത്തു. മികച്ച ജനപ്രിയ ചിത്രത്തിനും നടനുമുള്ള അവാർഡ് സിനിമയ്ക്ക് ലഭിച്ചു. രണ്ടാം ഭാഗം ഉടൻ എന്ന അറിയിപ്പ് വന്നു. പക്ഷേ കാന്തരയെപ്പോലെ നിശബ്ദമായിരുന്നില്ല രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്.

ചിത്രീകരണം തുടങ്ങിയ നാൾ മുതൽ ദുരന്തങ്ങളും വിവാദങ്ങളും സിനിമയെ പിന്തുടർന്നു. സിനിമയിൽ പ്രധാനവേഷം അവതരിപ്പിക്കുന്ന രാകേഷ് പൂജാരിയും മലയാളി താരം വി.കെ. നിജുവും ഹൃദയാഘാതം മൂലം മരിച്ചു. മറ്റൊരു വേഷം അവതരിപ്പിക്കേണ്ട മലയാളി തെയ്യം കലാകാരൻ എം.എഫ്. കപിൽ മുങ്ങിമരിച്ചു. ജൂനിയർ ആർട്ടിസ്റ്റുമാർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് 20ൽ അധികം പേർക്ക് പരിക്കേറ്റു. ഏറ്റവും ഒടുവിൽ, ശിവമോഗ ജില്ലയിലെ മസ്തികട്ടേ മേഖലയിലെ മണി ജലസംഭരണിയിലെ ചിത്രീകരണത്തിനിടെ ബോട്ട് മറിഞ്ഞു. നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും 30 അണിയറ പ്രവർത്തകരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ഇവയെ എല്ലാം 'അശുഭ സംഭവങ്ങളെന്നും' 'ദുർനിമിത്തങ്ങൾ' എന്നുമാണ് സമൂഹമാധ്യമത്തിലെ ഒരു കൂട്ടം വിശ്വാസികള്‍ വിളിച്ചത്. പഞ്ചുരുളിയുടെ കോപം എന്ന് തുറന്നടിച്ച് പറഞ്ഞവരുമുണ്ട്. ഇത് കേവലം സിനിമയല്ല ഒരു ദിവ്യ ശക്തിയാണെന്ന ഋഷഭ് ഷെട്ടിയുടെ വാക്കുകൾ തോന്നുംപടി ആളുകൾ ഉപയോഗിച്ചു. പലപ്പോഴും വളച്ചൊടിച്ചു.

കാന്താര 2 ഷൂട്ടിങ്ങില്‍ ഋഷഭ് ഷെട്ടി
കാന്താര 2 ഷൂട്ടിങ്ങില്‍ ഋഷഭ് ഷെട്ടി

അപകടങ്ങളിൽ മാത്രം ഒതുങ്ങി നിന്നില്ല ഈ 'ദുർനിമിത്തങ്ങൾ'. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിവാദങ്ങളും ഉയർന്നുവന്നു. കർണാടകയിലെ ഹേരൂരു ​ഗ്രാമത്തിനോട് ചേർന്നുള്ള ​ഗവി​ഗുഡ്ഡ കാട്ടിൽ സിനിമയുടെ ഷൂട്ടിങ് നടന്നിരുന്നു. ഈ ഷൂട്ടിങ് കാരണം മേഖലയിൽ ​ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സംഭവിച്ചെന്നായിരുന്നു പ്രദേശവാസികളുടെ പരാതി. കാടിനോട് ചേ‍ർന്നുള്ള ​ഗ്രാമത്തിൽ ഷൂട്ട് ചെയ്യാൻ ആയിരുന്നു കാന്താര ടീമിന് അനുമതി നൽകിയിരുന്നത്. എന്നാൽ അവർ‌ കാടുകയറി സിനിമ ചിത്രീകരിച്ചുവെന്ന് ​ഗ്രാമവാസികള്‍ ആരോപിച്ചു. കാടിന്റെ ആവാസവ്യവസ്ഥയെ അസ്വസ്ഥമാക്കി ഇവിടെ ചിത്രീകരിച്ചത് സ്ഫോടനദൃശ്യങ്ങളാണെന്ന് വിവിധ കന്നഡ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്തതോടെ അടുത്ത 'പഞ്ചുരുളി കോപം'' വീണ്ടും 'കാന്താര'യെ വേട്ടയാടുന്നുവെന്ന് തലക്കെട്ടുകൾ നിരന്നു.

മൂന്ന് വ‍ർഷങ്ങള്‍ക്കും 250 ദിവസത്തെ അക്ഷീണ പ്രയത്നത്തിനും ശേഷം ഋഷഭും സംഘവും കാന്താരയുടെ ഷൂട്ടിങ് പൂ‍ർത്തിയാക്കി. 'താൻ വിശ്വസിച്ച ദൈവം തന്നെ കൈവിട്ടില്ല' എന്ന് സംവിധായകൻ ആശ്വാസം കൊണ്ടു. പഞ്ചുരുളിക്ക് പൂജ നടത്തി.

കാന്താര
"എന്താണ് മൂത്തോനേ, ഇതെന്തിനുള്ള പുറപ്പാടാ..."; വീണ്ടും സോഷ്യല്‍ മീഡിയ കത്തിച്ച് മമ്മൂട്ടി

സിനിമയുമായി ബന്ധപ്പെട്ട് അണിയറ പ്രവ‍ർത്തകരിൽ നിന്ന് തന്നെ ഇത്രയും അധികം വിശ്വാസ സംബന്ധിയായ പ്രസ്താവനകൾ വരുന്നതുകൊണ്ടാകാം ഒരു കൈസഹായം എന്ന നിലയ്ക്ക് സമൂഹമാധ്യമങ്ങളിൽ നിന്നും പല തരത്തിലുള്ള വാ‍ർത്തകളും പ്രചരിച്ചു. അതിൽ ഒന്നായിരുന്നു 'കാന്താര സങ്കൽപ്പ'. ട്രെയിലർ റിലീസിന് പിന്നാലെയാണ് കാന്താര ടെംപ്ലേറ്റിൽ ഒരു പോസ്റ്റ‍ർ സോഷ്യൽ മീഡിയയിൽ തരം​ഗമായത്. അതിൽ, കാന്താര കാണാൻ എങ്ങനെ തയ്യാറെടുക്കണം എന്നാണ് പറഞ്ഞിരുന്നത്. അതിനായി കാണികൾ ഒരു ദിവ്യ വ്രതം എടുക്കണം. എന്തൊക്കെയാണ് ഈ ദിവ്യ വ്രതങ്ങൾ? ഒന്ന് മദ്യപിക്കാതിരിക്കുക. രണ്ട്, പുകവലിക്കാതിരിക്കുക. മൂന്ന് മാംസാഹാരം കഴിക്കാതിരിക്കുക. തിയേറ്ററുകളിൽ സിനിമ കാണാൻ എത്തും വരെ ഇവ മൂന്നും പാലിക്കണം. ചുമ്മാ വ്രതം എടുത്താൽ മാത്രം പോരാ ഗുഗിൾ ഫോം പൂരിപ്പിച്ച് ഒരു പാ‍ർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും സ്വന്തമാക്കണം. പടച്ചുവിട്ടത് ആരാണെങ്കിലും സം​ഗതി കേറി കത്തി. വിശദീകരണവുമായി സംവിധായകൻ തന്നെ എത്തി.

കാന്താര 2 ചിത്രീകരണം
കാന്താര 2 ചിത്രീകരണം

"അതൊക്കെ ഫേക്ക് ന്യൂസ് ആണ് ചേട്ടാ" എന്ന് പാൻ ഇന്ത്യൻ ഭാഷകളില്‍ ഋഷഭ് ഓടി നടന്ന് പറഞ്ഞു. ഈ പ്രീ റിലീസ് ഇവന്റുകളിലും വിവാദങ്ങൾ ഒഴിഞ്ഞില്ല. കാന്താര സങ്കൽപ്പ കഴിഞ്ഞപ്പോൾ ഭാഷാ വിവാദമായി അടുത്ത 'കാന്താര പ്രോബ്ലം'.

തെലുങ്ക് പതിപ്പിന്റെ പ്രീ റിലീസ് ഇവന്റ് ആണ് വേദി. മുഖ്യ അതിഥി ജൂനിയർ എൻടിആ‍ർ. അണ്ണൻ കൂടപിറപ്പാണ്, സ്നേഹിതനാണ് എന്നോക്കെ പറഞ്ഞ ഋഷഭ് പക്ഷേ അതിനൊക്കെ തെരഞ്ഞെടുത്ത ഭാഷ കന്നഡ ആയിപ്പോയി. "ഞാൻ കന്നഡയിൽ സംസാരിക്കാൻ പോകുന്നു. എന്റെ ഹൃദയത്തിൽ നിന്ന് സംസാരിക്കുന്നപോലെ," എന്ന് ഋഷഭ് ഡിസ്ക്ലൈമർ കൊടുത്തിട്ടു കൂടി തെലുങ്ക് പ്രേക്ഷകർക്ക് അത് രസിച്ചില്ല. തെലുങ്ക് ഇവന്റിൽ എന്തിന് കന്നഡ എന്നവർ സമൂഹമാധ്യമങ്ങളിൽ വട്ടംകൂടിയിരുന്നു ച‍ർച്ച ചെയ്തു. കാന്താരയുടെ ക്രെഡിറ്റിലേക്ക് മറ്റൊരു മൈനർ വിവാദം കൂടി.

വിശ്വാസങ്ങളും വിവാദങ്ങളും ചേ‍ർന്ന് കാന്താര പാൻ ഇന്ത്യൻ ലെവലിൽ ചർച്ചയായി. ഒക്ടോബ‍ർ രണ്ടിന് സിനിമയുടെ ആദ്യ സ്ക്രീനിങ് തുടങ്ങും വരെ സിനിമയുടെ ഈ ഹൈപ്പ് നിലനിൽക്കുകയും ചെയ്യും. പക്ഷേ, പിന്നീട് അങ്ങോട്ട് കാര്യങ്ങൾ പ്രേക്ഷകരുടെ കയ്യിലാണ്. വരാഹ സങ്കൽപ്പത്തിലുള്ള പഞ്ചുരുളി എന്ന ഭൂതക്കോലത്തിന് ചുറ്റും ഋഷഭ് എന്ന കഥപറച്ചിലുകാരൻ പടുത്തുയർത്തിയ യൂണിവേഴ്സ് കാണാനാണ് കാണികൾ എത്തുന്നത്. നല്ല 'സിനിമ' തേടിയാകും ആളുകൾ എത്തുക. ഋഷഭ് കാണിക്കുന്ന മനുഷ്യരുടെയും ദൈവത്തിന്റെയും അവർക്കിടയിലെ കഥയിലെയും രാഷ്ട്രീയം എന്താണെന്ന് കണ്ടെത്താനാകും അവർ ശ്രമിക്കുക. കെട്ടുകഥകളിലെ നെല്ലും പതിരും തിരയാനാകും അവർ നോക്കുക. എന്നിട്ടും പഞ്ചുരുളിക്കായി ആരെങ്കിലും ടിക്കറ്റ് എടുത്ത് സീറ്റൊഴിച്ചിട്ടാൽ അതിൽ ഒന്നും പറയാനില്ല. മുൻ നിര മൂ‍ർത്തികൾക്കിടയിൽ ഒരു ഫോക്ക് സങ്കൽപ്പത്തിനും ഇടം കിട്ടയല്ലോ എന്ന് സമാധാനപ്പെടുക തന്നെ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com