നടന്‍ ജോജു ജോര്‍ജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. 'ചുരുളി' സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് നല്‍കിയ പ്രതിഫലത്തിന്റെ രസീത് അടക്കം പങ്കുവെച്ച പോസ്റ്റാണ് ലിജോ പിന്‍വലിച്ചത്.
ചുരുളിയിലെ തെറി പറയുന്ന ഭാഗം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചത് തന്നോട് പറയാതെയാണെന്നായിരുന്നു ജോജു ജോര്‍ജ് നേരത്തെ അഭിമുഖത്തില്‍ പറഞ്ഞത്. തെറി പറയുന്ന ഭാഗം അവാര്‍ഡിനേ അയക്കൂ എന്നും തെറിയില്ലാത്ത വേര്‍ഷനായിരിക്കും തിയേറ്ററില്‍ നല്‍കുക എന്നുമാണ് കരുതിയതെന്നും ജോജു പറഞ്ഞു. ആ ചിത്രത്തില്‍ അഭിനയിച്ചതിന്റെ പ്രതിഫലം പോലും ഇതുവരെ തന്നില്ലെന്നും ജോജു ജോര്‍ജ് പറഞ്ഞിരുന്നു.
അതിന് പിന്നാലെയാണ് ജോജുവിനുള്ള മറുപടിയായി ലിജോ ജോസ് പെല്ലിശേരി ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. "സുഹൃത്തുക്കളായ നിർമാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം. എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള ഹൈകോടതി വിധിയുണ്ട്. സിനിമ ചിത്രീകരണ വേളയില്‍ ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓര്‍മയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കന്‍ ചേട്ടന്‍ എന്ന കഥാപാത്രം", എന്നാണ് ലിജോ ഫേസ്ബുക്കില്‍ കുറിച്ചത്.
മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന് കൊടുത്ത ശമ്പളത്തിന്റെ വിവരവും ലിജോ ജോസ് പെല്ലിശേരി ഫേസ്ബുക്ക് കുറിപ്പിനൊപ്പം പങ്കുവെച്ചിരുന്നു. പ്രൊഡക്ഷന്‍ കമ്പനിയായ ചെമ്പോസ്‌കി മോഷന്‍ പിക്ചേഴ്സ് ജോജുവിന് 5,90,000 രൂപ നല്‍കിയതിന്റെ രശീതാണ് പോസ്റ്റിനൊപ്പം പങ്കുവെച്ചത്. ഈ പോസ്റ്റാണിപ്പോള്‍ സംവിധായകന്‍ പിന്‍വലിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ സിനിമയുടെ കരാര്‍ പുറത്തുവിടാന്‍ ജോജു ലിജോയെ വെല്ലുവിളിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് വന്നതിന് പിന്നാലെ ജോജു നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു നടന്‍ ഇക്കാര്യം പറഞ്ഞത്. "ഇപ്പോള്‍ പുറത്തുവിട്ട തുണ്ട് കടലാസ് മാത്രമല്ല ചുരുളി സിനിമയുടെ എഗ്രിമെന്റും പുറത്തുവിടണം. ചുരുളിയുടെ പേരില്‍ ഞാനും കുടുംബവും അനുഭവിച്ചു. ലിജോ എന്റെ ശത്രുവല്ല", എന്നാണ് ജോജു ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞത്.