
മുംബൈ: ബോളിവുഡ് നടി ദീപിക പദുകോണ്‍ എട്ട് മണിക്കൂർ മാത്രമേ ജോലി ചെയ്യൂ എന്ന നിലപാട് എടുത്തത് വലിയ ചർച്ചകള്‍ക്ക് വഴിവച്ചിരുന്നു. കല്‍ക്കി, സ്പിരിറ്റ് പോലുള്ള പാന്‍ ഇന്ത്യന്‍ സിനിമകളില്‍ നിന്ന് നടിയെ ഒഴിവാക്കാനും ഇത് കാരണമായിരുന്നു. നടി അനാവശ്യ നിബന്ധനകളാണ് നിർമാതാക്കള്‍ക്ക് മുന്നില്‍ വയ്ക്കുന്നത് എന്ന തരത്തിലാണ് സിനിമാ മേഖലയില്‍ നിന്നുള്‍പ്പെടെ പലരും പ്രതികരിച്ചത്. എന്നാല്‍, മറ്റൊരു ബോളിവുഡ് സൂപ്പർ താരം ജോലി സമയം ക്രമീകരിക്കുന്നതിനെപ്പറ്റിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചർച്ച.
'ഹൗസ്‌ഫുൾ' എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് അക്ഷയ് കുമാർ പിന്തുടർന്ന സമയക്രമത്തെപ്പറ്റി സഹതാരമായ അഭിഷേക് ബച്ചന്‍ സംസാരിക്കുന്ന പഴയ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആണ്. 'ഹൗസ്‌ഫുൾ' സിനിമയുടെ പ്രമോഷനായി അക്ഷയ് കുമാർ, റിതേഷ് ദേശ്മുഖ് എന്നിവർക്കൊപ്പം അഭിഷേക് പങ്കെടുത്ത 'ദി കപിൽ ശർമ ഷോ'യുടെ എപ്പിസോഡിൽ നിന്നുള്ളതാണ് ഈ വൈറൽ ക്ലിപ്പ്.
"പായ്ക്ക്-അപ്പ് ആകുന്നതില്‍ ഏറ്റവും ആവേശം അക്ഷയ് കുമാറിനാണ്. അദ്ദേഹം എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യില്ല. രാവിലെ ഏഴ് മണിക്ക് അദ്ദേഹം സെറ്റിലേക്ക് വരും... ഉടനെ മീറ്റർ ഇടും," ഇതാണ് അഭിഷേക് പറയുന്നത്. "ടൈം സ്റ്റാർട്സ് നൗ " , എന്ന് റിതേഷ് ദേശ്‌മുഖ് തമാശയായി കൂട്ടിച്ചേർക്കുന്നുമുണ്ട്. ഷോട്ടിനിടയിലാകും അക്ഷയ് കോസ്റ്റ്യൂം മാറ്റുന്നതും മേക്കപ്പ് റിമൂവ് ചെയ്യുന്നതെന്നും അഭിഷേക് വീഡിയോയില്‍ പറയുന്നുണ്ട്.
ദീപിക പദുകോണിന്റെ സിഎന്‍ബിസി-ടിവി 18 അഭിമുഖത്തിന് പിന്നാലെയാണ് 'കപില്‍ ശർമ ഷോ'യുടെ ഈ വീഡിയോ വീണ്ടും വ്യാപകമായി പ്രചരിച്ചത്. എട്ട് മണിക്കൂര്‍ ജോലി എന്ന ആവശ്യത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ കേട്ടിരുന്നല്ലോ എന്നായിരുന്നു ദീപികയോടുള്ള ഒരു ചോദ്യം. സ്ത്രീയായതു കൊണ്ടാണ് ഇത്തരം സമ്മര്‍ദമെങ്കില്‍, അത് അങ്ങനെ തന്നെയാകട്ടെ എന്ന് പറഞ്ഞ ദീപിക, ഇന്ത്യന്‍ സിനിമയില്‍ എട്ട് മണിക്കൂര്‍ മാത്രം ജോലി ചെയ്യുന്ന നിരവധി പുരുഷ സൂപ്പര്‍ താരങ്ങളുണ്ടെന്നും അതൊന്നും രഹസ്യവുമല്ല, വാര്‍ത്തയുമായിട്ടില്ല എന്നാണ് മറുപടി നല്‍കിയത്.
കുഞ്ഞ് ജനിച്ചതിനു പിന്നാലെയാണ് എട്ട് മണിക്കൂര്‍ ജോലി എന്ന ആവശ്യം ദീപിക പദുകോണ്‍ മുന്നോട്ട് വച്ചത്. സന്ദീപ് റെഡ്ഡി വാങ്കയുടെ 'സ്പിരിറ്റി'ല്‍ എട്ട് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യൂവെന്ന് ദീപിക ആവശ്യപ്പെട്ടതിനെ വിമര്‍ശിച്ച് സംവിധായകന്‍ തന്നെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ, കല്‍ക്കി 2898 എഡി സീക്വലിലും സമാന ആവശ്യം ദീപിക ഉന്നയിച്ചു. എന്നാല്‍, സിനിമ അഭിനേതാക്കള്‍ നിന്ന് 'കൂടുതല്‍ പ്രതിബദ്ധത' ആവശ്യപ്പെടുന്നുവെന്ന് കാട്ടി നിർമാതാക്കള്‍ നടിയെ ഒഴിവാക്കുകയായിരുന്നു. നിലവില്‍ ഷാരൂഖ് ഖാനൊപ്പം പുതിയ ചിത്രത്തില്‍ അഭിനയിക്കുകയാണ് ദീപിക.