പ്രഭാസിന്റെ 'സ്പിരിറ്റി'ല്‍ ഡോണ്‍ ലീ Source: X
MOVIES

പ്രഭാസിനൊപ്പം 'കൊറിയൻ മോഹൻലാൽ'? 'സ്പിരിറ്റി'ല്‍ വില്ലനായി ഡൊണ്‍ ലീ, റിപ്പോർട്ട്

പ്രഭാസിന്റേതായി വമ്പന്‍ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന 'സ്പിരിറ്റ്' എന്ന സിനിമയിലേക്ക് ഒരു പുതിയ താരം കൂടി എത്തുന്നു. കൊറിയന്‍ സൂപ്പർ സ്റ്റാർ ഡോണ്‍ ലീ സിനിമയില്‍ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകള്‍. ട്രെയിന്‍ ടു ബുസാന്‍, ദ ഗ്യാങ്സ്റ്റർ, കോപ് ആന്‍ഡ് ദ ഡെവിള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യക്കാർക്ക് സുപരിചിതനാണ് ഡോണ്‍ ലീ. മലയാളികള്‍ 'കൊറിയന്‍ മോഹന്‍ലാല്‍' എന്നാണ് ഈ നടനെ വിശേഷിപ്പിക്കുന്നത്.

കൊറിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, സ്പിരിറ്റില്‍ പ്രഭാസിന്റെ വില്ലനായാകും മാ ഡോണ്‍ സിയോക്ക് എന്ന ഡോണ്‍ ലീ എത്തുക. സമീപകാലത്ത് ഡോണ്‍ ഇന്ത്യയില്‍ എത്തിയിരുന്നു. ഇത് ഈ സിനിമയ്ക്ക് വേണ്ടിയാണെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ഒരു ഐപിഎസ് ഓഫീസർ ആയിട്ടാണ് സിനിമയില്‍ പ്രഭാസ് എത്തുന്നത്. തൃപ്തി ദിമ്രി, വിവേക് ഒബ്‌റോയ്, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

അടുത്തിടെ സിനിമയുടെ ഓഡിയോ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. പ്രഭാസിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ഈ ടീസർ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ടീസറിനൊടുവിൽ കാണിച്ച ടൈറ്റില്‍ കാർഡില്‍ പ്രഭാസിനെ ‘ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ’ എന്ന് വിശേഷിപ്പിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഇത് ഷാരൂഖ് ആരാധകരെ ചൊടിപ്പിച്ചു. പ്രഭാസ്-ഷാരൂഖ് ആരാധകർക്ക് ഇടയിലെ സോഷ്യല്‍ മീഡിയ പോര് ഇതുവരെ അവസാനിച്ചിട്ടില്ല.

അതേസമയം, 'ബാഹുബലി' എന്ന ഒറ്റ ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ താരമായി ഉയർന്ന പ്രഭാസിന്റേതായി വമ്പന്‍ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. 'ദി രാജാസാബ്', 'സലാർ: പാർട്ട് 2 - ശൗര്യാംഗ പർവ', 'സ്പിരിറ്റ്', 'കൽക്കി 2898 AD: പാർട്ട് 2' തുടങ്ങിയ വൻകിട ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. ഈ ചിത്രങ്ങൾക്കായി സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്.

SCROLL FOR NEXT