രാഹുല്‍ സദാശിവന്‍ പുതിയ സിനിമ, 'ഡീയസ് ഈറെ'യുടെ, ടൈറ്റിൽ അന്നൗൺസ് ചെയ്ത നിമിഷം മുതൽ എന്താണിത് എന്ന് തിരഞ്ഞ് നടക്കുകയാണ് പ്രേക്ഷകർ. 'ഡീയസ് ഈറെ' - ഈ ലത്തീൻ വാക്കിന്റെ അർഥം 'ക്രോധത്തിന്റെ ദിനം' എന്നാണ്. ആരുടെ ക്രോധം? ഏതാണ് ഈ ക്രോധത്തിന്റെ ദിനം?
സ്വൽപ്പം ചരിത്രമാണ്...പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ എഴുതപ്പെട്ട ഒരു ക്രിസ്തീയ സങ്കീർത്തനമാണ് 'ഡീയസ് ഈറെ'. ന്യായവിധി ദിനത്തിൽ മാലാഖമാർ മരിച്ചവരെയും ജീവിക്കുന്നവരേയും ദൈവത്തിന്റെ സിംഹാസനത്തിനു മുന്നിൽ കൽപ്പിച്ചു വിളിക്കുന്നു എന്ന ക്രിസ്തീയ വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് ഈ സങ്കീർത്തനം. അവിടെയാണ്, സ്വർഗത്തിലേക്കോ നരകത്തിലേക്കോ എന്ന വിധിയെഴുത്ത് നടക്കുക. ഇത് എഴുതിയത് സെന്റ് ഫ്രാൻസിസ് അസീസിയുടെ ശിഷ്യനും ജീവചരിത്രകാരനും തോമസ് ഓഫ് സെലാനോ ആണ്.
ഈ കീർത്തനം റോമൻ കാത്തലിക്ക് ചർച്ച് മരണാനന്തര ചടങ്ങുകളിൽ ആലപിച്ചിരുന്നു. മനുഷ്യന്റെ നശ്വരതയും മാനസാന്തരവും ഓർമിപ്പിക്കുന്ന ഈണം. എന്നാൽ, രണ്ടാം വത്തിക്കാൻ കൗൺസിൽ 'ഡീയസ് ഇറേ'യെ ആരാധനക്രമത്തിൽ നിന്ന് നീക്കം ചെയ്തു.
ഈ 'ഡിയസ് ഈറെ' അല്ലെങ്കിൽ 'ഡീയസ് ഈറെ മെലഡി' എന്ന ജോർജിയൻ ചാന്റിന് ഒരു ഫ്രീ റിഥം ആണുള്ളത്. അല്ലാതെ ഒരു പ്രത്യേക മീറ്റർ ഇല്ല. ഈണം ഇങ്ങനെ പതിയെ പതിയെ താഴ്ന്നു വരും. ഒരു ഇരുണ്ട ഗർത്തത്തിലേക്ക് വീഴും പോലെ. അതായത് വിധി നാളിലേക്കുള്ള മന്ദഗതിയിലുള്ള ഒരു ഘോഷയാത്ര.
കാലക്രമേണ പല സംഗീതജ്ഞരും മാറ്റങ്ങളോടെ 'ഡീയസ് ഈറെ' അവതരിപ്പിച്ചിട്ടുണ്ട്. മൊസാർട്ട് മുതൽ ചൈക്കോവ്സ്കി വരെ. ഇവർ 'ഡിയസ് ഈറെ'യുടെ വരികൾക്ക് പുതിയ ഈണം കൊടുക്കാനാണ് ശ്രമിച്ചത്. എന്നാൽ, 'സിംഫണി ഫന്റാസ്റ്റിക്ക്' എന്ന കൃതിയിൽ ഹെക്ടർ ബെർലിയോസ് 'ഡീയസ് ഈറെ'യെ ടെക്സ്റ്റിൽ നിന്ന് അടർത്തിയെടുത്തു. തന്റെ പ്രണയവുമായി ചേർത്തുവച്ചു.
1827 ൽ ബെർലിയോസ്, ഐറിഷ് നടി ഹാരിയറ്റ് സ്മിത്സൺ പാരിസിൽ 'ഹാംലറ്റ്' അവതരിപ്പിക്കുന്നത് കാണാൻ ഇടയായി. നടിയോട് അയാൾക്ക് പ്രണയം തോന്നി. ഹാരിയറ്റ് പ്രണയം നിരസിച്ചതോട ബെർലിയോസ് നിരാശയിലേക്കും വിഭ്രാന്തിയിലേക്കും വലിച്ചെറിയപ്പെട്ടു. അവിടെ നിന്നാണ് 'സിംഫണി ഫന്റാസ്റ്റിക്കി'ന്റെ പിറവി. ഈ സിംഫണിയിലെ 'ഡ്രീം ഓഫ് എ വിച്ചസ് സാബത്ത്' എന്ന ഭാഗത്താണ് 'ഡീയസ് ഈറെ' വരുന്നത്. പ്രണയനൈരാശ്യത്തിൽ ഉയിർ കൊണ്ട ഒരു ദുഃസ്വപ്നമാണത്.
നമ്മൾ കണ്ട പല സിനിമകളിലും 'ഡീയസ് ഈറെ' മെലഡി കടന്നുവരുന്നുണ്ട്. ഉദാഹരണത്തിന് കൂബ്രിക്കിന്റെ 'ഷൈനിങ്ങി'ലെ ഓപ്പണിങ് സീൻ. 'ലയൺ കിങ്ങി'ൽ മുഫാസ മരിക്കുന്ന രംഗം. ദി എക്സോർസിസ്റ്റിൽ, ലോർഡ് ഓഫി ദ റിങ്സിൽ, ബാറ്റ്മാൻ വേഴ്സസ് സൂപ്പർമാനിൽ. എന്തിനേറെ പറയുന്നു 'ഫ്രോസൺ 2'ൽ പോലും.
ഈ ഈണം വരുമ്പോൾ തന്നെ കാണികളിലേക്ക് പൗരാണികമായ ഒരു ഭീതി കടന്നുവരും. വിധി ദിനത്തിൽ വിചാരണ ചെയ്യപ്പെടും എന്ന ഒരു തോന്നൽ. മരണം ചുമലിൽ കയ്യിട്ട് സമീപത്ത് ഇരിക്കുന്ന പോലെ. അതെ, ഡീയസ് ഈറെ മരണത്തിന്റ ഈരടിയാണ്.