സംസ്ഥാന ചലച്ചിത്ര പുരസ്കാരം  
MOVIES

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവച്ചു; ജേതാക്കളെ നവംബർ 3ന് അറിയാം

നടനും സംവിധായകനുമായ പ്രകാശ് രാജാണ് അന്തിമ വിധി നിർണയ ജൂറി ചെയർപേഴ്സണ്‍

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: 2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മാറ്റിവച്ചു. നവംബർ ഒന്ന് കേരളപ്പിറവി ദിനത്തില്‍ അവാർഡുകള്‍ പ്രഖ്യാപിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍‌, നവംബർ മൂന്നിനാകും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക. വിധി നിർണയം പൂർത്തിയാക്കാത്ത സാഹചര്യത്തിലാണ് പ്രഖ്യാപനം മാറ്റിവച്ചത്. നടനും സംവിധായകനുമായ പ്രകാശ് രാജാണ് അന്തിമ വിധി നിർണയ ജൂറി ചെയർപേഴ്സണ്‍.

പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തെരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് അന്തിമ ജൂറിയുടെ പരിഗണനയ്ക്ക് എത്തിയത്. മികച്ച നടൻ, നടി എന്നീ വിഭാഗങ്ങളിൽ ആര് അവാർഡ് നേടുമെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ച. ഭ്രമയുഗം എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിയും കിഷ്കിന്ധാ കാണ്ഡം എന്ന സിനിമയിലെ പ്രകടനത്തിന് ആസിഫ് അലിയുമാണ് മികച്ച നടനുള്ള മത്സരത്തില്‍ അവസാന റൗണ്ടിലുള്ളത് എന്നാണ് സൂചന. കിഷ്കിന്ധാ കാണ്ഡത്തിന് പുറമേ ലെവന്‍ ക്രോസ്, രേഖാ ചിത്രം എന്നീ ചിത്രങ്ങളിലെ ആസിഫ് അലിയുടെ പ്രകടനം ജൂറിക്ക് മുന്നിലുണ്ട്.

വിവിധ ഴോണറുകളില്‍ ഉള്ള സിനിമകളാണ് ഇത്തവണ ജൂറിക്ക് മുന്നില്‍ എത്തിയത്. ഇതില്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രങ്ങളും ഉള്‍പ്പെടുന്നു. 200 കോടി ക്ലബ്ബില്‍ കയറിയ മഞ്ഞുമ്മല്‍ ബോയ്സ്, കാന്‍ ചലച്ചിത്രമേളയില്‍ ഗ്രാന്‍ഡ് പ്രീ പുരസ്കാരം നേടിയ പ്രഭയായ് നിനച്ചതെല്ലാം (ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്), പ്രമേലു, വയലന്‍സിന്റെ പേരില്‍ വിമർശനങ്ങള്‍ ഏറ്റുവാങ്ങിയ മാർക്കോ, ഐഎഫ്എഫ്കെയില്‍ തിളങ്ങിയ ഫെമിനിച്ചി ഫാത്തിമ, മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ്, എആർഎം എന്നിങ്ങനെ വിവിധങ്ങളായ ചിത്രങ്ങളാണ് വിധി നിർണയ സമിതിക്ക് മുന്നിലെത്തിയത്.

സാങ്കേതിക മികവിന് ഒപ്പം അഭിനേതാക്കളുടെ പ്രകടനം കൊണ്ട് കൂടി ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു ഓരോന്നും. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തില്‍ പ്രഭ എന്ന കഥാപാത്രമായി എത്തിയ കനി കുസൃതി, അനു എന്ന വേഷം ചെയ്ത ദിവ്യപ്രഭ, രേഖാചിത്രത്തിലെ രേഖാ പത്രോസ് ആയ അനശ്വര രാജന്‍, ബോഗെയ്ന്‍ വില്ലയിലെ റീതു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജ്യോതിർമയി, എആര്‍എമ്മിലെ മാണിക്യമായ സുരഭി ലക്ഷ്മി, ഫെമിനിച്ചി ഫാത്തിമയിലെ ഫാത്തിമയായ ഷംല ഹംസ, സൂക്ഷ്മദര്‍ശിനിയിലെ പ്രിയദര്‍ശിനിയായ നസ്രിയ നസീം എന്നിവരാണ് മികച്ച നടിക്കുള്ള മത്സരവിഭാഗത്തില്‍ അവസാന റൗണ്ടില്‍ ഉള്ളതെന്നാണ് സൂചന.

128 സിനിമകളാണ് പ്രാഥമിക ജൂറിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നത്. ഇതില്‍ നിന്നും 35 ചിത്രങ്ങള്‍ മാത്രമാണ് അന്തിമ ജൂറി പരിഗണിച്ചത്. പ്രകാശ് രാജ്, സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് , ഡബ്ബിങ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകന്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവരാണ് അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങള്‍.

പ്രാഥമിക ഘട്ടത്തില്‍ രണ്ട് സബ് കമ്മിറ്റികളാണ് അവാർഡിനായി സമർപ്പിച്ച സിനിമകള്‍ കണ്ട് വിലയിരുത്തിയത്. രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളെ നയിച്ചത്. ഇവർക്ക് പുറമേ, ദേശീയ അവാര്‍ഡ് ജേതാക്കളായ ചലച്ചിത്രനിരൂപകന്‍ എം.സി. രാജനാരായണന്‍, സംവിധായകന്‍ വി.സി. അഭിലാഷ്, ചലച്ചിത്ര ഗാനരചയിതാവും കവിയുമായ വിജയരാജമല്ലിക, ഛായാഗ്രാഹകന്‍ സുബാല്‍ കെ.ആര്‍, സംവിധായകനും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദധാരിയുമായ ഫിലിം എഡിറ്റര്‍ രാജേഷ് കെ, ചലച്ചിത്ര ഗാനരചയിതാവും എഴുത്തുകാരിയുമായ ഡോ. ഷംഷാദ് ഹുസൈന്‍ എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ മറ്റ് അംഗങ്ങള്‍.

ദേശീയ അവാര്‍ഡ് ജേതാവായ ചലച്ചിത്രനിരൂപകന്‍ മധു ഇറവങ്കരയാണ് രചനാവിഭാഗം ജൂറി ചെയര്‍പേഴ്‌സണ്‍. ചലച്ചിത്രനിരൂപകനും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ എ. ചന്ദ്രശേഖര്‍, ചലച്ചിത്രനിരൂപകയും എഴുത്തുകാരിയും ഗവേഷകയുമായ ഡോ.വിനീത വിജയന്‍, അക്കാദമി സെക്രട്ടറി സി. അജോയ് (ജൂറി മെമ്പര്‍ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങള്‍.

SCROLL FOR NEXT