MOVIES

വയലന്‍സിന്‍റെ ആറാട്ട് ! 'കില്‍' ഒടിടിയിലെത്തി; പക്ഷെ എല്ലാവര്‍ക്കും കാണാനാകില്ല

നവാഗതനായ ലക്ഷ്യ ലാല്‍വാനി നായകനാകുന്ന ചിത്രം ജൂലൈ അഞ്ചിനാണ് തീയേറ്ററുകളിലെത്തിയത്

Author : ന്യൂസ് ഡെസ്ക്

ലോകമെമ്പാടുമുള്ള സിനിമ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായ ബോളിവുഡ് ചിത്രം 'കില്‍' ഒടിടിയിലെത്തി. ആമസോൺ പ്രൈമിലാണ് റിലീസ്. എന്നാൽ ചിത്രം റിലീസ് ചെയ്ത് മൂന്ന് ആഴ്ചകള്‍ക്ക് ശേഷം ഒടിടിയിലെത്തിയെങ്കിലും  ഇന്ത്യയിലെ പ്രേക്ഷകർക്ക് തൽക്കാലം നിരാശയാണ് ഫലം. യുഎസിലെയും യുകെയിലെയും പ്രേക്ഷകര്‍ക്ക് മാത്രമായിരിക്കും നിലവില്‍ കില്‍ ഒടിടിയില്‍ കാണാനാവുക. സെപ്തംബര്‍ മാസത്തിലായിരിക്കും ഇന്ത്യയില്‍ ചിത്രം ഒടിടി റിലീസിനെത്തുക.

ഇന്ത്യയിലെ ആക്ഷന്‍ സിനിമകളുടെ പതിവ് ശൈലി പൊളിച്ചെഴുതിയ ചിത്രം നിഖില്‍ ഭട്ടാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. നവാഗതനായ ലക്ഷ്യ ലാല്‍വാനി നായകനാകുന്ന ചിത്രം ജൂലൈ അഞ്ചിനാണ് തീയേറ്ററുകളിലെത്തിയത്. അതീവ വയലന്‍സ് രംഗങ്ങളുടെ പേരില്‍ വിമര്‍ശിക്കപ്പെട്ടപ്പോഴും ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് കില്‍ കാഴ്ചവെച്ചത്. ആഗോളതലത്തില്‍ ഏകദേശം 41 കോടിയോളം ചിത്രം കളക്ട് ചെയ്തെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ നിര്‍മിച്ച ഏറ്റവും അക്രമാസക്തമായ സിനിമയാകും കില്‍ എന്ന് അണിയറ പ്രവര്‍ത്തകരും റിലീസിന് മുന്‍പെ പ്രഖ്യാപിച്ചിരുന്നു. കരണ്‍ ജോഹറിന്‍റെ ധര്‍മ പ്രൊഡക്ഷന്‍സും ഗുനീത് മോംഗയുടെ സിഖ്യ എൻ്റർടൈൻമെൻ്റും ചേർന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

എന്നാൽ ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം കാണുന്നതിന് കാഴ്ചക്കാര്‍ 24.99 ഡോളര്‍ (2,092 രൂപ) നല്‍കണം. കൂടാതെ, ആപ്പിള്‍ ടിവിയില്‍ വീഡിയോ ഓണ്‍ ഡിമാന്‍ഡ് വഴിയും കില്‍ ലഭ്യമാണ്.

അതേസമയം, കില്ലിന്‍റെ ഹോളിവുഡ് റീമേക്ക് അവകാശം 'ജോണ്‍ വിക്' സിനിമയുടെ സംവിധായകന്‍ ഛാഡ് സ്റ്റാഹെല്‍സ്കി സ്വന്തമാക്കിയത് വലിയ വാര്‍ത്തയായിരുന്നു. അടുത്തകാലത്ത് കണ്ട ഏറ്റവും ഉജ്ജ്വലവും വന്യവും ക്രിയേറ്റീവുമായ ആക്ഷന്‍ സിനിമകളിലൊന്നാണ് കില്‍ എന്നായിരുന്നു ജോണ്‍ വിക് സംവിധായകന്‍റെ പ്രതികരണം.

SCROLL FOR NEXT