കാന്താര ചാപ്റ്റർ 1 പോസ്റ്റർ Source : X
MOVIES

"പഞ്ചുരുളി തെയ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു"; ചിത്രീകരണത്തിനിടെ നേരിട്ട അപകടങ്ങളെ കുറിച്ച് കാന്താര ചാപ്റ്റര്‍ 1 നിര്‍മാതാവ്

കര്‍ണാടകയിലെ തീരദേശ പ്രദേശങ്ങളുടെ പ്രതികൂലമായ ഭൂപ്രകൃതിയാണ് പല തടസങ്ങള്‍ക്കും കാരണമായതെന്നും നിര്‍മാതാവ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

2021ല്‍ കാന്താര എന്ന കന്നഡ ചിത്രം തിയേറ്ററിലെത്തിയപ്പോള്‍ അപ്രതീക്ഷിത ബോക്‌സ് ഓഫീസ് വിജയമായി മാറുകയായിരുന്നു. 15 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 400 കോടിയോളം ബോക്‌സ് ഓഫീസില്‍ നേടി. ഋഷഭ് ഷെട്ടി അഭിനയിച്ച് സംവിധാനം ചെയ്ത ചിത്രം രാജ്യമൊട്ടാകെ ആഘോഷിക്കപ്പെട്ടു. അതിന് ശേഷം ചിത്രത്തിന്റെ പ്രീക്വലായ കാന്താര ചാപ്റ്റര്‍ 1ന്റെ ചിത്രീകരണം ആരംഭിച്ചിട്ട് ഇപ്പോള്‍ രണ്ട് വര്‍ഷത്തോളമായി. എന്നാല്‍ ചിത്രീകരണത്തിനിടെ നിരവധി പ്രതിസന്ധികളും പ്രശ്‌നങ്ങളും കാന്താര 2 നേരിട്ടിരുന്നു. സെറ്റില്‍ ഉണ്ടായ അപകടങ്ങളും അംഗങ്ങളുടെ മരണവുമെല്ലാം ചിത്രത്തിന് ശാപം ലഭിച്ചിട്ടുണ്ടെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു.

ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിക്കവെ ചിത്രത്തിന്റെ നിര്‍മാതാവ് ചാലുവ ഗൗഡ ഈ അവകാശവാദങ്ങളെ തള്ളിക്കളയുകയും സിനിമ നേരിട്ട വെല്ലുവിളികളെ അഭിസംബോധന ചെയ്യുകയും ചെയ്തു. "എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും അതൊന്നും സെറ്റില്‍ വെച്ചല്ല സംഭവിച്ചതെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സിനിമ വളരെ വലുതായതിനാല്‍ അതെല്ലാം ബന്ധപ്പെട്ടിരിക്കുന്നതായി തോന്നിയതാണ്. സെറ്റില്‍ സംഭവിച്ച ഒരു തീപ്പിടുത്തം ഒഴികെ മറ്റൊന്നും പരസ്പരം ബന്ധപ്പെട്ടിരുന്നില്ല", അദ്ദേഹം പറഞ്ഞു.

2024 നവംബറില്‍ കര്‍ണാടകയിലെ കൊല്ലൂരിനടുത്ത് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍ പെട്ടിരുന്നു. 2025 ജനുവരിയില്‍ ഒരു വലിയ യുദ്ധരംഗം ചിത്രീകരിക്കുന്നതിനിടെ സെറ്റില്‍ തീപ്പിടുത്തമുണ്ടായി. എന്നാല്‍ ആര്‍ക്കും കാര്യമായ പരിക്കുകള്‍ സംഭവിച്ചില്ല. നാല് മാസങ്ങള്‍ക്ക് ശേഷം, ഷൂട്ടിംഗിന്റെ ഇടവേളയില്‍ സിനിമയിലെ ഒരു അംഗം മുങ്ങിമരിച്ചു. ജൂണില്‍ ഷൂട്ടിംഗിനിടെ ഒരു ബോട്ട് മറഞ്ഞിരുന്നു. എന്നാല്‍ തലനാരിഴയ്ക്ക് ഋഷഭും മറ്റ് ക്രൂ അംഗങ്ങളും രക്ഷപ്പെട്ടു. പക്ഷെ ക്യാമറകളും മറ്റ് ചിത്രീകരണ ഉപകരണങ്ങളും വെള്ളത്തില്‍ മുങ്ങിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

"ഞങ്ങളെല്ലാം ദൈവ ഭക്തരാണ്. തീര്‍ച്ചയായും എല്ലാ ദിവസവും ഞങ്ങള്‍ പൂജ നടത്തുകയും ദൈവത്തിന്റെ അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു. കാന്തര ചാപ്റ്റര്‍ 1ന്റെ പ്രഖ്യാപനത്തിന് മുന്‍പ് ഞങ്ങള്‍ പഞ്ചുരുളി തെയ്യത്തെ കണുകയും അവര്‍, തടസങ്ങള്‍ ഉണ്ടാകും പക്ഷെ ഇത് വിജയിക്കുമെന്ന് പറയുകയും ചെയ്തിരുന്നു", എന്നാണ് ഇടയ്ക്കിടെ ഉണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് നിര്‍മാതാവ് പറഞ്ഞത്.

കര്‍ണാടകയിലെ തീരദേശ പ്രദേശങ്ങളുടെ പ്രതികൂലമായ ഭൂപ്രകൃതിയാണ് പല തടസങ്ങള്‍ക്കും കാരണമായതെന്നും ഗൗഡ പറഞ്ഞത്. അവിടെയാണ് സിനിമയുടെ ചിത്രീകരണം നടന്നത്. "എല്ലാം ഉള്‍ക്കാടുകളായിരുന്നു. നാല് മണിക്ക് എഴുന്നേറ്റ് 4.30ന് തയ്യാറായി ആറ് മണി ഷെഡ്യൂളിനായി സ്ഥലത്തെത്തുമായിരുന്നു. സിനിമയുടെ 80 ശതമാനവും യഥാര്‍ത്ഥ സ്ഥലങ്ങളിലാണ് ചിത്രീകരിച്ചത്. എല്ലാം നഗരങ്ങളില്‍ നിന്ന് അകലെയായിരുന്നു. അത് വളരെ ബുദ്ധിമുട്ടായിരുന്നു. പിന്നെ അപ്രതീക്ഷിതമായ കാലാവസ്ഥ മാറ്റങ്ങളും ഉണ്ടായിരുന്നു. സമയം പാഴാക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ മഴയത്ത് ഞങ്ങള്‍ ചില ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രീകരിച്ചു", അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"ഈ തടസങ്ങള്‍ക്ക് ആരെയും കുറ്റപ്പെടുത്താനാകില്ല. എന്തുകൊണ്ടാണ് ഇത്രയും സമയമെടുക്കുന്നതെന്ന് ആലോചിച്ച് ചിലപ്പോള്‍ ഞങ്ങള്‍ നിരാശരായിരുന്നു. പക്ഷെ ഔട്ട്പുട്ട് കാണുമ്പോള്‍, അത് വളരെ നല്ലതാണ്. ഞങ്ങള്‍ സമയം പാഴാക്കുന്നില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്", നിര്‍മാതാവ് വ്യക്തമാക്കി.

കാന്താര ചാപ്റ്റര്‍ 1ന്റെ ചിത്രീകരണം 2025 ജൂലൈയിലാണ് അവസാനിച്ചത്. ചിത്രം നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ഒക്ടോബര്‍ രണ്ടിനാണ് ചിത്രം തിയേറ്ററിലെത്തുക. ഋഷഭിനെ കൂടാതെ ജയറാം, രാകേഷ് പൂജാരി, രുക്മിണി വസന്ത് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

SCROLL FOR NEXT