കരണ്‍ ജോഹർ  Source : X
MOVIES

"സെന്‍സര്‍ ബോര്‍ഡ് അനുകമ്പയോടെ പെരുമാറി"; ധടക് 2 റിലീസ് വൈകിയതിനെ കുറിച്ച് കരണ്‍ ജോഹര്‍

സിനിമയിലൂടെ എന്താണ് തങ്ങള്‍ പറയാന്‍ ഉദേശിക്കുന്നതെന്ന് സെന്‍സര്‍ ബോര്‍ഡ് മനസിലാക്കിയെന്നാണ് കരണ്‍ പറഞ്ഞത്.

Author : ന്യൂസ് ഡെസ്ക്

കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് നിര്‍മിച്ച 'ധടക് 2' 2024 മെയിലാണ് പ്രഖ്യാപിച്ചത്. 2024 നവംബറില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രം പിന്നീട് 2025 മാര്‍ച്ചിലേക്ക് മാറ്റി. എന്നാല്‍ സിനിമയിലെ ജാതി വിവേചനത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് പ്രശ്‌നമാക്കിയതിനെ തുടര്‍ന്ന് റിലീസ് വൈകുകയായിരുന്നു. നിലവില്‍ ചിത്രം ഓഗസ്റ്റ് ഒന്നിന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്തുകൊണ്ട് ചിത്രത്തിന്റെ റിലീസ് ഇത്രയും വൈകി എന്നതിനെ കുറിച്ച് നിര്‍മാതാവ് കരണ്‍ ജോഹര്‍ ട്രെയ്‌ലര്‍ റിലീസിനിടെ സംസാരിച്ചു.

സിനിമയിലൂടെ എന്താണ് തങ്ങള്‍ പറയാന്‍ ഉദേശിക്കുന്നതെന്ന് സെന്‍സര്‍ ബോര്‍ഡ് മനസിലാക്കിയെന്നാണ് കരണ്‍ പറഞ്ഞത്. വ്യത്യസ്ത ജാതിയില്‍ നിന്നുള്ള രണ്ട് പേര്‍ തമ്മില്‍ പ്രണയത്തിലാകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

"ഒരു കലാകാരന്‍ എന്ന നിലയില്‍ നിങ്ങളെ പരിമിതപ്പെടുത്തുന്നതിനാല്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് ഞാന്‍ ഒരിക്കലും ആശങ്കപ്പെട്ടിട്ടില്ല. തുടക്കത്തില്‍ തന്നെ എനിക്ക് ഭയം തോന്നിയാല്‍, സിനിമയില്‍ ഒരു വരിയുണ്ട്, 'നിങ്ങള്‍ക്ക് ഒരു തിരഞ്ഞെടുപ്പുണ്ടെങ്കില്‍ പോരാടുക', ഒരു നിലപാട് ചൂണ്ടിക്കാണിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം കലയാണ്", എന്നാണ് കരണ്‍ ജോഹര്‍ പറഞ്ഞത്.

"സെന്‍സര്‍ ബോര്‍ഡ് മനസിലാക്കുന്നവരും അനുകമ്പയുള്ളവരുമായിരുന്നു. സിനിമയിലൂടെ ഞങ്ങള്‍ എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് അവര്‍ക്ക് പൂര്‍ണമായും മനസിലായി. സെന്‍സിറ്റീവായ കണ്ടന്റ് പറയുമ്പോള്‍ ശ്രദ്ധിക്കണമെന്നതായിരുന്നു അവരുടെ കാഴ്ച്ചപാട്. അത് ഞങ്ങള്‍ മനസിലാക്കി", കരണ്‍ വ്യക്തമാക്കി.

ഈ കാലഘട്ടത്തിന്റെ യാഥാര്‍ത്ഥ്യത്തെ കുറിച്ച് സംസാരിക്കുന്ന സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ അഭിമാനമുണ്ടെന്നും കരണ്‍ ജോഹര്‍ പറഞ്ഞു. "ചിലപ്പോള്‍ സിനിമകള്‍ പുറത്തുവരാന്‍ സമയമെടുക്കും. അത് ഒറ്റ രാത്രികൊണ്ട് സംഭവിക്കില്ല. അതുകൊണ്ടാണ് സെന്‍സറിങില്‍ ചില പ്രക്രിയകള്‍ ഉള്ളത്. അത് നമ്മള്‍ ചെയ്യണം. ഈ സിനിമയ്ക്ക് കുറച്ച് സമയമെടുത്തു. പക്ഷെ നല്ല കാര്യങ്ങള്‍ പുറത്തുവരാന്‍ സമയമെടുക്കും. നിങ്ങളെ ഉണര്‍ത്താനും ചിന്തിപ്പിക്കാനും പ്രേരിപ്പിക്കുന്ന ഒരു കഥയാണിത്. ഈ വിഷയം നമുക്ക് ചുറ്റും സംഭിക്കുന്നുണ്ട്. എവിടെയാണെങ്കിലും അത് നമ്മുടെ കാലഘട്ടത്തിന്റെ യാഥാര്‍ത്ഥ്യമാണ്", അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018ല്‍ പുറത്തിറങ്ങിയ മാരിസെല്‍വരാജ് ചിത്രം 'പരിയേറും പെരുമാളിന്റെ' ഹിന്ദി റീമേക്കാണ് 'ധടക് 2'. സിദ്ധാന്ത് ചദുര്‍വേദിയും തൃപ്തി ദിമ്രിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഷായിസ ഇഖ്ബാലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

SCROLL FOR NEXT