കാന്താര ചാപ്റ്റർ വണ്‍ 
MOVIES

"വരുണിന്റെ ബോഡി ഒന്നുമല്ലല്ലോ"; കാന്താരയിലെ 'പിശക്' കണ്ടെത്തി സോഷ്യല്‍ മീഡിയ, എവിടെയെന്ന് ആരാധകർ

'കാന്താര 2' ടീമിന് ഒരു അബദ്ധം പറ്റിയെന്നാണ് സോഷ്യല്‍ മീഡിയയിലെ കണ്ടെത്തല്‍

Author : ന്യൂസ് ഡെസ്ക്

കൊച്ചി: തിയേറ്ററുകളില്‍ കളക്ഷന്‍ റെക്കോർഡുകള്‍ തിരുത്തിക്കുറിച്ച് മുന്നേറുകയാണ് ഋഷഭ് ഷെട്ടിയുടെ 'കാന്താര ചാപ്റ്റർ വണ്‍'. സംവിധായകന്‍ ഋഷഭ് ഷെട്ടിയുടെ മേക്കിങ്ങിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. എന്നാല്‍, 'കാന്താര 2' ടീമിന് ഒരു അബദ്ധം പറ്റിയെന്നാണ് സോഷ്യല്‍ മീഡിയയിലെ കണ്ടെത്തല്‍.

നാലാം നൂറ്റാണ്ടാണ് 'കാന്താര ചാപ്റ്റർ 1'ന്റെ കഥാപശ്ചാത്തലം. സിനിമയിലെ 'ബ്രഹ്‌മകലശ' എന്ന ഗാനത്തില്‍ ഒരു പ്ലാസ്റ്റിക് വാട്ടർ കാന്‍ കണ്ടെത്തിയെന്ന് ചിലർ അവകാശപ്പെട്ടതാണ് ചർച്ചകള്‍ക്ക് തുടക്കമിട്ടത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍, മുകളിലേക്ക് പാന്‍ ചെയ്തു പോകുന്ന ഷോട്ടില്‍ മിന്നിമറയുന്ന ആ 'വാട്ടർ കാന്‍' സിനിമാപ്രേമികളെ ഭിന്നിപ്പിച്ചിരിക്കുകയാണ്. ആ കാലത്ത് എവിടെയാണ് പ്ലാസ്റ്റിക് കാന്‍ എന്ന് പരിഹസിച്ച് നിരവധി വീഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഒരു കൂട്ടം ഈ തെറ്റിനെ രൂക്ഷമായി വിമർശിക്കുമ്പോള്‍ മറ്റൊരു വിഭാഗം പൊറുക്കാവുന്ന തെറ്റെന്ന തരത്തിലാണ് ഇതിനെ നോക്കിക്കാണുന്നത്.

"ഒരു പ്ലാസ്റ്റിക് ബോട്ടില്‍ അല്ലേ അല്ലാതെ വരുണിന്റെ ബോഡി ഒന്നുമല്ലല്ലോ" എന്നാണ് ഇത്തരത്തില്‍ ഒരു വീഡിയോയ്ക്ക് വന്ന കമന്റ്. എല്ലാം ശ്രദ്ധിച്ച ഋഷഭ് ഇത് എന്താ കാണാതെപോയതെന്ന് പരിഭവപ്പെടുന്നവരെയും കമന്റ് ബോക്സുകളില്‍ കാണാം. 'ഗെയിം ഓഫ് ത്രോണ്‍സ്' എന്ന എപ്പിക്ക് സീരീസില്‍ അവിചാരിതമായി പ്രത്യക്ഷപ്പെട്ട കോഫി കപ്പിനോടാണ് ഈ പിശകിനെ പലരും താരതമ്യപ്പെടുത്തുന്നത്. അതേസമയം, ഔദ്യോഗിക യൂട്യൂബ് വീഡിയോയില്‍ ഈ തെറ്റ് കാണുന്നില്ലല്ലോ എന്നാണ് ചിലരുടെ സംശയം. അണിയറ പ്രവർത്തകർ തെറ്റ് പരിഹരിച്ചതായിരിക്കാം എന്നാണ് അതിന് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്ന മറുപടി.

2022ല്‍ ഇറങ്ങിയ 'കാന്താര'യുടെ രണ്ടാം ഭാഗമായാണ് ഋഷഭ് ഷെട്ടി 'കാന്താര ചാപ്റ്റർ വണ്‍' അണിയിച്ചൊരുക്കിയത്. ഋഷഭിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായിരുന്നുവിത്. ‘ബെർമെ’ എന്ന കഥാപാത്രമായി ഋഷഭും, രുക്മിണി വസന്ത് ‘കനകവതി’യായും ഗുൽഷൻ ദേവയ്യ ‘കുലശേഖര’യായും സിനിമയില്‍ കയ്യടികള്‍ ഏറ്റുവാങ്ങുകയാണ്. മലയാളത്തിൽ നിന്ന് ജയറാമും വളരെ ശക്തമായ ഒരു കഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഹോംബാലെ ഫിലിംസിൻ്റെ ബാനറിൽ വിജയ് കിരഗന്ദൂർ ആണ് നിർമാണം. ആക്ഷൻ രംഗങ്ങൾ, ഹൃദയസ്പർശിയായ സംഗീതം എന്നിവയലൂടെ ഈ ചിത്രം ഇന്ത്യൻ സിനിമയിലെ മറ്റൊരു ചരിത്രമായി മാറിയെന്നാണ് ആരാധകരുടെ വിലയിരുത്തൽ. അതിനിടെയാണ് ഫ്രെയിമിലെ തെറ്റുകള്‍ കണ്ടെത്തി സോഷ്യല്‍ മീഡിയ ചർച്ചയാക്കുന്നത്.

SCROLL FOR NEXT