കാന്താര ചാപ്റ്റർ വണ്‍ Source: News Malayalam 24x7
MOVIES

വെള്ളക്കുപ്പി വിറ്റ് സിനിമ പഠിച്ച ഋഷഭ് ഷെട്ടി; പൊരുതി നേടിയ പാന്‍ ഇന്ത്യന്‍ മുഖം

2012ൽ ഇറങ്ങിയ 'തു​ഗ്ലക്കി'ലൂടെയാണ് ഋഷഭ് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്

Author : ശ്രീജിത്ത് എസ്

ഈ സിനിമ എന്ന് പറയുന്നത് ഒരു കൊച്ചുകുട്ടിയെപ്പോലെയാണ്. സിനിമയുടെ കാര്യം പറയുമ്പോള്‍ ഉപയോഗിക്കുന്ന ചില പ്രയോഗങ്ങള്‍ കേട്ടിട്ടില്ലേ...സിനിമ ഓടി, വീണു, സിനിമ എടുത്തു. തിയേറ്റർ പോലുള്ള ഒരു പൂരപ്പറമ്പിലേക്ക് കൊണ്ടിറക്കിവിടുമ്പോള്‍ ഈ കൊച്ചുകുട്ടി വഴിതെറ്റി പോകാതെ കൈയില്‍ മുറക്കെ പിടിക്കാന്‍ ഒരാള് വേണം. അതിനെ എടുക്കാന്‍, വളർത്താന്‍ ഒരാള്‍- സംവിധായകന്‍. അയാളുടെ സ്വപ്നങ്ങളില്‍ എപ്പോഴും ആ കുട്ടി ആയിരിക്കും. ഉഡുപ്പിയിലെ കുന്ദാപുരയിലെ കെരഡി എന്ന ഗ്രാമത്തിലും അങ്ങനെ ഒരാളുണ്ടായിരുന്നു. യക്ഷഗാനവും ഭൂതക്കോലങ്ങളും കണ്ട് വളർന്ന, രത്നാവതി ഷെട്ടിയുടെയും ഭാസ്ക‍ർ ഷെട്ടിയുടെയും മകൻ, പ്രശാന്ത് ഷെട്ടി. അയാളുടെ ഉള്ളില്‍ കഥകൾ വളർന്നുകൊണ്ടിരുന്നു. സിനിമയും.

ഒരു തുളു കുടുംബത്തിലാണ് പ്രശാന്തിന്റെ ജനനം. അയാളിലെ കഥപറച്ചിലുകാരനെ സ്വാധീനിച്ചത് ആ നാടും അവിടുത്തെ ജനങ്ങളും ആചാരങ്ങളുമാണ്. കുന്ദാപുരയില്‍ നിന്നും പഠിക്കാനായി ബെംഗളൂരുവിലേക്ക് എത്തുന്ന പ്രശാന്തിനെ നാടകം അഭിനയം എന്തെന്ന് പഠിപ്പിച്ചു. ഭാരതീയ നാട്യ ശിക്ഷണ സമിതിയിലെ പഠനം അയാളിലെ നടന് തെളിച്ചം നല്‍കി. ബി കോം പാസായതും അഭിനയ തിരങ്ക ഫിലിം സ്കൂളില്‍ ചേർന്നു. പകല്‍ സിനിമാ പഠനം, രാത്രി മിനറല്‍ വാട്ടർ ഡിസ്ട്രിബ്യൂട്ടേഷന്‍. അതിനിടെയാണ് എ.എം.ആർ. രമേശിന്റെ 'സൈനേഡ്' എന്ന ക്രൈം ഡ്രാമയില്‍ അസിസ്റ്റന്‍റ് ഡയറക്ടറാകാന്‍ അവസരം ലഭിക്കുന്നത്. അതും ലാസ്റ്റ് അസിസ്റ്റന്‍റ്. പക്ഷേ ഓടിച്ചാടി നില്‍ക്കുന്ന ആ പയ്യനെ നിർമാതാവ് ജാക്ക് മഞ്ജുനാഥ് ശ്രദ്ധിക്കുന്നു. മഞ്ജുനാഥിന്റെ ശുപാ‍‍ർശയിൽ പ്രശാന്ത്, 'ഗന്ധ ഹെൻഡതി' എന്ന രവി ശ്രീവസ്തിന്റെ സിനിമയിലെത്തുന്നു. ഇത്തവണ വേഷം ക്ലാപ്പ് ബോയിയുടേതാണ്. പ്രതിഫലം 50 രൂപയും. സെറ്റിലേക്കെത്താന്‍ പെട്രോളിന് തന്ന 100 രൂപ ചെലവാകും. അതിനു പുറമേ ആർക്കോ വേണ്ടി ചീത്തയും കേള്‍ക്കണം. പക്ഷേ സിനിമയോടുള്ള കൊതി അയാളെ അവിടെ ഉറപ്പിച്ചു നിർത്തി.

ഈ കാലയളവിൽ അഭിനയിക്കാൻ അവസരം തേടിയും അയാൾ കൊറേ അലയുന്നുണ്ട്. പല സിനിമയിലും നായകനാകാന്‍ ചാൻസും ലഭിച്ചു. പക്ഷേ അതൊന്നും അന്നൗൺസ്മെന്റിന് അപ്പുറം മുന്നോട്ട് പോയില്ല. ജീവിതം പച്ചതൊടാതെ നിന്നു. ഇതിനിടയില്‍ ബിസിനസ് വ്യാപിപ്പിക്കാന്‍ പ്രശാന്ത് തീരുമാനിച്ചു. മിനറല്‍ വാട്ടർ ഡിസ്ട്രിബ്യൂഷന് പുറമേ ഒരു ഹോട്ടലും തുടങ്ങി. കടം കയറി, നയാപൈസ കയ്യിലില്ല. ഒപ്പം സിനിമയ്ക്ക് പുറകേ പോയി കാശ് കളഞ്ഞില്ലേ എന്ന പഴിയും. കടം ചോദിക്കാനാണെന്ന് കരുതി അടുപ്പമുള്ളവർ പോലും ഫോണ്‍ എടുക്കാതെയായി.

തലയ്ക്ക് മുകളിൽ കടവും പലിശയ്ക്ക് മേല്‍ പലിശയുമായി നിൽക്കുമ്പോഴാണ് 'സയനേഡി'ൽ അഭിനയിച്ച ഉഷാ ഭണ്ഡാരിയുടെ സഹായത്തിൽ പ്രശാന്തിന് സീരിയലിൽ എപ്പിസോഡ് ഡയറക്ടറായി അവസരം ലഭിക്കുന്നത്. അത് അത്രവലിയ സന്തോഷം നൽകുന്ന ജോലി ആയിരുന്നില്ല. ആകെ സന്തോഷം എപ്പിസോഡ് ഒന്നിന് കിട്ടുന്ന 500 രൂപ മാത്രം. 2008ൽ അന്ധേരി വെസ്റ്റിലെ ഒരു പ്രൊഡക്ഷൻ ഹൗസിൽ ഓഫീസ് ബോയി ആയും പ്രശാന്ത് ജോലി നോക്കി. പ്രൊഡ്യൂസറിന്റെ ഡ്രൈവറായും ജോലി ചെയ്തു. ആ പ്രൊഡക്ഷൻ ഹൗസിനടുത്തുള്ള റോഡിൽ വടാ പാവ് കഴിച്ച് നിൽക്കുമ്പോൾ‌ മുന്നോട്ടുള്ള ജീവിതം അവന് മുന്നിൽ ഒരു ചോദ്യ ചിഹ്നമായിരുന്നു.

ഒരു നാൾ പ്രശാന്ത് തന്റെ അതുവരെയുള്ള ജീവിതത്തിന്റെ റീൽ ഒന്നു മനസിൽ ഓടിച്ചു. അഭിനയം പഠിച്ചു, നായകനാകാൻ ശ്രമിച്ചു, വെള്ളക്കുപ്പി വിറ്റു, ബിസിനസ് ചെയ്തു, ഹോട്ടലിൽ ജോലിയെടുത്തു, ഹോട്ടൽ തുടങ്ങി...എല്ലായിടത്തും പരാജയം. ഈ നിരാശയിൽ ഇരിക്കുമ്പോഴാണ് സുഹൃത്ത് പ്രസാദിന്റെ കയ്യിലെ ന്യൂമറോളജി പുസ്തകങ്ങൾ പ്രശാന്തിനെ ആക‍ർഷിക്കുന്നത്. ഈ പുസ്തകങ്ങൾ വായിച്ച അവൻ ആ ക്ലീഷേ തീരുമാനത്തിൽ എത്തി. പേര് മാറ്റാം! ജ്യോതിഷൻ കൂടിയായ അച്ഛന്റെ അടുത്തെത്തി സംസാരിച്ചു. എനിക്ക് സിനിമയിൽ സ്റ്റാറാകണം, അതിന് ഈ പേര് മാറ്റണം എന്ന് പറഞ്ഞു. എന്നാൽ, 'ആറി'ൽ തുടങ്ങുന്ന ഒരു പേര് ഇട്ടോളാൻ അച്ഛൻ. അവന്റെ മനസിലൂടെ രാജ് കുമാറിന്റെയും രജനി കാന്തിന്റെയും പേരുകൾ കടന്നുപോയി. പിന്നൊന്നും നോക്കിയില്ല ആറിൽ തുടങ്ങുന്ന ഒരു പേരങ്ങ് എടുത്തു.

കന്നഡ സംവിധായകൻ അരവിന്ദ് കൗശിക്കിനെയാണ് തന്റെ പുതുപ്പേര് പറഞ്ഞ് പ്രശാന്ത് ആദ്യമായി പരിചയപ്പെടുന്നത്. "ഋഷഭ്, ഋഷഭ് ഷെട്ടി. കുന്ദാപുരത്ത് നിന്നാണ്."

ലെഫ്റ്റിലേക്ക് പാൻ ചെയ്താൽ മറ്റൊരു യുവാവ്. പേര്, രക്ഷിത്, രക്ഷിത് ഷെട്ടി. ഇരുവരും സിനിമയിൽ ഭാ​ഗ്യപരീക്ഷണത്തിന് ഇറങ്ങിയവർ. വ‍ർഷങ്ങൾക്കിപ്പുറം കന്നഡ സിനിമയുടെ തലവര മാറ്റിയവ‍ർ.

2012ൽ ഇറങ്ങിയ 'തു​ഗ്ലക്കി'ലൂടെയാണ് ഋഷഭ് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. അയാളിൽ ഒരു ആക്ടർ ഉണ്ടെന്ന് പ്രേക്ഷക‍ർക്ക് തോന്നി. പക്ഷേ ആ നെരുപ്പ് എങ്ങനെ ഊതി തീ ആക്കണമെന്ന് കന്നഡ സിനിമാ ലോകത്തിന് അന്ന് അറിയില്ലായിരുന്നു. അപ്പോഴാണ് പവൻ കുമാറിന്റെ വരവ്. കന്നഡ സിനിമയിലെ നവ തരം​ഗത്തിന്റെ തുടക്കം പവൻ കുമാറിന്റെ 'ലൂസിയ'യിൽ നിന്നാണ്. ആ സിനിമയിൽ ഒരു പ്രധാന വേഷത്തിൽ ഋഷഭും ഉണ്ടായിരുന്നു. സിനിമാ പ്രേമികൾ കന്നഡ സിനിമയിലേക്ക് വീണ്ടും ശ്രദ്ധതിരിക്കാൻ 'ലൂസിയ' എന്ന സൈക്കോളജിക്കൽ ത്രില്ല‍ർ കാരണമായി. ആ ശ്രദ്ധ പിടിച്ചു നി‍ർത്തേണ്ടത് തങ്ങളുടെ കടമായാണെന്ന് ഋഷഭിനും രക്ഷിത്തിനും തോന്നിയിരിക്കണം. പിന്നീടുള്ള വ‍ർഷങ്ങൾ അതാണ് കാണിക്കുന്നത്. 2014ൽ മാൽപ്പെ എന്ന തീരദേശ ​ഗ്രാമത്തെ ചുറ്റിപ്പറ്റി റാഷമോൺ സ്റ്റൈലിൽ 'ഉളിദവരു കണ്ടാന്തെ' എന്ന സിനിമയുമായി രക്ഷിത് എത്തി. സംവിധായകന്റെയും നായകന്റെയും റോളിൽ രക്ഷിത്. പ്രധാന കഥാപാത്രങ്ങളിൽ ഒന്നായി ഋഷഭ്. ഈ സിനിമയിൽ നിരവധി ഫോക്ക് എലമെന്റുകൾ കാണാം. സ്റ്റോറിടെല്ലിങ്ങിൽ തീരദേശ ക‍ർണാടകയുടെ സാംസ്കാരിക ചിഹ്നങ്ങളും.

അടുത്തതായി വരുന്നത് രക്ഷിത്തിനെ നായകനാക്കി ഒരു ഋഷഭ് ഷെട്ടി ചിത്രമാണ്. 'റിക്കി'. സംവിധായകന്റെ കുപ്പായത്തിൽ എത്തിയ ആദ്യ ചിത്രം ഋഷഭിന് അക്ഷരാ‍ർഥത്തിൽ പരീക്ഷണമായിരുന്നു. ഒരു ഈവനിങ് ഷോ കിട്ടാന്‍ പ്രയാസപ്പെട്ട സമയം. കയ്യും കാലും പിടിച്ചാണ് 'റിക്കി'ക്ക് ആ പുതുമുഖ സംവിധായകൻ ഒരു ഈവനിങ് ഷോ തരപ്പെടുത്തുന്നത്. പക്ഷേ, അയാൾ തള‍ർന്നില്ല....

2016ൽ 'കിറിക്ക് പാ‍ർട്ടി' എന്ന റോം കോമുമായി എത്തി ഋഷഭ് കന്നഡ ബോക്സ്ഓഫീസിൽ സ്വന്തം പേര് എഴുതിച്ചേ‍ർത്തു. ഈ സിനിമയ്ക്ക് 2015ൽ ഇറങ്ങിയ 'പ്രേമ'വുമായി സാമ്യതകൾ ഏറെയാണ്. പക്ഷേ ഇത് 'പ്രേമ'മല്ല. ഉപേന്ദ്രയും നായകൻ രക്ഷിത്തും അവരുടെ കഥപറച്ചിൽ രീതിയും സിനിമയ്ക്ക് കന്നഡ ഫ്ലേവർ നൽകി. ഒരു വർഷം തികച്ച് മൾട്ടിപ്ലക്സുകളിൽ ഋഷഭിന്റെ 'കിറിക്ക് പാ‍ർട്ടി' ഓടി. കൊമേഷ്യൽ സിനിമാ ഇൻഡസ്ട്രി, മുൻനിരയിൽ തന്നെ ഒരു കസേര രക്ഷിത്തിനും ഋഷഭിനുമായി മാറ്റിയിട്ടു. പക്ഷേ, അവരുടെ സോറി പറഞ്ഞ് അവർ തനി വഴി തേടിപ്പോയി.

'കിറിക്ക് പാ‍ർട്ടി'യിൽ നിന്ന് നേരെ 'സ‍ർക്കാരി ഹി പ്ര. ഷാലെ കാസർ​ഗോഡ്, കൊടുഗെ: രാമണ്ണ റൈ' എന്ന ‍ഡ്രാമയിലേക്കായിരുന്നു ഋഷഭിന്റെ യാത്ര. കേരള അതി‍ർത്തിയിലുള്ള ഒരു കന്നഡ മീഡിയം സ്കൂൾ സർക്കാ‍ർ അടച്ചുപൂട്ടാൻ തീരുമാനിക്കുന്നതാണ് കഥാപശ്ചാത്തലം. ഈ സിനിമയുടെ എഴുത്തുകാരിൽ ഒരാളുടെ പേര് നിങ്ങൾക്ക് പരിചയം കാണും. രാജ് ബി ഷെട്ടി. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാ‍ർഡ് ആ വ‍ർഷം ഈ സിനിമയ്ക്കായിരുന്നു.

ഒരു സിനിമയിലെ ലീഡ് ആക്ടറായി റിഷഭ് എത്തുന്നത് 2019ലാണ്. 'ബെൽബോട്ടം'. പിന്നാലെ, ​'ഗരുഡ ​ഗമന റിഷഭ വാഹന' എന്ന മം​ഗളൂരു ബേസിഡ് ​ഗ്യാങ്സ്റ്റ‍ർ മൂവി. ശിവന്റെയും വിഷ്ണുവിന്റെയും ബ്രഹ്മാവിന്റെയും ഛായകളുള്ള കഥാപാത്രങ്ങൾ. സംവിധാനം രാജ് ബി ഷെട്ടി. ഇതിലെ ഋഷഭിന്റെ കഥാപാത്രത്തിന് വലിയ പ്രശംസ ലഭിച്ചു.

ഈ കഥ മറ്റൊരു തിരിവിലെത്തുന്നത് ഇവിടെയാണ്. അതെ, 'കാന്താര'യുടെ വരവ്. ഭൂതക്കോലവും ദ‍ർശനങ്ങളും നിറ‍‍ഞ്ഞ സിനിമ. തന്റെ ​ഗ്രാമത്തിലെ നിറംപിടിപ്പിച്ച മിത്തുകളെ ഋഷഭ് എന്ന സംവിധായകൻ തിരയിലേക്കെത്തിച്ചു. കെജിഎഫ് മാത്രമല്ല കന്നഡ പടം എന്ന സ്റ്റേറ്റ്മെന്റ് കൂടിയായിരുന്നു കാന്താര. മിത്തിനൊപ്പം അടിസ്ഥാന വ‍​ർ​ഗത്തിന്റെ ഭൂവുടമസ്ഥതയുടെ രാഷ്ട്രീയവും സിനിമ സംസാരിച്ചു. ഈ ചിത്രം ഏറ്റെടുക്കാൻ നിരവധി പേരുണ്ടായിരുന്നു. ഋഷഭിനെ കൊണ്ടാടിയവ‍ർ മിത്തിനെ സ്വീകരിച്ചപ്പോൾ അയാൾ സംസാരിച്ച അടിസ്ഥാന വ‍​ർ​ഗ രാഷ്ട്രീയം തമസ്കരിച്ചു.

'കാന്താര'യുടെ രണ്ടാം ഭാ​ഗം എത്തുമ്പോൾ ഋഷഭ് ഒരു കന്നഡ സംവിധായകനോ നടനോ മാത്രല്ല. അയാൾ പാൻ ഇന്ത്യൻ മുഖമാണ്. അയാളുടെ സിനിമകൾ ഡിവൈൻ ബ്ലോക്ക് ബസ്റ്ററുകളാണ്. അങ്ങനെ തന്നെയാണ് അത് പ്രചരിപ്പിക്കുന്നതും. എന്നാൽ ആ ദിവ്യത്വം മനുഷ്യ നി‍ർമിതമാണ്. സിനിമയ്ക്ക് അകത്തും പുറത്തും. വെള്ള ബോട്ടിൽ വിറ്റും, ഹോട്ടലിൽ ജോലി ചെയ്തും, ബിസിനസുകൾ ചെയ്ത് പാളിയും, ഡ്രൈവറായും, ക്യാപ് ബോയി ആയും ഒടുവിൽ സംവിധായകനും നടനുമായി മാറിയ ഋഷഭ് ഒരു മിത്തിക്കൽ ക്യാരക്ടറല്ല. അയാളെപ്പോലെ അനേകർ നമുക്കിടയിലുണ്ട്.

ദാ, ഈ തെരുവിൽ സിനിമ എന്ന സ്വപ്നം, ഉറക്കം കെടുത്തിയവർ. അവരുടെ പേര് നമുക്ക് അറിയില്ല. അവരുടെ മുഖം നമുക്ക് പരിചിതമല്ല. ഒരു നാൾ, ഒരു നാൾ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ആ കഥപറച്ചിലുകാ‍ർ നമ്മളെ തേടിവരും. ഋഷഭിനെ പോലെ... അല്ല..അതിനും മുകളിൽ!

SCROLL FOR NEXT