കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത 'ദൊറോത്തി' പ്രേക്ഷക-നിരൂപക പ്രശംസ നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. കാർത്തിക്കിന്റെ മാസ്റ്റർപീസാണ് 'ദൊറോത്തി' എന്ന് നിരൂപകർ ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെടുമ്പോൾ തന്നെ, LGBTQ+ ഉള്ളടക്കമാണ് കൈകാര്യം ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി സിനിമ ബഹിഷ്കരിക്കണമെന്ന് സമൂഹമാധ്യമങ്ങളിൽ ആഹ്വാനം ചെയ്യുന്നുവരുമുണ്ട്. ഇതിനിടയിൽ, ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററില്‍ നിന്നുള്ള ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് കാര്‍ത്തിക് സുബ്ബരാജ്. സിനിമയ്‌ക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളെ പ്രേക്ഷകർ തള്ളിക്കളഞ്ഞിരിക്കുന്നു എന്ന് പരോക്ഷമായി പറയുകയാണ് ഈ വീഡിയോയിലൂടെ സംവിധായകൻ.
സിനിമ പൂർത്തിയായ ശേഷം 'കാര്‍ത്തിക് സുബ്ബരാജ് ചിത്രം' എന്ന് എഴുതിക്കാണിക്കുന്നിടത്ത് കാണികൾ കയ്യടിക്കുന്നതാണ് വീഡിയോയിലുള്ളത്. "ശാന്തമായിരിക്കൂ, പ്രേക്ഷകരെ വിശ്വസിക്കൂ" എന്ന കുറിപ്പിനൊപ്പമാണ് കാർത്തിക് ഈ വീഡിയോ പങ്കുവച്ചത്. വിദ്വേഷ പ്രചാരണങ്ങൾക്ക് നല്ല സിനിമയെ തോൽപ്പിക്കാൻ സാധിക്കില്ലെന്ന് പറയാതെ പറയുകയാണ് സംവിധായകൻ.
കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 10ാം ചിത്രമാണ് 'ദൊറോത്തി'. സെപ്റ്റംബർ 25നാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലായിരുന്നു സിനിമയുടെ വേൾഡ് പ്രീമിയർ. സെന്റർപീസ് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്. കീർത്തി സുരേഷ്, സനന്ത്, ഋഷികാന്ത് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇളയരാജയാണ് സിനിമയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. തിരുനാവുക്കരുസ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഗണേഷ് ശിവയാണ് എഡിറ്റിങ്. ധമം, ജിയോ സ്റ്റുഡിയോസ്, സിഖ്യാ എന്നീ ബാനറുകളിൽ ജ്യോതി ദേശ്പാണ്ഡേ, ഗുനീത് മോംഗ കപൂർ, അചിൻ ജെയിൻ എന്നിവർ ചേർന്നാണ് നിർമാണം.
പ്രൊഡക്ഷൻ ഡിസൈൻ - കുമാർ ഗംഗപ്പൻ, സൗണ്ട് ഡിസൈൻ - സുരെൻ ജി, എസ്. അലഗൈകൂതൻ, കോസ്റ്റ്യൂം ഡിസൈൻ - പ്രവീൺ രാജ, സ്റ്റണ്ട്സ് - ദിനേശ് സുബ്ബരായൻ, കൊറിയോഗ്രഫി - ഷെരീഫ് എം, പബ്ലിസിറ്റി ഡിസൈൻ - ടൂണേ ജോൺ (24AM), എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - പവൻ നരേന്ദ്ര.